ഫോമാ ഗ്രേറ്റ് ലേക്സ് റീജണല്‍ കണ്‍വന്‍ഷനും യൂത്ത് ഫെസ്റിവലും മിഷിഗണില്‍
Friday, March 7, 2014 5:26 AM IST
ഡിട്രോയ്റ്റ്: ചരിത്രത്തിലാദ്യമായി ഫോമാ ഗ്രേറ്റ് ലേക്സ് റീജിയണിലെ നാലംഗ സംഘടനകളും ഒത്തൊരുമിച്ചു ഫോമാ എന്ന വടക്കേ അമേരിക്കയിലെ സംഘടനകളുടെ സംഘടനയുടെ കുടക്കീഴില്‍ യുവജനോത്സവവും റീജണല്‍ കണ്‍വന്‍ഷനും വാറന്‍, മിഷിഗണില്‍ നടത്തുന്നു. കേരള ക്ളബ്, ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്‍, മിഷിഗണ്‍ മലയാളി അസോസിയേഷന്‍, മിനസോട്ട മലയാളി അസോസിയേഷന്‍ എന്നീ നാല് അസോസിയേഷനുകളാണ് ഗ്രേറ്റ് ലേക്സ് റീജിയണില്‍ ഉള്ളത്. അമേരിക്കയിലെ തണുത്തു മഞ്ഞുറഞ്ഞു കിടക്കുന്ന മിഷിഗണില്‍ ആവേശത്തിന്റെ തീ പന്തവുമായി വിവിധ വേദികളില്‍ കുരുന്നുകള്‍ മാറ്റുരയ്ക്കുന്നു.

ഏകദേശം 70 ഓളം കുട്ടികള്‍ 22 ഓളം പരിപാടികളിലായി മത്സരിക്കുന്നു. സബ് ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. സോളോ സോംഗ്, ഭരതനാട്യം, ഫോക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് (ക്ളാസിക്കല്‍/നോണ്‍ ക്ളാസിക്കല്‍), പ്രസംഗ മത്സരം (മലയാളം/ ഇംഗ്ളീഷ്), പദ്യപാരായണം (മലയാളം/ഇംഗ്ളീഷ്), പ്രച്ഛന്ന വേഷ മത്സരം, ചിത്ര രചന, സ്പെല്ലിംഗ് ബീ എന്നിവയാണ് മത്സര ഇനങ്ങള്‍.

റീജണല്‍ വൈസ് പ്രസിഡന്റ് രാജേഷ് നായരുടെ നേതൃത്ത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി ഇപ്പോള്‍ അവസാനഘട്ട മിനുക്ക് പണിയിലാണ്. ആര്‍വിപിയോടൊപ്പം ഫോമായിലെ ഏറ്റവും സീനിയറായ മാത്യു ചെരുവില്‍, ആകാശ് ഏബ്രഹാം, വിനോദ് കൊണ്ടൂര്‍ ഡേവിഡ്, സുഭാഷ് രാമചന്ദ്രന്‍, രാജേഷ് കുട്ടി, ഡയസ് തോമസ്, ഷോളി നായര്‍, മഞ്ജു ആകാശ്, ഷോണ്‍ കര്‍ത്തനാള്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു വരുന്നു. ശക്തമായ ഒരു നേതൃത്വ നിരയാണ് ഫോമാ ഇവിടെ അവതരിപ്പിക്കുന്നത്.

രാവിലെ എട്ടിന് രജിസ്ട്രേഷന്‍ ആരംഭിക്കും. ഒമ്പതിന് പരിപാടികള്‍ തുടങ്ങുന്നതായിരിക്കും. പരിപാടികളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കോ അവരുടെ രക്ഷിതാക്കള്‍ക്കോ ഏതു സമയത്തും സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്. ഈ യുവജനോത്സവത്തില്‍ എ ഗ്രേഡോടെ വിജയിക്കുന്ന കുട്ടികള്‍ക്ക് 2014 ജൂണ്‍ 26 മുതല്‍ പെന്‍സില്‍വേനിയയിലെ വാലിഫോര്‍ജില്‍ വച്ചു നടക്കുന്ന കണ്‍വന്‍ഷനില്‍ നാഷണല്‍ ലെവലില്‍ മത്സരിക്കാന്‍ അവസരമുണ്ടാകും എന്ന പ്രത്യേകതയും ഉണ്ട്.

മറ്റൊരു പ്രത്യേകത കേരള തട്ടുകടയാണ്. ലാല്‍ തോമസ് (കാപ്പിലാന്‍) നടത്തുന്ന ഈനാടന്‍ കാപ്പിക്കടയില്‍, ചായ, മുറുക്ക്, പക്കാവട, വെട്ടു കേക്ക്, ഉഴുന്ന് വട, ദോശ, സാമ്പാര്‍, ചട്ണി, ഫിഷ് ചിപ്പ്സ്, തന്തൂരി ചിക്കന്‍ തുടങ്ങിയ നാടന്‍ വിഭവങ്ങളാണ് അണിനിരത്തുന്നത്.

ഈ കലാ മാമാങ്കം ഒരു വന്‍ വിജയമാക്കാന്‍ മിഷിഗണിലെയും മിനസോട്ടയിലെയും എല്ലാ മലയാളികളുടെയും സഹകരണം സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജേഷ് നായര്‍ 2483465135, മാത്യു ചെരുവില്‍ 5862066164,രാജേഷ് കുട്ടി 313529 8852, വിനോദ് കൊണ്ടൂര്‍ 3132084952, ഡയസ് തോമസ് 2484702200, അലന്‍ ജോണ്‍ 3139993365.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ