മലയാളി വിദ്യാര്‍ഥിയെ ഫ്ളോറിഡയില്‍ കാണാതായി
Wednesday, March 5, 2014 3:49 AM IST
ആല്‍ബനി (ന്യൂയോര്‍ക്ക്): ടെക്സാസിലെ റൈസ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയും ആല്‍ബനി നിവാസിയുമായ റെനി ജോസിനെ (21) ഫ്ളോറിഡയിലെ പനാമ സിറ്റി ബീച്ചില്‍ നിന്ന് കാണാതായി.

മാര്‍ച്ച് ഒന്നിന് ശനിയാഴ്ച യൂണിവേഴ്സിറ്റിയിലെ സഹപാഠികളും സുഹൃത്തുക്കളുമടങ്ങുന്ന 15 അംഗ സംഘത്തോടൊപ്പം സ്പ്രിംഗ് ബ്രേക്ക് ആഘോഷിക്കാന്‍ ഫ്ളോറിഡയിലേക്ക് ഉല്ലാസയാത്ര പോയതായിരുന്നു റെനി. മാര്‍ച്ച് മൂന്നിന് വൈകീട്ട് ഏഴിന് താമസസ്ഥലത്തുനിന്നും പുറത്തേക്കു പോയ റെനിയെ പിന്നീട് കണ്ടിട്ടില്ല എന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായി ബേ കൌണ്ടി ഷെറീഫിന്റെ ഓഫീസ് അറിയിച്ചു. മാര്‍ച്ച് നാലിന് രാവിലെ 11:30നാണ് റെനിയെ കാണാതായ വിവരം ഷെറീഫ് ഓഫീസില്‍ അറിയിച്ചത്.

ബേ കൌണ്ടി ഷെറീഫ് ഓഫീസിന്റെ ഹെലിക്കോപ്ടര്‍ പ്രദേശമാകെ നിരീക്ഷണം നടത്തുന്നുണ്ട്. ഫ്രണ്ട് ബീച്ച് റോഡിലെ 21000 ബ്ളോക്കിലാണ് റെനിയും സുഹൃത്തുക്കളും താമസിച്ച വീട്. റെനിയുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഗാര്‍ബേജ് നിക്ഷേപിക്കുന്ന സ്ഥലത്തുനിന്നും കണ്ടുകിട്ടിയതായി ഷെറീഫ് ഓഫീസ് അറിയിച്ചു.

റെനിക്കുവേണ്ടി ഊര്‍ജിതമായ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. ഈ യുവാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബേ കൌണ്ടി ഷറീഫ് ഓഫീസുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു. ഫോണ്‍: 747 4700, ക്രൈം സ്റ്റോപ്പേഴ്സ് 785ഠകജട

ആല്‍ബനിയിലെ സ്ഥിരതാമസക്കാരായ ജോസ് ജോര്‍ജിന്റേയും ഷെര്‍ലി ജോസിന്റേയും ഏക പുത്രനാണ് റെനി. സഹോദരി: രേഷ്മ. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ജോര്‍ജ് 518 785 0926.

ലോംഗ് ഐലന്‍ഡിലെ സയോസെറ്റില്‍ നിന്നു ഫെബ്രുവരി 24 മുതല്‍ കാണാതായ മലയാളിയായ ജാസ്മിന്‍ ജോസഫിനു (22) വേണ്ടിയുള്ള അന്വേഷണം തുടരുന്നതിനിടെയാണ് മറ്റൊരു മലയാളി വിദ്യാര്‍ഥിയെ കൂടി കാണാതായിരിക്കുന്നത്. ന്യൂയോര്‍ക്ക് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (വെസ്റ് ബറി) നഴ്സിംഗ് വിദ്യാര്‍ഥിനിയായിരുന്നു ജാസ്മിന്‍.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ