കണ്‍വന്‍ഷനിലൂടെ ക്നാനായ കൂട്ടായ്മ ഊട്ടിവളര്‍ത്തുക: മാര്‍ കുര്യാക്കോസ് കുന്നശ്ശേരി
Wednesday, March 5, 2014 3:47 AM IST
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ മുഴുവന്‍ ക്നാനായ മക്കളുടെയും കൂട്ടായ്മയും സൌഹൃദവും പുതുക്കുവാന്‍ ഏറ്റവും ഫലപ്രദവും വിജയകരവുമായ മാര്‍ഗ്ഗമാണ് ക്നാനായ കണ്‍വന്‍ഷനെന്നും ക്നാനായ കണ്‍വന്‍ഷനുകളില്‍ മുഴുവന്‍ ക്നാനായ മക്കളും പങ്കെടുത്ത് ഇത് വിജയിപ്പിക്കുക വഴി ക്നാനായ സമുദായത്തിന്റെ കൂട്ടായ്മയാണ് വിജയിക്കുന്നതെന്ന് അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെത്രാപ്പോലീത്ത പ്രസ്താവിച്ചു.

ഷിക്കാഗോ മക്കോര്‍മിക് കണവന്‍ഷന്‍ സെന്റില്‍ വച്ച് ജൂലൈ ആദ്യവാരം നടക്കുന്ന ക്നാനായ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറം ക്നാനായ സമുദായത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയെ ആദരപൂര്‍വ്വം ക്ഷണിക്കുകയുണ്ടായി. വടക്കേ അമേരിക്കയില്‍ എല്ലാ രണ്ടുവര്‍ഷം കൂടുമ്പോഴും നടക്കുന്ന ക്നാനായ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് വടക്കേ അമേരിക്കയിലെ ക്നാനായ മക്കളുടെ സന്തോഷത്തില്‍ പങ്കെടുത്തിരുന്നത് തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത സംഭവങ്ങളാണെന്ന് പിതാവ് പറഞ്ഞു. തനിക്ക് യാത്ര ചെയ്യുവാന്‍ പറ്റുമായിരുന്ന കാലമത്രയും ക്നാനായ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ പ്രത്യേകം ശ്രദ്ധ കൊടുത്തിരുന്നത് പിതാവ് പറയുകയുണ്ടായി.

കേരളത്തില്‍നിന്നും അമേരിക്ക വരെ യാത്ര ആരോഗ്യം അനുവദിക്കുന്നില്ലെന്നും എങ്കിലും പിതാവിന്റെ മനസും പ്രാര്‍ത്ഥനയും ക്നാനായ കണ്‍വന്‍ഷനുവേണ്ടി എന്നും എപ്പോഴും ഉണ്ടായിരിക്കുമെന്നും പിതാവ് കെ.സി.സി.എന്‍.എ. പ്രസിഡന്റിനോട് പറഞ്ഞു. ഈ വര്‍ഷത്തെ ക്നാനായ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ക്നാനായ മക്കളുടെ വന്‍ പങ്കാളിത്തമാണെന്നും രജിസ്ട്രേഷന്‍ ഉദ്ദേശിക്കുന്ന സമയത്തിനുമുമ്പ് തന്നെ പൂര്‍ത്തീകരിക്കേണ്ടിവരുമെന്നും പ്രസിഡന്റ് പിതാവിനെ അറിയിച്ചു. വളരെ അഭിമാനത്തോടെ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ക്നാനായ സമുദായത്തിന്റെ മുഖമുദ്രയായ തനിമയും പാരമ്പര്യവും കൂട്ടായ്മയും ഊട്ടിവളര്‍ത്തുവാന്‍ മുഴുവന്‍ ക്നാനായ മക്കളും കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ അഭിവന്ദ്യ പിതാവ് ആഹ്വാനം ചെയ്യുകയും കണ്‍വന്‍ഷന് എല്ലാ വിജയാശംസകളും നേരുകയും ചെയ്തു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍