വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി നാട്ടില്‍പോയ പ്രവാസിക്ക് നവോദയ രണ്ടു ലക്ഷം രൂപ കൈമാറും
Tuesday, March 4, 2014 7:59 AM IST
റിയാദ്: ഷിഫയില്‍ ഫര്‍ണിച്ചര്‍ തൊഴിലാളിയും തിരുവനന്തപുരം, വര്‍ക്കല - മേലേവെട്ടൂര്‍ സരോജ വിലാസത്തില്‍ കെ.അനില്‍ കുമാര്‍ 3566 വൃക്കരോഗം ബാധിച്ച് ജീവിതവുമായി മല്ലിടുന്ന വാര്‍ത്ത രണ്ടാഴ്ച്ച മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അനിലിന്റെ ചികിത്സക്ക് തുക കണ്െടത്തുന്നതിന് നവോദയയുടെ മേല്‍നോട്ടത്തിലുള്ള ജനകീയ കമ്മിറ്റിയുടെ പ്രവര്‍ത്തന ഫലമായി സ്വരൂപിച്ച രണ്ടു ലക്ഷം രൂപ ആദ്യഘട്ട സഹായമെന്ന നിലയില്‍ കുടുംബത്തിന് കൈമാറും. കഴിഞ്ഞ ദിവസം റിയാദില്‍ നടന്ന ചടങ്ങില്‍ ജനകീയ കമ്മിറ്റി കണ്‍വീനര്‍ രവീന്ദ്രന്‍ നവോദയ കേന്ദ്ര കമ്മിറ്റി അംഗം ബാബുജിക്ക് തുക കൈമാറി. ചികിത്സാ സഹായ ജനകീയ കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. നാട്ടിലുള്ള നവോദയ മുന്‍ പ്രവര്‍ത്തകന്‍ ഫിറോസ് വഴി തുക കുടുംബത്തിന് എത്തിക്കുന്നതാണ്.

ഒമ്പതു ലക്ഷത്തിലധികം തുക ചെലവ് പ്രതീക്ഷിക്കുന്ന ശസ്ത്രക്രിയയ്ക്കായി ആറു ലക്ഷം രൂപയെങ്കിലും ഒരു മാസത്തിനുള്ളില്‍ റിയാദ് നവോദയ നല്‍കുമെന്ന് സെക്രട്ടറി ഉദയഭാനു അറിയിച്ചു.

ശിഫയില്‍ ജോലിയിലായിരിക്കെ ശരീരമാകെ നീരുവന്ന് വീര്‍ക്കാന്‍ തുടങ്ങിയതോടെയാണ് ബത്തയിലെ സ്വകാര്യ ക്ളീനിക്കിനെ സമീപച്ചതും വൃക്കരോഗമാണന്ന് കണ്െടത്തിയതും. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശാനുസരണം തൊട്ടടുത്ത ദിവസം തന്നെ തിരുവനന്തപുരത്തെത്തിച്ച് ഒരു സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഇരുവൃക്കകളേയും ഗുരുതരമായി അസുഖം ബാധിച്ചെന്നും നാലുവര്‍ഷത്തെ കാലപഴക്കം ഉണ്െടന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ ചികിത്സക്കായി എറണാകുളം സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അനില്‍ കുമാറിന്റെ സഹോദരി വൃക്ക നല്‍കാന്‍ തയാറാണെങ്കിലും ഡയാലിസിസിനും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്ര ക്രിയയ്ക്കും കൂടി വേണ്ടി വരുന്ന ഒമ്പതു ലക്ഷത്തോളം രൂപ എങ്ങനെ കണ്െടത്തുമെന്ന് അറിയാതെ കുഴയുകയാണ് ഈ പ്രവാസി കുടുംബം.

റിയാദ് ഷിഫയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ഷോപ്പില്‍ ജോലിക്കാരനായിരുന്നു അനില്‍കുമാര്‍. സ്വന്തമായി വര്‍ക്ക്ഷോപ്പ് ഉണ്ടായിരുന്നെങ്കിലും അത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീപിടിത്തത്തില്‍ കത്തി നശിച്ചുപോയിരുന്നു. നിര്‍ധന കുടുംബാംഗമായ അനില്‍ കുമാറിന്റെ സംരക്ഷണയിലാണ് വൃദ്ധയായ മാതാവും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം.

അനില്‍ കുമാറിന്റെ ചികിത്സക്കായി റിയാദ് നവോദയയുടെ മേല്‍നോട്ടത്തില്‍ രൂപം നല്‍കിയ ജനകീയ കമ്മിറ്റി പ്രവര്‍ത്തനം തുടരുകയാണ്.

സഹായിക്കാന്‍ താത്പര്യമുള്ളവര്‍ രവീന്ദ്രന്‍ 316689723756, ഇബ്രാഹിം 316674117866 എന്നിവരെ ബന്ധപ്പെടുക.