ചത്ത നിലയില്‍ കരയ്ക്കടിഞ്ഞ നീലത്തിമിംഗലത്തിനെ സംരക്ഷിക്കുമെന്ന് കെഇപിഎസ് ഡയറക്ടര്‍ വിജ്ദാന്‍ അല്‍ ഇക്കാബ്
Tuesday, March 4, 2014 4:52 AM IST
കുവൈറ്റ്: ഫൈലക്ക ദ്വീപില്‍ ചത്ത നിലയില്‍ കരയ്ക്കടിഞ്ഞ ഭീമാകാരമായ നീലത്തിമിംഗലത്തിനെ സംരക്ഷിക്കുവാന്‍ കുവൈറ്റ് ഒരുങ്ങുന്നു. കുവൈറ്റ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ (കെഇപിഎസ്) നേതൃത്വത്തിലാണ് നടപടികള്‍ പുരോഗിമിക്കുന്നത്.

ഭാവി തലമുറക്കും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഉപകരിക്കുന്ന രീതിയില്‍ സാല്‍മിയയിലെ സയന്‍സ് മ്യൂസിയത്തില്‍ 20 മീറ്റര്‍ നീളവും 30 ടണ്‍ ഭാരവുമുള്ള നീലത്തിമിംഗലത്തെ സൂക്ഷിക്കുമെന്ന് കെഇപിഎസ് ഡയറക്ടര്‍ വിജ്ദാന്‍ അല്‍ ഇക്കാബ് അറിയിച്ചു.

അബുല്‍ ഹസാനിയ ബീച്ചിലും ജെലൈല ബീച്ചിലും തിമിംഗലം അടിഞ്ഞെങ്കിലും ഫൈലക്ക ദ്വീപില്‍ കണ്ടതിനേക്കാള്‍ ചെറുതായിരുന്നു. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ നിന്നും വഴി തെറ്റി വന്നതായിരിക്കാം നീലത്തിമിംഗലമെന്നും മരണകാരണം വ്യക്തമായിട്ടില്ലെന്നും വിജ്ദാന്‍ അല്‍ ഇക്കാബ് പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍