വിഭൂതിത്തിങ്കളിലെ കുരിശുവരപ്പെരുന്നാള്‍ ഫിലഡല്‍ഫിയയില്‍ ഉപവാസാനുഭൂതിയായി
Tuesday, March 4, 2014 3:33 AM IST
ഫിലഡല്‍ഫിയ: വിഭൂതിത്തിങ്കള്‍ ദിനത്തില്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഇടവകയില്‍ കുരിശുവരപ്പെരുന്നാള്‍ ഉപവാസപൂര്‍വം ആചരിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഓശാനത്തിരുനാളിലെ കുരുത്തോലച്ചീന്ത് കത്തിച്ചുണ്ടാക്കിയ ചാരം; ഹനാന്‍ വെള്ളത്തില്‍ ചാലിച്ച്; ദിവ്യ ബലിയിലെ മുഖ്യ കാര്‍മ്മികരായ വൈദികര്‍ ഓരോ വിശ്വാസിയുടെയും തിരുനെറ്റിത്തടത്തില്‍ കുരിശു വരച്ചു. പ്രശസ്ത ഭക്തിഗാനശുശ്രൂഷാവൈദികനും ഫിലഡല്‍ഫിയാ സീറോ മലബാര്‍ പള്ളി വികാരിയുമായ ഫാ. ജോണി ജോര്‍ജ് പുലിശ്ശേരിയും, തപസു ധ്യാനഗുരു ഫാ. ജോസ് കണ്ടത്തിപ്പറമ്പിലും പരസ്പരം കുരിശു വരച്ചു നല്‍കിയാണ് വിഭൂതിത്തിങ്കള്‍ തിരുനാളിലെ ഉപവാസ ഭക്തിക്ക് മാതൃകാഭാവം പകര്‍ന്നത്.  ദിവ്യബലിയിലും കുരിശുവരപെരുന്നാളിലും കുട്ടികളും യുവാക്കളും മാതാപിതാക്കള്‍ക്കൊപ്പം ആത്മീയ നിറവു സ്ഫുരിക്കുന്ന ഭവ്യതയോടെ പങ്കെടുത്തത് ഭാവിയുടെ വെളിച്ചമായി.

തപസ്- ധ്യാനഗുരു ഫാ. ജോസ് കണ്ടത്തിപ്പറമ്പിലും ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഇടവക വികാരി ഫാ. ജോണി ജോര്‍ജ് പുലിശ്ശേരിയും ബൈബിള്‍ വചന സന്ദേശം നല്കി. സന്ദേശ സംക്ഷിപ്തം: 'നിനവേയിലെ ജനതയുടെ മ്ളേഛതകള്‍ക്കെതിരെ ഈശ്വര കോപം ഉയര്‍ന്നു. നിനവേ ജനതയെ മാനസ്സാന്തരത്തിന് ആഹ്വാനം ചെയ്യുന്നതിന് ദൈവം ഭരമേല്പ്പിച്ച ചുമതലയില്‍ നിന്ന് ഒഴികഴിവു പറഞ്ഞു വഴിമാറിയ യൌനാന്‍ പ്രവാചകന്; കപ്പല്‍ സഹയാത്രികരില്‍ നിന്ന് തിക്താനുഭവം പിണഞ്ഞു. പിന്നീട്; യൌനാന്‍ പ്രവാചകനും നിനവേ ജനതകളും; പശ്ച്ചാത്താപവും അനുതാപവും ഉപവാസ്സവും പ്രാര്‍ത്ഥനയും അനുഷ്ഠിച്ച്; ദുരിത മോചനം ആര്‍ജിച്ചു. ഈ ദൃഷ്ടാന്തത്തില്‍ വ്യക്തമാക്കുന്നതു പോലെ ദൈവപദ്ധതികള്‍ക്ക് അനുസരണാപൂര്‍വം വിട്ടുകൊടുക്കുന്ന ഒ ചെറു യാത്ര മാത്രമാണ് ഈ ഭൂമിയിലെ ഓരോ മനുഷ്യ ജീവിതവും എന്ന് ഓര്‍മ്മിപ്പിക്കുകയാണ് അമ്പതു നോമ്പുകാലം. തിരുത്തലുകള്‍ക്കും അനുരഞ്ജനത്തിനുമുള്ള കാലമാണിത്.  അമേരിക്കയില്‍ വളരുന്ന വരുംതലമുറ പ്രായപൂര്‍ത്തിയാകുമ്പോള്‍ അവരവരുടെ ഇണയായി വിവാഹത്തിന് ആണ് ആണിനെയും പെണ്ണ് പെണ്ണിനെയും കണ്െടത്തിയാലുണ്ടാകാവുന്ന ദുരിതം തടയുവാന്‍; മാതാപിതാക്കള്‍ തിരുസഭ പഠിപ്പിക്കുന്നതുപോലെകുഞ്ഞുങ്ങളെ ചേര്‍ത്തു നിര്‍ത്തി; മാതൃകാപരമായ ഭകതാനുഷ്ഠാനങ്ങളും അനുതാപവും പ്രാര്‍ത്ഥനയും അനുഷ്ഠിക്കേണ്ടതുണ്ട്. വലിയ നോമ്പുകാലം അതിനുള്ള അവസരം കൂടിയാണ്.'

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍