ന്യുജഴ്സിയില്‍ 'ഉല്ലാസ തിരമാല' മേയ് നാലിന്
Monday, March 3, 2014 8:15 AM IST
ക്ളിഫ്ടണ്‍ (ന്യുജഴ്സി): മഞ്ഞും കാറ്റും തിരകളായ് തിരമാലകളിലൂടെ അമേരിക്കന്‍ വന്‍കരയെ വിട്ടകന്ന് പോയി മാനം തെളിഞ്ഞ് വരുന്ന അന്തരീക്ഷത്തില്‍, വെളളിത്തിരയെ സമ്പന്നമാക്കി മലയാളി മനസുകളെ കീഴടക്കിയ താരങ്ങള്‍ ഉല്ലാസത്തിന്റെ പൂത്തിരികളുമായി കടലുകള്‍ക്കിപ്പുറത്ത് എത്തുകയായി.

സ്റ്റേജ് ഷോകളുടെ മര്‍മ്മം അറിഞ്ഞ സംവിധായകന്‍ ജി. എസ്. വിജയന്റെ നേതൃത്വത്തിലുളള 17 അംഗ ടീമെത്തുമ്പോള്‍ ന്യുജഴ്സിയിലെ ക്ളിഫ്ടണ്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയമൊരുക്കി കാത്തിരിക്കുകയാണ് ക്ളിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ വികാരിയും ഇടവകാംഗങ്ങളും.

മേയ് നാലിന് (ഞായര്‍) വൈകുന്നേരം അഞ്ചിന് നടക്കുന്ന ഉല്ലാസതിരമാലയുടെ ടിക്കറ്റ് ലോഞ്ചിംഗ് സെറിമണി മാര്‍ച്ച് രണ്ടിന് (ഞായര്‍( പളളിയില്‍ നടന്നു. ഇടവക വികാരി ഫാ. ഷിനോജ് തോമസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഭദ്രാസന നേതാവും പൊതുകാര്യ പ്രസക്തനും മലയാളി ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റുമായ റോയി എണ്ണച്ചേരി ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളായ അജിത് വട്ടശേരില്‍ ഷാജി വര്‍ഗീസ്, ഭദ്രാസന മീഡിയ കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് തുമ്പയില്‍, വേള്‍ഡ് മലയാളി കൌണ്‍സില്‍ നേതാവ് അലക്സ് കോശി വിളനിലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ ജയ്സണ്‍ ജേക്കബ്, വര്‍ഗീസ് മത്തായി (റോയി), ഡോ. നീനാ ഫിലിപ്പ് എന്നിവര്‍ പവര്‍ പോയിന്റിന്റെ അകമ്പടിയോടെ പ്രോഗ്രാമിന്റെ വിശദമായ വിവരങ്ങള്‍ പ്രതിപാദിച്ചു. ഇടവക ട്രസ്റ്റി സാമുവല്‍ മത്തായി നന്ദി പ്രകാശിപ്പിച്ചു.

ഇടവകയുടെ ക്രമാനുഗതമായ വളര്‍ച്ചയ്ക്ക് അനുസരിച്ച് പളളിക്കെട്ടിടം പുനര്‍നിര്‍മാണത്തിന്റെ ധനസമാഹരണത്തിനായാണ് ഒരു സ്റ്റോജ് പ്രോഗ്രാം നടത്തണം എന്ന ആശയം രൂപപ്പെട്ടത്. മനോഹരമായ ഒരു ദേവാലയം എന്ന ഇടവകാംഗങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനുളള ആദ്യപടിയെന്ന നിലയിലാണ് ഉല്ലാസതിരമാലയുടെ സംഘാടകരുമായി ഇടവക കമ്മിറ്റി ഇടപെട്ടത്.

മലയാള സിനിമാ ചാനല്‍ രംഗത്തുളള പ്രശസ്തരും പ്രഗത്ഭരുമാണ് ഉല്ലാസ തിരമാലയുമായി രംഗത്ത് എത്തുന്നത്. ഗായകനും സംവിധായകനും തികഞ്ഞ കലാകാരനുമായ വിനീത് ശ്രീനിവാസന്‍, വെളളിത്തിരയിലെ, മിന്നുംതാരം റഹ്മാന്‍, വെറുതെയല്ല ഭാര്യയുടെ ആങ്കറും പ്രശസ്ത നടിയുമായ ശ്വേതാ മേനോന്‍, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍, മികച്ച ഗായരായ സചിന്‍ വാര്യര്‍, സയനോര, ക്ളാസിക്കല്‍, സിനിമാറ്റിക് നൃത്തച്ചുവടുകളുമായി മണിക്കുട്ടന്‍, വിഷ്ണുപ്രിയ, രചന, കവിതാ നായര്‍, കോമഡി രംഗത്ത് നിന്ന് ടീം റോമന്‍സിന്റെ (മഴവില്‍ മനോരമ ഫെയിം) കലാഭവന്‍ ജോബി, ശിവദാസ് മട്ടന്നൂര്‍, കലാഭവന്‍ രാഗേഷ്, കലാഭവന്‍ ബിജു എന്നിവര്‍ക്കൊപ്പം കോറിയോഗ്രാഫര്‍മാരായ ബിജു സേവ്യര്‍, ഡോ. നീനാ ഫിലിപ്പ് എന്നിവരും ഉല്ലാസതിരമാലയിലെ താരങ്ങളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജെയ്സണ്‍ ജേക്കബ് : 848 248 5275, വര്‍ഗീസ് മത്തായി (റോയി) : 516 527 1423, ഡോ. നീനാ ഫിലിപ്പ് : 862 242 4521.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍