'കഥയുടെ പ്രേരണ അമരത്വത്തിനുള്ള ആത്മാഭിവാഞ്ഛ'
Monday, March 3, 2014 8:12 AM IST
ജിദ്ദ: കാലത്തിനു മുമ്പേ നടക്കുന്ന പ്രവചന സ്വഭാവമുള്ള ശാസ്ത്രത്തോളംതന്നെ ഉയര്‍ന്നതലത്തിലാണ് സാഹിത്യത്തിന്റെ സ്ഥാനമെന്നും അമരത്വത്തിനുള്ള ആത്മാഭിവാഞ്ഛയാണ് കഥയുടെ പ്രേരണയായി വര്‍ത്തിക്കുന്നതെന്നും പ്രശസ്ത ചെറുകഥാകൃത്ത് പി.ജെ ആന്റണി അഭിപ്രായപ്പെട്ടു.

സമീക്ഷ സാഹിത്യവേദി ജിദ്ദയില്‍സംഘടിപ്പിച്ച ഏകദിന ചെറുകഥാ ശില്‍പ്പശാലയില്‍ 'കഥ: പാരമ്പര്യവും വര്‍ത്തമാനവും' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഥയില്‍ കാലാനുസൃതമായ മാറ്റം എക്കാലത്തും ഉണ്ടായിട്ടുണ്ട്. നവീനകഥകള്‍ വായനക്കാരെ കീഴടക്കുന്നതിന്റെ കാരണം ഈ പുതുക്കിപ്പണിയലാണ്. അവതരണത്തിലും വിഷയ സ്വീകരണത്തിലും പുതുമകൊണ്ടുവരുന്നില്ലെങ്കില്‍ എഴുത്തകാരനെ പിറകിലാക്കിക്കൊണ്ട് കഥയും കാലവും മുന്നോട്ടുപോകുക തന്നെ ചെയ്യും. അദ്ദേഹം ഉദാഹരണ സഹിതം വ്യക്തമാക്കി. കഥയുടെ ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ പരിണാമങ്ങളെ ചരിത്രവുമായി കോര്‍ത്തിണക്കി, പ്രാദേശിക-ദേശീയ-അന്തര്‍ദേശീയതലങ്ങളില്‍ നിലനില്‍ക്കുന്ന കഥയുടെ വര്‍ത്തമാനം എഴുത്തുകാര്‍ക്കും എഴുതിത്തുടങ്ങുന്നവര്‍ക്കുമായി മനസിലാകുന്ന രീതിയില്‍ അവതരിപ്പിച്ചത് സദസിന് പുതുമയാര്‍ന്ന അനുഭവമായി.

ജിദ്ദയില്‍ ഇദംപ്രഥമമായിട്ടായിരുന്നു ഇത്തരമൊരു ശില്‍പ്പശാല നടക്കുന്നത്. അസീസിയ വില്ലേജ് റസ്ററന്റില്‍ രാവിലെ ഒമ്പതു മുതല്‍ ആരംഭിച്ച ശില്‍പ്പശാല കഥാകൃത്തും നോവലിസ്റുമായ അബു ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു. തന്റേതായ ഭാഷയും വിഷയവും രചനാരീതിയും ഏറ്റവും പുതിയ രീതിയില്‍ നിര്‍മിച്ചെടുത്തുകൊണ്ടാണ് പുതിയ എഴുത്തുകാര്‍ സാന്നിധ്യം അടയാളപ്പെടുത്തേണ്ടതെന്നും പഴമയുടെ ദുര്‍ഗന്ധം പരത്തുന്ന എന്തും കുടഞ്ഞുകളഞ്ഞ് പുതുമയുടെ സുഗന്ധം പരത്തിയാലേ വായനക്കാരെ തന്നിലേയ്ക്കാകര്‍ഷിക്കാനാവൂ എന്നും അബു ഇരിങ്ങാട്ടിരി അഭിപ്രായപ്പെട്ടു.

ഗോപി നെടുങ്ങാടി അധ്യക്ഷതവഹിച്ചു. ഉസ്മാന്‍ ഇരുമ്പുഴി, അനിത നാരായണ, റുബീനാ നിവാസ് എന്നിവര്‍ കഥാനുഭവം പങ്കുവച്ചു. നവോദയ രക്ഷാധികാരി വി.കെ.എ റൌഫ്, മലയാളം ന്യൂസ് പത്രാധിപസമിതി അംഗം മുസാഫിര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം മലയാളം ന്യൂസ് ന്യൂസ് എഡിറ്റര്‍ സി.കെ ഹസന്‍കോയ ഉദ്ഘാടനം ചെയ്തു. സമീക്ഷ അഖില സൌദി അടിസ്ഥാനത്തില്‍ നടത്തിയ ചെറുകഥാമല്‍സരത്തില്‍ ഒന്നാം സമ്മാനം നേടിയ റഹീം മോങ്ങം, രണ്ടാം സമ്മാനം കരസ്ഥമാക്കിയ നജീം കൊച്ചുകലുങ്ക്, ഫ്രീസിയ ഹബീബ് എന്നിവര്‍ക്കുള്ള സ്വര്‍ണപതക്കവും ഉപഹാരവും പി.ജെ ആന്റണി സമ്മാനിച്ചു. നഹ്ല, സുനില്‍ മംഗലശേരി എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. സമീക്ഷ ട്രഷറര്‍ സേതുമാധവന്‍ മൂത്തേടത്ത് സാഹിത്യ പ്രമേയം അവതരിപ്പിച്ചു. നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം ആശംസ നേര്‍ന്നു. സമീക്ഷാ കണ്‍വീനര്‍ കിസ്മത്ത് മമ്പാട് സ്വാഗതവും ക്യാമ്പ് ഡയറക്ടര്‍ സേതുമാധവന്‍ മൂത്തേടത്ത് നന്ദിയും പറഞ്ഞു. പ്രഫ. ഇസ്മയില്‍ മരിതേരി, ലത നെടുങ്ങാടി, അബ്ദുള്ള മുക്കണ്ണി, ഗീതാ ബാലഗോപാല്‍, റോയി മാത്യൂ, രാജീവ്, അഷ്റഫ് നീലാമ്പ്ര, ഹംസമദാരി, ജുമൈല അബു, സി.എം അബ്ദുറഹ്മാന്‍, ശ്രീകുമാര്‍ മാവേലിക്കര, ഷെല്‍ന വിജയ്, കൊമ്പന്‍ മൂസ തുടങ്ങി 65 ലേറെ പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍