ധാര്‍മിക മുന്നേറ്റത്തിന്റെ സന്ദേശമുയര്‍ത്തി ഇസ്ലാമിക് സെമിനാര്‍ സമാപിച്ചു
Saturday, March 1, 2014 7:38 AM IST
കുവൈറ്റ്: അധര്‍മങ്ങള്‍ക്കും സാംസ്കാരിക ജീര്‍ണതകള്‍ക്കും വികല വിശ്വാസങ്ങള്‍ക്കുമെതിരെ ആദര്‍ശാധിഷ്ടിതമായ ധാര്‍മികമുന്നേറ്റത്തിന് ആഹ്വാനം ചെയ്തുകൊണ്ട് കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ മൂന്നാമത് ഇസ്ലാമിക് സെമിനാര്‍ സമാപിച്ചു.

മതം മനുഷ്യനന്മക്ക് എന്ന പ്രമേയത്തില്‍ നാലുദിവസമായി നടന്നുവന്ന സെമിനാറിന്റെ സമാപന സമ്മേളനം കുവൈറ്റ് പെട്രോളിയം മന്ത്രി ഡോ. അലി സലിഹ് അല്‍ഉമൈര്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക പ്രബോധന രംഗത്തും സാമൂഹ്യസേവനരംഗത്തും കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്നും സമാധാനപ്രിയരായ കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് തങ്ങള്‍ക്കു അതിയായ മതിപ്പുണ്െടന്നും അദ്ദേഹം പ്രസ്താവിച്ചു.

മനുഷ്യ സമൂഹത്തിന് യഥാര്‍ഥ ജീവിതലക്ഷ്യം നിര്‍ണയിച്ചുനല്‍കാനും ശരിയായ ജീവിതവീക്ഷണം പകര്‍ന്നുനല്‍കാനും സൃഷ്ടാവില്‍ നിന്നുള്ള മാര്‍ഗദര്‍ശനം മാത്രമേ പര്യാപ്തമാവുകയുള്ളൂവെന്ന് ജംഇയ്യത്തു ഇഹ്യാഉതുറാസുല്‍ ഇസ്ലാമി ചെയര്‍മാന്‍ ഷേഖ് താരിഖ് സാമീ അല്‍ ഈസ ഉണര്‍ത്തി. ഔഖാഫ് മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ വിഭാഗം ഡയറക്ടര്‍ ഷേഖ് ഫഹദ് അല്‍ ജന്‍ഫാവി പ്രസംഗിച്ചു. ജംഇയ്യത്ത് ഇഹ്യാഉതുറാസുല്‍ ഇസ്ലാമി പ്രതിനിധികളായ ജാസിം അല്‍ ഹാജി, ഖാലിദ് അസുമൈദി എന്നിവര്‍ സംബന്ധിച്ചു.

ദിശാബോധമില്ലാതെ അധാര്‍മികതയുടെ അരങ്ങുകളില്‍ കര്‍മശേഷി ദുര്‍വ്യയം ചെയ്യുന്ന ആധുനിക യുവതയ്ക്ക് മൂല്യാധിഷ്ടിതമായ മാതൃകാജീവിതത്തിലൂടെ വെളിച്ചം പകര്‍ന്നുനല്‍കാന്‍ മുസ്ലിം യുവത മുന്നോട്ടുവരണമെന്ന് ഐഎസ്എം പ്രസിഡന്റ് ടി.കെ. അഷ്റഫ് ഉദ്ബോധിപ്പിച്ചു. മുജാഹിദ് ബാലുശേരി, ഹാരിസ് ബിന്‍ സലീം, ഷറഫുദ്ദീന്‍ കണ്ണേത്ത് (കെഎംസിസി), വി.പി. ഷൌക്കത്തലി (കെഐജി) എന്നിവര്‍ പ്രസംഗിച്ചു.

ഇസ്ലാം പ്രതിനിധാനം ചെയ്യുന്ന ദൈവീക സന്മാര്‍ഗദര്‍ശനം മാനവസമൂഹത്തിന്റെ പൊതുസ്വത്താണെന്നും ഇസ്ലാമിനെക്കുറിച്ച് മുന്‍വിധികളില്ലാത്തതും സുതാര്യവുമായ പഠനങ്ങള്‍ക്ക് വിധേയമാക്കാന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്നും സമ്മേളനം ഒരു പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. ആധുനിക സമൂഹം നേരിടുന്ന സാമൂഹിക വെല്ലുവിളികള്‍ക്കും ദാര്‍ശനിക പ്രതിസന്ധികള്‍ക്കും ചിന്തകരും സാമൂഹ്യശാസ്ത്രജ്ഞരും ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന സമ്പൂര്‍ണവും സാര്‍വകാലികവുമായ ജീവിതദര്‍ശനത്തെ സത്യസന്ധമായി വിലയിരുത്തണമെന്നും പ്രമേയം ആവശ്യപെട്ടു.

സമാപന സമ്മേളനത്തില്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് പി.എന്‍. അബ്ദുള്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.പി. അബ്ദുള്‍ അസീസ് സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി സുനാഷ് ശുക്കൂര്‍ നന്ദിയും പറഞ്ഞു. മലയില്‍ മൂസക്കോയ, ഖലീല്‍ അടൂര്‍, ഷാനവാസ് ഗള്‍ഫ് മാര്‍ട്ട് എന്നിവര്‍ പ്രസീഡിയത്തില്‍ സംബന്ധിച്ചു.

നേരത്തെനടന്ന സ്നേഹസംഗമത്തില്‍ ജാതിമതഭേദമന്യേ കുവൈറ്റിലെ മലയാളി സമൂഹത്തിന്റെ ഒരു പരിഛേദം തന്നെ പങ്കെടുത്തു. എല്ലാ ജീവജാലങ്ങളെയും സൃഷ്ടിക്കുകയും വഴികാണിക്കുകയും ചെയ്ത സ്രഷ്ടാവിന്റെ മാര്‍ഗദര്‍ശനമാണ് മോഷത്തിലേക്കുള്ള നേര്‍വഴി എന്ന് മുഖ്യപ്രഭാഷണത്തില്‍ മുജാഹിദ് ബാലുശേരി ചൂണ്ടിക്കാട്ടി. മതാധ്യാപനങ്ങളല്ല, മറിച്ച് അവയില്‍നിന്ന് വിശ്വാസിസമൂഹം വ്യതിചലിച്ചതാണ് മതങ്ങളുടെ പേരില്‍ കലാപങ്ങളുണ്ടാകാന്‍ ഇടയാക്കിയത്. സ്വന്തം മതം മാത്രം ശരിയെന്നു വിശ്വസിക്കുന്നതുകൊണ്ടല്ല, മറിച്ച് അത് മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നതാണ് മതപരമായ അസഹിഷ്ണുതക്കും വര്‍ഗീയതക്കും വഴിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷേഖ് ഫര്‍ഹാന്‍ ഉബൈദ് അല്‍ ശമ്മരി ഉദ്ഘാടനം ചെയ്തു. ഷേഖ് മുഹമ്മദ് ഹുമൂദ് അല്‍ നജദി, ഫാ. റെജി വര്‍ഗീസ്, തോമസ് കടവില്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി നജീബ് അധ്യക്ഷത വഹിച്ചു.

അസ്ഹര്‍ അത്തേരി സ്വാഗതവും എന്‍.എം ഇംതിയാസ് നന്ദിയും പറഞ്ഞു. ഗള്‍ഫ് ഇസ്ലാഹി നേതൃസംഗമത്തില്‍ കുവൈറ്റ്, യുഎഇ, സൌദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്