ഖത്തര്‍ കേരളീയം സാംസ്കാരികോത്സവം ഫെബ്രുവരി 28ന്
Wednesday, February 26, 2014 9:54 AM IST
ദോഹ: ഖത്തര്‍ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ്സിസി) ഒമ്പതാമത് ഖത്തര്‍ കേരളീയം സാംസ്കാരികോത്സവം സമാപനപരിപാടികള്‍ ഖത്തറിലെ മലയാളി സമൂഹത്തിന് സവിശേഷമായ അനുഭവമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

സംസ്കാരങ്ങളുടെ സൌന്ദര്യമെന്ന കാലിക പ്രസക്തമായ വിഷയത്തെ അധികരിച്ച് നടക്കുന്ന ചര്‍ച്ചയില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലറും മുന്‍ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍ ഐഎഎസ്, പ്രശസ്ത കവിയും പ്രഭാഷകനും സാംസ്കാരിക പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഫെബ്രുവരി 28 ന് (വെള്ളി) വൈകുന്നേരം 5.45 മുതല്‍ എംഇഎസ് ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന ഖത്തര്‍ കേരളീയം എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവിസ്മരണീയാനുഭവമായിരിക്കും. സാംസ്കാരികോത്സവത്തിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ പറഞ്ഞു. ഖത്തര്‍ ചാരിറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഷേഖ് മുഹമ്മദ് അലി അല്‍ ഗാമിദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഖത്തര്‍ ചാരിറ്റി പ്രതിനിധികളായ അഹമ്മദ് സ്വാലിഹ് അലി, ഫരീദ് ബിന്‍ ഖലീല്‍ അല്‍ സിദ്ധീഖി, അഹമ്മദ് ഖാലിദ് ഫഖ്റു, സമൂഹിക സാംസ്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ സമാപന പരിപാടിയില്‍ പങ്കെടുക്കും.

ഖത്തറും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക കൈമാറ്റത്തിന്റെ ചരിത്രം ചിത്രീകരിക്കുന്ന 'തിരകള്‍ പറഞ്ഞത്...' എന്ന കള്‍ച്ചറല്‍ തീം ഷോ ഖത്തര്‍ കേരളീയത്തെ സവിഷേഷമാക്കും. ദോഹയിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തി ഒരേസമയം മൂന്ന് വേദികളും എല്‍സിഡി സ്ക്രീനും ഉപയോഗിച്ച് നടത്തുന്ന കള്‍ച്ചറല്‍ തീം ഷോയാണ് 'തിരകള്‍ പറഞ്ഞത്'. ഉസ്മാന്‍ മാരാത്ത് രചന നിര്‍വഹിച്ച് എന്‍.കെ.എം. ഷൌക്കത്ത് സംവിധാനം ചെയ്യുന്ന പരിപാടി ആസ്വാദകര്‍ക്ക് അപൂര്‍വ ദൃശ്യവിരുന്നായിരിക്കും. അറബ് ദേശങ്ങളുമായുള്ള ഭാരതത്തിന്റെ വാണിജ്യസാംസ്കാരിക ബന്ധങ്ങളുടെ പുനരാവിഷ്കാരവും ഇരുദേശങ്ങളുടെയും ഈടുറ്റ പാരമ്പര്യം വിളിച്ചറിയിക്കുന്ന കലാവിഭവങ്ങളും ഷോയില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. 50 ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന ദൃശ്യവിരുന്നിലേക്കുള്ള പ്രവേശനം സൌജന്യമായിരിക്കും. തെരഞ്ഞെടുത്ത മറ്റു കലാപരിപാടികളും സമാപനപരിപാടിയുടെ ഭാഗമായി നടക്കും.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുമുമ്പ് തുടങ്ങിയ ഖത്തര്‍ കേരളീയം കലാമത്സരങ്ങളുടെയും സാംസ്കാരിക ഇടപെടലുകളുടെയും സമാപനം കൂടിയാണ് സാംസ്കാരികോത്സവം പരിപാടികള്‍. വനിതകള്‍ക്കായി സംഘടിപ്പിച്ച പാചകമത്സരം, നാടന്‍ പാട്ട്, കവിത ചൊല്ലല്‍, ഫേബ്രിക് പെയിന്റിംഗ്, മൈലാഞ്ചിയിടല്‍, ഫല്‍വര്‍ മേക്കിംഗ്, ഉപന്യാസ രചന എന്നീ മത്സരങ്ങളും ഇന്റര്‍ സ്കൂള്‍ കലാ മത്സരങ്ങളുടെ ഭാഗമായി നടന്ന കളറിംഗ്, മെമ്മറി ടെസ്റ്, പെയിന്റിംഗ്, ഫൈന്‍ഡ് ദി ഷാഡോ, ക്രാഫ്റ്റ് ഇന്‍സ്റലെഷന്‍, ഗദ്യപാരായണം, പദ്യംചൊല്ലല്‍, മോണോ ആക്ട്, കളിമണ്‍ ശില്‍പ്പ നിര്‍മാണം, പെന്‍സില്‍ ഡ്രോയിംഗ്, കവിതാ രചന, വഴികണ്െടത്തല്‍, ഫൈന്‍ഡ് ദി ഒട്, മൈമിംഗ്, മലയാളം പ്രസംഗം തുടങ്ങിയ 24 ഇനങ്ങളിലെ മത്സരങ്ങളും ശ്രദ്ധേയമായിരുന്നു. ഇവയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇനങ്ങള്‍ സാംസ്കാരികോത്സവത്തില്‍ പുനരവതരിപ്പിക്കും.

മൂന്നു ദിവസങ്ങളിലായി നടന്ന ചിത്രകലാ ക്യാമ്പ് ഖത്തറിലെ പൊതുജനങ്ങളെയും കലാസ്വാദകരെയും ഒരുപോലെ ആകര്‍ഷിച്ചിരുന്നു. പത്തോളം ചിത്രകാരന്മാര്‍ ചിത്രങ്ങള്‍ ക്യാന്‍വാസില്‍ വരച്ച് ആരംഭിച്ച ചിത്രകലാ ക്യാമ്പില്‍ സൈദ ഷമീമ ബിന്‍ത സകിയ, സഗീര്‍, സലീഷ്, സുമന്‍പാല്‍, മഹേഷ്, അമിത്കുമാര്‍ ചക്രബര്‍ത്തി, പ്രഹ്ളാദന്‍, സന്തോഷ്, ബാസിത്ത് എം., അമിത്ത് മജുന്താര്‍, ഷാജി ചേലാട് എന്നിവരാണ് പങ്കെടുത്തത്. ഖത്തര്‍ കലാസാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ യൂത്ത് ക്രിയേറ്റീവ് ആര്‍ട്ട് സെന്റര്‍ ഡയറക്ടര്‍ മുഹമ്മദ് അബ്ദുള്‍ മുഅത്വി ചിത്രകലാക്യാമ്പിന്റെ സമാപനത്തില്‍ മുഖ്യാതിഥിയായിരുന്നു.

പരിപാടിയുടെ മുഖ്യപ്രായോജകര്‍ അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍, സിറ്റി എക്സ്ചേഞ്ച് എന്നിവരാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

എഫ്സിസി ഗവേണിംഗ് ബോഡി ചെയര്‍മാന്‍, മുഹമ്മദ് ഖുതുബ്, ആവണി വിജയകുമാര്‍, സ്വാഗത സംഘം വൈസ് ചെയര്‍മാന്‍, ഹബീബുറഹ്മാന്‍ കിഴിശേരി, എഫ്സിസി എക്സിക്യുട്ടീവ് ഡയറക്ടര്‍, ഷംസുദ്ദീന്‍ ഒളകര, ഫൈനാന്‍സ് കമ്മറ്റി ചെയര്‍മാന്‍), ഡോ. ഇബ്രാഹിം ഖലീല്‍ സിഇഒ. അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍, മുഹമ്മദ് മുഹ്സിന്‍ (റിലേഷന്‍ഷിപ്പ് മാനേജര്‍, സിറ്റി എക്സ്ചേഞ്ച്) കെ.പി. നൂറുദ്ദീന്‍ (കണ്‍വീനര്‍, ഫെസിലിറ്റീസ് ഖത്തര്‍ കേരളീയം, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.