'ദാസേട്ടന്‍ യെസ്റ്റര്‍ഡേ ആന്‍ഡ് ടുഡേ': ബോബി ചെമ്മണ്ണൂര്‍ മ്യൂസിക്കല്‍ നൈറ്റ് മെയ് രണ്ടു മുതല്‍
Tuesday, February 25, 2014 5:36 AM IST
ന്യൂയോര്‍ക്ക്: സംഗീതലോകത്തെ അമ്പതാണ്ട് ആഘോഷമാക്കി ഗാനഗന്ധര്‍വ്വന്‍ പത്മഭൂഷണ്‍ ഡോ. കെ. ജെ യേശുദാസ് അമേരിക്കയില്‍ സംഗീതനിശയൊരുക്കുന്നു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഗൃഹാതുരത്വത്തിന്റെ സുവര്‍ണകാലഘട്ടത്തെ പുനരാവിഷ്ക്കരിക്കുന്ന 'ദാസേട്ടന്‍ യെസ്റ്റര്‍ഡേ ആന്‍ഡ് ടുഡേ: ബോബി ചെമ്മണ്ണൂര്‍ മ്യൂസിക്കല്‍ നൈറ്റ്' എന്ന പേരില്‍ നടത്തുന്ന പരിപാടി മേയ് രണ്ടാം തീയതി മുതല്‍ 31 വരെ യുഎസിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ അരങ്ങേറും. ഒരു കാലഘട്ടത്തിന്റെ മധുരസ്മരണകള്‍ ഗാനങ്ങളായി പെയ്തിറങ്ങുമ്പോള്‍ നഷ്ടപ്പെട്ട ഗൃഹാതുരത്വത്തെയാവും അമേരിക്കന്‍ മലയാളികള്‍ മാറോടണയ്ക്കുക. മലയാളിയുടെ സ്വകാര്യ അഹങ്കാരമായി മാറിയ ഗാനഗന്ധര്‍വ്വന്‍ യേശുദാസിനൊപ്പം മകനും പിന്നണി ഗായകനുമായ വിജയ് യേശുദാസ്, പ്രശസ്ത ഗായിക ശ്വേത മോഹന്‍, നടിയും ഗായികയുമായ രമ്യ നമ്പീശന്‍ എന്നിവര്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നുള്ള രണ്ടു തലമുറയിലുള്ള ഗായകനിര അമേരിക്കയില്‍ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ പരിപാടി നടത്തുന്നത് ഇതാദ്യമാണ്. സംഗീത ആസ്വാദകരായ മലയാളികള്‍ കാത്തിരിക്കുന്ന ഈ പരിപാടിക്കായി വമ്പിച്ച ഒരുക്കങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

ബോബി ചെമ്മണ്ണൂര്‍, കേരളാ ഗാര്‍ഡന്‍സ് എന്നിവരാണ് ഒരുമാസ പ്രോഗ്രാമിന്റെ മുഖ്യ സ്പോണ്‍സര്‍. എഴുപത്തിനാലാം പിറന്നാള്‍ ആഘോഷിച്ച ദാസേട്ടന്റെ സംഗീതപരിപാടി ഏറെ നാളുകള്‍ക്കു ശേഷമാണ് അമേരിക്കയില്‍ അരങ്ങേറുന്നത്.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെഡ്ജ് ബ്രോക്കറേജാണ് പരിപാടിയുടെ ഓര്‍ഗനൈസര്‍. എന്റര്‍ടെയ്ന്‍മെന്റ് ലൈവ് ഷോ രംഗത്ത്, സൂര്യ ഫെസ്റിവല്‍, ഒരേ സ്വരം (എംജി ശ്രീകുമാര്‍, കെ.എസ് ചിത്രാ ടീമിന്റെ വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി ഷോ), പണ്ഡിറ്റ് രമേശ് നാരായണ്‍ജിയുടെ മേഘമല്‍ഹാര്‍ ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ഏറ്റെടുത്തു നടത്തി വിജയത്തിലെത്തിച്ചിട്ടുള്ള ഹെഡ്ജ് ബ്രോക്കറേജിന്റെ ജേക്കബ് എബ്രഹാം (സജി) 2014-ല്‍ അവതരിപ്പിക്കുന്ന പ്രധാനപരിപാടിയാണിത്. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ജേക്കബ് എബ്രഹാം യുഎസിലെ മലയാളി കലാപരിപാടികളിലെയെല്ലാം മുഖ്യ സാന്നിധ്യമാണ്. ഹെഡ്ജ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന ഒരു ജീവ കാരുണ്യപദ്ധതിക്കും പരിപാടിയോടനുബന്ധിച്ച് ജേക്കബ് ഏബ്രഹാം രൂപം കൊടുത്തിട്ടുണ്ട്. അഗതികള്‍ക്കും രോഗികള്‍ക്കും ഒരു പരിധി വരെ അത്താണിയാവുകയാണ് ഇതിന്റെ ഉദ്ദേശലക്ഷ്യം.

ഹൂസ്റണിലെ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ മേയ് മൂന്നിന് ശനിയാഴ്ചയാണ് ആദ്യ പരിപാടി. തുടര്‍ന്ന് മേയ് 10-ന് ന്യൂജേഴ്സിയിലെ ടീനെക്കില്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ പിറ്റേന്ന് മേയ് 11 ഞായറാഴ്ച ന്യയോര്‍ക്കിലാണ് പരിപാടി. ശ്രീനാരായണ അസോസിയേഷനും ന്യൂയോര്‍ക്കിലെ കേരള സമാജവും യൂണിവേഴ്സല്‍ മൂവീസും ഹെഡ്ജ് ബ്രോക്കറേജുമായി ചേര്‍ന്നാണ് ഈ പരിപാടി മലയാളികള്‍ക്ക് സമര്‍പ്പിക്കുന്നത്. വാഷിങ്ടണ്‍ കേരള കള്‍ച്ചറല്‍ അസോസിയേഷനും കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിങ്ടണും ചേര്‍ന്ന് മേയ് 17 ശനിയാഴ്ച യെസ്റര്‍ഡേ, ടൂഡേ എന്ന മെഗാ ഇവന്റിന് വേദിയൊരുക്കും. തുടര്‍ന്ന് മേയ് 24 ശനിയാഴ്ച ഡാളസിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ പരിപാടി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: വലറഴലയൃീസലൃമഴല@ഴാമശഹ.രീാ (516) 433 4310.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍