എസ്.എസ് പ്രകാശ് സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്
Tuesday, February 25, 2014 5:35 AM IST
ന്യൂയോര്‍ക്ക്: സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായി എസ്.എസ്. പ്രകാശ് ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു അദ്ദേഹം. വിവിധ കാലഘട്ടങ്ങളിലായി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, മാനേജിംഗ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളില്‍ നേതൃപാടവം തെളിയിച്ചിട്ടുണ്ട്.

സ്റാറ്റന്‍ഐലന്റിലെ പ്രബുദ്ധരായ മലയാളി സമൂഹം തന്നിലര്‍പ്പിച്ച വിശ്വാസവും ഉത്തരവാദിത്വവും കാത്തുസൂക്ഷിച്ചുകൊണ്ട് സംഘടനയുടെ നാനാവിധമായ വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രകാശ് പ്രസ്താവിച്ചു. മുഴുവന്‍ മലയാളി സമൂഹത്തേയും ഒരു കുടക്കീഴില്‍ അണിനിരത്തി ഏവരുടേയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിന് മുന്‍ഗണന നല്‍കും. മലയാള ഭാഷയോടൊപ്പം നമ്മുടെ പൈതൃകവും കലകളും വളര്‍ത്തിയെടുക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ചുള്ള വാര്‍ഷിക പരിപാടികളാണ് മലയാളി അസോസിയേഷന്‍ ഈവര്‍ഷം ലക്ഷ്യമിടുന്നതെന്ന് ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.

ജനുവരി 18-ന് നടത്തപ്പെട്ട വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് സാമുവേല്‍ കോശിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റോഷന്‍ മാമ്മന്‍ (വൈസ് പ്രസിഡന്റ്), ജോസ് വര്‍ഗീസ് (സെക്രട്ടറി), ബോണിഫേസ് (ട്രഷറര്‍), സാമുവേല്‍ കോശി (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ സീനിയര്‍ അംഗങ്ങളായ ഫ്രെഡ് കൊച്ചിന്‍, സഖറിയ ഉമ്മന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് വരണാധികാരികളായി പ്രവര്‍ത്തിച്ചു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം