ബോട്ട് അപകടം: കത്തിയ ബോട്ടില്‍ നിന്ന് മലയാളി ഉള്‍പ്പടെ പതിനൊന്ന് ഇന്ത്യക്കാരെ രക്ഷപെടുത്തി
Saturday, February 22, 2014 10:53 AM IST
ദമാം: ഒമാമില്‍ നിന്ന് കുവൈറ്റിലേക്ക് പോയ ബോട്ട് അഗ്നിക്കിരയായി. യാത്രമധ്യേ സമുദ്രാതിര്‍ത്തിയില്‍വെച്ചാണ് ബോട്ടിന്റെ എന്‍ജിന് തീപിടിച്ചത്. പ്രാണരക്ഷാര്‍ത്ഥം കടലിലേക്ക് ചാടിയ മുഴുവന്‍ പേരേയും കോസ്റ് ഗാര്‍ഡും, സൌദി ആരംകോയും ചേര്‍ന്നാണ് രക്ഷപെടുത്തിയത്.

കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അഷ്റഫ് ഉള്‍പ്പടെ പതിനൊന്ന് ഇന്ത്യക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷപെടുത്തിയ പതിനൊന്നുപേരെയും ജുബൈല്‍ പോര്‍ട്ടില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം അവിടെ പാര്‍പ്പിച്ചിരിക്കുകയാണ്.

എംബസി സിസിഎം സിബി ജോര്‍ജിന്റെ നിര്‍ദേശപ്രകാരം എംബസി ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഇംദാസ് ജുബൈലില്‍ എത്തി പതിനൊന്നുപേരേയും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ഇവരെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ കാര്യങ്ങളെക്കുറിച്ച് കോസ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ ഷംസുദീന്‍ ചെട്ടിപ്പടി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം