ഫീനിക്സില്‍ വെസ്റ്റേണ്‍ റീജിയണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു
Saturday, February 22, 2014 10:34 AM IST
ഫീനിക്സ്: മാര്‍ത്തോമ സഭാ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേഷക സംഘം വെസ്റ്റേണ്‍ റീജിയന്റെ പ്രഥമ സമ്മേളനം ടെമ്പെ സണ്‍വാലി ചര്‍ച്ചില്‍ ഫെബ്രുവരി 15 ന് (ശനി) നടന്നു.

അരിസോണയിലെ ഫീനിക്സ് മാര്‍ത്തോമ ഇടവകയാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്. ഫീനിക്സ് മാര്‍ത്തോമ ഇടവക വികാരി വി.ജി. വര്‍ഗീസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഡോ. സൈമണ്‍ തോമസ് സ്വാഗതം ആശംസിച്ചു. ഫീനിക്സ് മാര്‍ത്തോമ ഇടവക ഗായക സംഘം പ്രഭാത ആരാധനയ്ക്ക് നേതൃത്വം നല്‍കി. റീജിയണല്‍ പ്രസിഡന്റ് റവ. തോമസ് ജോണ്‍ ക്രിസ്ത്രീയ ശിഷ്യത്വം എന്ന വിഷയത്തെ ആധാരമാക്കി മുഖ്യപ്രഭാഷണം നടത്തി.

വൈസ് പ്രസിഡന്റ് കുര്യന്‍ വര്‍ഗീസ് കര്‍ത്താവിന്റെ നീതീകരണം എന്ന ചിന്താവിഷയം അടിസ്ഥാനമാക്കി തിരുവചന പഠനത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ഗ്രൂപ്പുകളായി ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചകളെ തുടര്‍ന്ന് നടന്ന പ്ളീനറി സെഷന്‍ ലോസ് ആഞ്ചല്‍സ് ഹോരേബ് മാര്‍ത്തോമ ഇടവക വികാരി ലാറി വര്‍ഗീസും സാന്‍ഫ്രാന്‍സിസ്കോ ഇടവക വികാരി ടി.കെ. വിജിയം എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്നു നടന്ന ബിസിനസ് സെഷനില്‍ 2011-14 ലെ വാര്‍ഷിക റിപ്പോര്‍ട്ട് റീജനല്‍ സെക്രട്ടറി അന്നമ്മ ഏബ്രഹാം അവതരിപ്പിച്ചു.

റീജിയന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച് നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്ന ലോസ് ആഞ്ചലസ് മാര്‍ത്തോമ ഇടവക വികാരി തോമസ് ജോണിന് സമുചിതമായ യാത്രയയപ്പ് നല്‍കി. അച്ചന്റെ സ്തുത്യര്‍ഹമായ സേവനങ്ങളെമാനിച്ച് റീജിയണല്‍ ട്രസ്റ്റി ഫിലിപ്പ് ഏബ്രഹാം അച്ചന് മൊമെന്റോ നല്‍കി.

തുടര്‍ന്ന് 2014 -17 വര്‍ഷങ്ങളിലേക്കുളള ഭാരവാഹികളെ തെരഞ്ഞെടുത്തു. റവ. വി.ജി. വര്‍ഗീസ് (പ്രസിഡന്റ്) കുര്യന്‍ വര്‍ഗീസ് (വൈസ് പ്രസിഡന്റ്) രാജേഷ് മാത്യു (സെക്രട്ടറി) ജോഷി ജോണ്‍ (ട്രസ്റ്റി), അന്നമ്മ മാത്യു (ഓഡിറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

റീജിയണല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജേഷ് മാത്യു നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി