'കന്യാവിനോദം' പ്രകാശനം ചെയ്തു
Saturday, February 22, 2014 10:28 AM IST
കൊച്ചി: മണല്‍ജീവിതത്തിലെ പ്രവാസത്തിന്റെ ഊഷരതകളില്‍ കണ്ടെത്തുന്ന വ്യത്യസ്ഥ ദേശങ്ങളിലെ സംസ്കാരങ്ങളെ സന്വയിപ്പിക്കുന്ന കഥകളുമായി കന്യാവിനോദമെന്ന കഥാ സമാഹാരം ഈ വര്‍ഷത്തെ മാതൃഭാഷാദിനത്തില്‍ വായക്കാരുടെ കൈകളിലെത്തി.

സൌദി ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ ജോലിചെയ്യുന്ന ആലുവ സ്വദേശിനിയായ സബീന എം. സാലി പെണ്ണിന്റെ ജീവിതകോണില്‍ നിന്നും വീക്ഷിക്കുന്ന ജീവിത നിരീക്ഷണങ്ങളിലൂടെ കഥയുടെ സൌന്ദര്യാനുഭവത്തിലേക്ക് വായക്കാരെ കൂട്ടികൊണ്ടു പോകുന്ന 23 കഥകളടങ്ങിയതാണ് ഈ പുസ്തകം.

എറണാകുളം ഭാരത് ടൂറിസ്റ് ഹോം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ മന്ത്രി ബിനോയ് വിശ്വം പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പി.കെ. പാറക്കടവ് പുസ്തകം ഏറ്റുവാങ്ങി. ലിംഗ ഭേദത്തിന്റെയും താത്കാലിക വാസത്തിന്റെയുമടിസ്ഥാനത്തില്‍ സാഹിത്യ സൃഷ്ടികള്‍ക്ക് വേര്‍തിരിവ് പാടില്ലായെന്ന് വായന സമൂഹം മനസിലാക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. സ്ത്രീകളുടെ സ്വത്വ ബോധത്തിന്റെ പ്രകാശ വീചികള്‍ സബീനയുടെ പല കഥകളിലും കാണാനാകുമെന്നും അവ ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളായി മാറുമെന്നും പി.കെ. പാറക്കടവ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നിറഞ്ഞ സദസിന് ആസ്വാദനമാകുംവിധം ഓരോ കഥകളെയും വിശകലനം ചെയ്ത് എഴുത്തുകാരി സഹീറ തങ്ങള്‍ പുസ്തകത്തെ പരിചയപ്പെടുത്തി. ജി.ഹരിനായരുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എം.എസ്. ബനേഷ്, എം.വി. ബെന്നി, പി.ടി.മുഹമ്മദ് സാധിക്, ടി.എ.സെയ്തുകുഞ്ഞ്, അഡ്വ. ടി.ഇ. ഇസ്മായില്‍, വിശലാക്ഷി ടീച്ചര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. കെ.രാധാകൃഷ്ണന്‍ സ്വാഗതവും എ.റഷീദ് കറുകശേരി നന്ദിയും പറഞ്ഞു.

സുഭാഷ് ചന്ദ്രനാണ് ഈ പുസ്തകത്തിന്റെ അവതാരിക എഴുതിരിയിരിക്കുന്നത്. പ്രസാധകര്‍ കൈരളി ബുക്സ് കണ്ണൂര്‍ ആണ്. സബീനയുടെ ആദ്യ പുസ്തകമായ 'ബാഗ്ദാദിലെ പനിനീര്‍പ്പൂക്കള്‍' എന്ന കവിതാ സമാഹാരം 2010ല്‍ കുരീപ്പുഴ ശ്രീകുമാര്‍ റിയാദില്‍ പ്രകാശനം ചെയ്തിരുന്നു.