മൂന്നു നോമ്പിനോടനുബന്ധിച്ച് ധ്യാനപ്രസംഗം സംഘടിപ്പിച്ചു
Wednesday, February 19, 2014 9:52 AM IST
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയുടെ ആത്മീയ-ജീവ കാരുണ്യപ്രസ്ഥാനമായ മാര്‍ ഗ്രീഗോറിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ മൂന്നുനോമ്പിനോടനുബന്ധിച്ച് ഫെബ്രുവരി 8, 9, 10, 11 തീയതികളില്‍ ധ്യാനപ്രസംഗം സംഘടിപ്പിച്ചു.

'മാറുന്ന ലോകവും മാറാത്ത വചനവും' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ധ്യാനപ്രസംഗത്തിന് മലങ്കരസഭയിലെ പ്രശസ്ത സുവിശേഷ പ്രസംഗകനും ധ്യാനഗുരുവുമായ റവ. ഫാ. ഫിലിപ്പ് തരകന്‍ തേവലക്കര നേതൃത്വം നല്‍കി. ആത്മീയതയുടെ അടിസ്ഥാനലക്ഷ്യം മൂല്യബോധവും ദിശാ ബോധവുമുള്ള തലമുറയെ സൃഷ്ടിക്കലാണ്. ബേത്ലഹേമിലെ നക്ഷത്രം വിദ്വാന്മാരില്‍ സൃഷ്ടിക്കുന്നത് ഇതാണ്. നിരാശയുടെ പടുകുഴിയില്‍ അകപ്പെട്ടുപോയവന്റെ മരണത്തേക്കാള്‍ അവന് ജീവന്‍ നല്‍കലാണ് ആത്മീയദൌത്യം. പുതിയ ആത്മാവും പുതിയ ഹൃദയവും അവന്റെ സമ്പാദ്യമായി മാറണം. ദ്രവ്യത്തേക്കാള്‍ ദൈവത്തോട് തോന്നുന്ന മമതയാണ് ഭക്തി. ലോകം സൃഷ്ടിക്കുന്ന പ്രലോ ഭനത്തിന്റെ മതില്‍ക്കെട്ടുകളെ ഈശ്വരബന്ധത്താല്‍ അതിജീവിക്കണം. ചിന്താമണ്ഡലത്തിന്റെ ഇടുക്കമാണ് മനുഷ്യന്‍ നേരിടുന്ന പ്രശ്നം. കുരിശ് വിശാലതയുടെ പ്രതീകമാണ്. ജീവിതത്തെ കുരിശ് പഠിപ്പിക്കുന്ന സമീപനരീതി തള്ളിക്കളയലിന്റേതല്ല മറിച്ച് ഉള്‍ക്കൊള്ളലിന്റേതാണെന്നും അച്ചന്‍ യോഗത്തില്‍ വിശദമാക്കി.

കുവൈറ്റ് മഹാഇടവക വികാരി ഫാ. റെജി. സി. വര്‍ഗീസ്, എം.ജി.എം. വൈസ് പ്രസിഡന്റ് മോഹന്‍ ജോണ്‍ മറ്റമല, സെക്രട്ടറി എബി തോമസ്, കണ്‍വീനര്‍ ജേക്കബ് വല്ലേലില്‍ എന്നിവര്‍ ധ്യാനയോഗ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്