ആസ്വാദകരുടെ മനംകവര്‍ന്ന് കാവ്യസന്ധ്യ
Wednesday, February 19, 2014 9:50 AM IST
റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദിയും ചെരാത് സാഹിത്യവേദിയും സംയുക്തമായി പ്രശസ്ത കവിയും സാംസ്കാരിക നായകനുമായ പി.കെ.ഗോപിയോടൊത്ത് കവി സല്ലാപം സംഘടിപ്പിച്ചു.

റിയാദിലെ സഹൃദയരായ നിരവധിയാളുകള്‍ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പൊഴിഞ്ഞു വീഴുന്ന മുത്തുകള്‍ പെറുക്കിയെടുക്കാന്‍ സശ്രദ്ധം കാത് കൂര്‍പ്പിച്ചിരുന്നതുപേലെ അനുഭവപ്പെട്ടു. തികച്ചും വ്യത്യസ്തമായ സാംസാരശൈലിയും ഇന്ന് മനുഷ്യനില്‍ നഷ്ടപെട്ടുകൊണ്ടിരിക്കുന്നതും എന്നാല്‍ മനുഷ്യ നന്മക്ക് അവശ്യഘടകവുമായ സ്നേഹത്തിലൂന്നിയുമുള്ള സരസമായ സംസാരം അവസാനിപ്പിക്കുവാന്‍ കവി തയാറായപ്പോള്‍ ശ്രവിച്ചുകൊണ്ടിരുന്ന സദസ് അനുവദിച്ചില്ലായെന്നതുകൊണ്ട് അദ്ദേഹത്തിന് വീണ്ടും കവിതയും പ്രഭാഷണവും തുടരേണ്ടി വന്നു.

പക്ഷി നിനക്ക് ഞാനുണ്ട് എന്ന് പാടി തുടങ്ങിയ കവിതയിലൂടെ മൌനത്തിന്റെ മറ്റൊരു സൌന്ദര്യം സഹൃദയരുടെ മനസുകളില്‍ അനുഭവപ്പെട്ടു. കാലത്തിനെ വിമര്‍ശിച്ചും എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് സ്നേഹമെന്ന മുന്നക്ഷരമാണെന്നും നമുക്ക് കണ്ടെത്താനും നിര്‍വചിക്കാനും കഴിയാത്ത സൌന്ദര്യം സ്നേഹമെന്ന വാക്കിനുണ്ടെന്ന് നാം ഉള്‍ക്കൊള്ളണമെന്നും കവി ഓര്‍മ്മിപ്പിച്ചു. ഭാഷാ, അവസരത്തിലും അനവസരത്തിലും ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്്ട മര്യാദയെകുറിച്ചും എന്താണ് ഭാഷയെന്നും അറിയിച്ചുതന്ന നിലവിലെ അവസ്ഥകളിലൂടെ അസംതൃപ്തരായ സാധാരണക്കാര്‍ക്ക് രാഷ്ട്രീയവാദിയെക്കാള്‍ കൂടുതല്‍ രാഷ്ട്രീയമുണ്ടെന്ന് നാം തിരിച്ചറിയണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സക്കീര്‍വടക്കുംതലയുടെ അധ്യക്ഷതയില്‍ നടന്ന സാംസ്കാരിക സമ്മേളനം പ്രവാസി സമ്മാന്‍ ജേതാവ് ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ജോസഫ് അതിരുങ്കല്‍ സ്വാഗതം പറഞ്ഞു. ആര്‍. മുരളി, എന്‍.ആര്‍.കെ. ചെയര്‍മാന്‍ അഷറഫ് വടക്കെവിള, മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ, ശാന്തി രാജേഷ് (ന്യൂ എജ് മഴവില്ല് ഫാമിലി ക്ളബ് കണ്‍വീനര്‍),ശബ്ന ശോഭനന്‍ (മഴവില്ല് ബാല സര്‍ഗവേദി പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ന്യൂ ഏജിനും ചെരാതിനും വേണ്ടി കവിയെ അബൂബക്കര്‍ പൊന്നാനി പൊന്നാടയണിയിച്ച് ആദരിക്കുകയും സക്കരിയ സി. പുറക്കാട് ഉപഹാരം നല്‍കുകയും ചെയ്തു.

ഷിഹാബ് കൊട്ടുകാടിനും ജോസഫ് അതിരുങ്കലിനും ന്യൂ ഏജ് ഇന്ത്യാ സാംസ്കാരിക വേദിക്കുവേണ്ടി പി.കെ.ഗോപി ഉപഹാരം നല്‍കി ആദരിച്ചു. ജോയ് പ്രസാദ് എഴുകോണ്‍, അനില്‍ തിരൂരങ്ങാടി, കീര്‍ത്തന ഗിരിജന്‍, ഉഷാ മധു, ഷിഹാബ് മുവാറ്റുപുഴ, ശബ്ന ശോഭനന്‍ എന്നിവര്‍ അദ്ദേഹം രചിച്ച കവിതകളും ഗാനങ്ങളും ആലപിച്ചു. കവിയുടെ ഉത്സവമേളം എന്ന കവിത വളരെ മനോഹരമായി ദൃശ്യാവിഷ്കാരം നടത്തി പൂജ രാജേഷ്, അര്‍ജുന്‍ രാജേഷ്, ശ്രീതള്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ സദസിനെ ആസ്വദിപ്പിച്ചു.കവിയെ മഴവില്‍ ബാല സര്‍ഗ വേദി അംഗങ്ങളായ സ്നേഹ, സംഗീത എന്നിവര്‍ പൂക്കള്‍ നല്‍കി സ്വീകരിച്ചു.

അംബിക സോണി അവതാരകയും റഫീക് പിയങ്കര നന്ദിയും പറഞ്ഞു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ റഫീക്, ജി. ഹരിനായര്‍, ഷാനവാസ്, ഷാജഹാന്‍, വിനോദ് എന്നിവര്‍ കവി സല്ലാപത്തിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍