സൌദിയില്‍ അറേബ്യയില്‍ ബലദിയ തെരഞ്ഞെടുപ്പില്‍ വനിതാ സാന്നിധ്യം
Wednesday, February 19, 2014 9:46 AM IST
റിയാദ്: സൌദി അറേബ്യയിലെ ബലദിയ സഭകളില്‍ വനിത സാന്നിധ്യവും. അടുത്ത ബലദിയ സഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സൌദി വനിതകളെ പങ്കെടുപ്പിക്കുന്ന നടപടിക്രസമങ്ങള്‍ സംബന്ധിച്ച് വിവിധ ഗവണ്‍മെന്റ് വകുപ്പുകള്‍ നടത്തിയ പഠനത്തിന് സൌദി ഭരണാധികാരി അബ്ദുള്ള രാജാവ് അംഗീകാരം നല്‍കി.

ഇതനുസരിച്ച് സൌദി വനിതകള്‍ക്ക് ബലദിയ്യ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും വോട്ടു ചെയ്യുന്നതിനും അവകാശമുണ്ടായിരിക്കും. ഇവയ്ക്കാവശ്യമായ ഒരുക്കങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട സൌദി ഗ്രാമ ബലദിയ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.

ശരിഅത്ത് നിയമത്തിന് അടിസ്ഥാനമാക്കി പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ഒരുപോലെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനും മത്സരിക്കാനും പ്രചാരണം നടത്താനും ഒരുപോലെ അവകാശമുണ്ടായിരിക്കും. അവകാശങ്ങളില്‍ വേര്‍തിരിവ് പാടില്ല. വോട്ട് ചെയ്യാനും മത്സരിക്കാനും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. പോളിംഗ് ബുത്തുകളിലേക്ക് തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വേറെ വേറെ പോളിംഗ് ബുത്തുകള്‍ ഒരുക്കിയിരിക്കണം. സ്ത്രീകളുടെ പോളിംഗ് ബുത്തുകളില്‍ സ്ത്രീകള്‍ മാത്രം ഉള്‍പ്പെടുന്ന പ്രതേക തെരഞ്ഞെടുപ്പു സമിതി പ്രവര്‍ത്തിക്കും. പുരുഷന്മാരെ പോലെ വനിതകള്‍ക്കും തെരഞ്ഞെടുപ്പ പ്രചാരണത്തിന് അവകാശമുണ്ടായിരിക്കും. ഇതിനായി പുരുഷന്മാര്‍ ഉപയോഗിക്കുന്ന അതേ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അവകാശമുണ്ടായിരിക്കും. പുരുഷന്മാരെപ്പോലെ വനിതകള്‍ക്കും ബുത്ത് ഏജന്റിനെ നിയമിക്കാവുന്നതാണ്.

മുനിസിപ്പല്‍, ബലദിയ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ഥികള്‍ക്കും വോട്ടര്‍മാര്‍ക്കുമായി ഓഫീസുകള്‍ തുറക്കും. മുനിസിപ്പല്‍, ബലദിയ കേന്ദ്രങ്ങളില്‍ പരാതികള്‍ കേള്‍ക്കാനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുമുള്ള ലൈസന്‍സ് നല്‍കാനും ബൂത്ത് ഏജന്റുമാരേ റജിസ്റര്‍ ചെയ്യാനുമായി ഓഫീസുകള്‍ തുറക്കും. വോട്ടര്‍മാരുടെയോ, സ്ഥാനാര്‍ഥികളുടെയോ ഫോട്ടോ ആവശ്യപ്പെടില്ലെന്നും വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം