ആം ആദ്മി മീറ്റിംഗില്‍ കൊച്ചൌസേഫ് ചിറ്റിലപ്പള്ളി പങ്കെടുത്തു
Tuesday, February 18, 2014 10:27 AM IST
ന്യൂജേഴ്സി: അമേരിക്കയിലെ ആം ആദ്മി പ്രവര്‍ത്തകരായ മലയാളികള്‍ എല്ലാമാസവും രണ്ട് കോണ്‍ഫറന്‍സ് മീറ്റിംഗുകള്‍ നടത്താറുണ്ട്. മാസത്തിലെ ആദ്യ ബുധനാഴ്ചയും മൂന്നാമത്തെ ബുധനാഴ്ചയും. ഫെബ്രുവരി മാസത്തിലെ ടെലി കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ വിവിധ സ്റേറ്റുകളില്‍ നിന്ന് ഒട്ടേറെ ആം ആദ്മി പ്രവര്‍ത്തകര്‍ പങ്കുചേര്‍ന്നു.

അനില്‍ പുത്തന്‍ചിറ (ന്യൂജേഴ്സി), ജോ പേരാവൂര്‍ (ന്യൂയോര്‍ക്ക്), ബിനു ജോസഫ് (പെന്‍സില്‍വാനിയ), സക്കറിയ കുര്യന്‍ (ഡെലവേര്‍), ഫെബിന്‍ മുത്തേരില്‍ (ഇല്ലിനോയിസ്), വിനോദ് കൊണ്ടൂര്‍ ഡേവിഡ് (മിഷിഗണ്‍), സജി കരിമ്പന്നൂര്‍ (ഫ്ളോറിഡ), ജോര്‍ജ് കാക്കനാട്ട് (ടെക്സസ്), ജോണ്‍ പോള്‍ (സിയാറ്റില്‍), തമ്പി ആന്റണി (സാന്‍ഫ്രാന്‍സിസ്കോ), ജോസഫ് ഔസോ (ലോസ്ആഞ്ചലസ്), അലക്സ് കോശി (ന്യൂജേഴ്സി), റെജി ചെറിയാന്‍ (അറ്റ്ലാന്റാ) തുടങ്ങി ഒട്ടേറെ മലയാളികള്‍ ടെലി കോണ്‍ഫറന്‍സില്‍ വിവിധ വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഒരിക്കലും പ്രതീക്ഷാത്ത ഒരു അതിഥിയുമായി അനിയന്‍ ജോര്‍ജ് കടന്നുവന്നു. അത് മറ്റാരുമല്ല, മലയാളികളെല്ലാം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കൊച്ചൌസേഫ് ചിറ്റിലപ്പള്ളി. ആദര്‍ശജീവിതത്തിന് പകരം വെയ്ക്കാനാകാത്ത, സ്വന്തം വൃക്ക ദാനം ചെയ്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃക കാട്ടിയ കൊച്ചൌസേഫ് കേരള രാഷ്ട്രീയവും ഇന്ത്യന്‍ രാഷ്ട്രീയവും പ്രതിപാദിച്ചപ്പോള്‍ എല്ലാവരും അതീവ താത്പര്യത്തോടെ ശ്രവിച്ചു.

അഴിമതിയുടെ മൊത്തവില്‍പ്പനക്കാരായ കോണ്‍ഗ്രസും, വര്‍ക്ഷീയ സ്പര്‍ദ ആളിക്കത്തിച്ച് അധികാരം സ്വപ്നം കാണുന്ന ബി.ജെ.പിയും മറ്റ് പ്രാദേശിക കക്ഷികളും ഇന്ത്യയെ കോര്‍പറേറ്റ് ലോബികള്‍ക്ക് ഒറ്റിക്കൊടുക്കുകയായിരുന്നു. കേരളത്തിലാകട്ടെ ഇടതനും വലതനും മാറി മാറി ഭരിച്ച് കുട്ടിച്ചോറാക്കി. കൂടിവരുന്ന അഴിമതിയും സ്വജനപക്ഷപാതവും തൊഴിലില്ലായ്മയും യുവജനങ്ങളില്‍ ഭീതി പടര്‍ത്തിക്കഴിഞ്ഞു. സാധാരണക്കാരും, ഇടത്തരക്കാരനും കര്‍ഷകനും വിലക്കയറ്റത്തിന്റെ വേലിയേറ്റത്തില്‍ പെട്ട് ആത്മഹത്യയുടെ വക്കില്‍ എത്തിനില്‍ക്കുന്നു. ഇവിടെയാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തി- കൊച്ചൌസേഫ് തുറന്നടിച്ചു. ഇന്ത്യയെ-കേരളത്തെ നിങ്ങള്‍ മലയാളികള്‍ സ്നേഹിക്കുന്നുണ്െടങ്കില്‍ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും കമ്യൂണിസ്റ് പാര്‍ട്ടിയുടേയും മുഖംമൂടി പിച്ചിച്ചീന്തി ജനനന്മയ്ക്കായി ജനങ്ങളുടെ കൂട്ടായ്മയായ ആം ആദ്മി പാര്‍ട്ടിയില്‍ അണിചേരാന്‍ കൊച്ചൌസേഫ് ആഹ്വാനം ചെയ്തു. വിനോദ് കൊണ്ടൂര്‍ ഡേവിഡ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം