മനോജ് കെ. ജയന്‍ റിയാദില്‍; നാടകവേദി നാലാം വാര്‍ഷികം വെള്ളിയാഴ്ച
Friday, February 14, 2014 7:37 AM IST
റിയാദ്: പ്രവാസലോകത്തെ കലാ പ്രതിഭകളെ മലയാള നാടക കലയുമായി ബന്ധപ്പെടുത്തുന്നതിനായി നാലു വര്‍ഷം മുന്‍പ് റിയാദില്‍ രൂപീകൃതമായ നാടകം ഡോട്ട് കോം റിയാദ് നാടകവേദി ആന്‍ഡ് ചില്‍ഡ്രന്‍സ് തിയേറ്ററിന്റെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും ഈ വര്‍ഷത്തെ നാടകവേദി തിലകന്‍ പുരസ്കാരം ഏറ്റുവാങ്ങുന്നതിനുമായി പ്രമുഖ സിനിമാ താരം മാനോജ് കെ. ജയന്‍ റിയാദിലെത്തി. റിയാദിലെ ശിഫ സനാന്ദയിലെ അല്‍ വനാസ ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച നടക്കുന്ന വാര്‍ഷിക പരിപാടിയില്‍ ചരിത്ര നായകനായ കുക്ഷാലി മരയ്ക്കാരുടെ സ്മരണകളുണര്‍ത്തുന്ന 'കുക്ഷാലി മരയ്ക്കാര്‍' നാടകം അരങ്ങേറും. പ്രമുഖ നാടക സംവിധായകനായ ജയന്‍ തിരുമനയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഏറെ പുതുമകളുള്ള ഈ നാടകം കേരള ചരിത്രത്തില്‍ ഏറെ വ്യത്യസ്തമായൊരു ഖണ്ഡത്തിന്റെ നാടകാവിഷ്കാരമാണെന്ന് പിന്നണിയിലുള്ളവര്‍ അവകാശപ്പെട്ടു.

കേരള സംഗീത നാടക അക്കാഡമിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന നാടകവേദി ഇതിനകം ഒട്ടേറെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് തിയേറ്റര്‍ വളരുന്ന പ്രവാസി പ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതില്‍ ബദ്ധശ്രദ്ധരാണ്. 'കുക്ഷാലി മരയ്ക്കാര്‍' എന്ന നാടകം ആവിഷ്കരിക്കുന്നതിന് ഏറെ സാമ്പത്തികച്ചിലവും ഇവിടുത്തെ പരിമിതമായ സൌകര്യങ്ങളില്‍ വളരെ പ്രയാസവുമനുഭവിച്ചിട്ടുണ്െടന്ന് നാടകവേദി ചെയര്‍മാന്‍ നിത്സാര്‍ ജമീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ജയന്‍ തിരുമനക്ക് അഭിനേതാക്കളെക്കുറിച്ചും പിന്നണിയിലുള്ളവരെക്കുറിച്ചും മികച്ച അഭിപ്രായമാണ്. റിയാദില്‍ നിന്നും തെരഞ്ഞെടുത്ത മലയാളികളും സൌദി, സുഡാനി തുടങ്ങിയവരുമടങ്ങുന്ന ഒരു വന്‍ താരനിര നാടകത്തില്‍ അഭിനയിക്കുന്നുണ്ട്.

വെള്ളി വൈകുന്നേരം ഏഴിന് തുടങ്ങുന്ന പരിപാടിയില്‍ സാംസ്കാരിക സമ്മേളനവും തിലകന്‍ പുരസ്കാര സമര്‍പ്പണത്തിനുശേഷം വിവിധ ഇന്ത്യന്‍ സ്കൂള്‍ കുട്ടികളവതരിപ്പിക്കുന്ന രംഗാവിഷ്കാരങ്ങളുമാണ് ആദ്യം നടക്കുക. ചടങ്ങ് മനോജ് കെ. ജയന്‍ ഉദ്ഘാടനം ചെയ്യും. മലയാള സിനിമയില്‍ വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മനോജ് കെ. ജയന്‍ കളിയച്ഛന്‍, കഥവീട്, അര്‍ധനാരി തുടങ്ങിയ സിനിമകളിലെ അഭിനയം കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നതെന്ന് ചീഫ് കോഓര്‍ഡിനേറ്റര്‍ ദീപക് കലാനി പറഞ്ഞു.

ഇതിനുമുമ്പ് നാടകവേദിയുടെ പ്രഥമ തിലകന്‍ പുരസ്കാരം നേടിയത് പ്രമുഖ ചലച്ചിത്ര സംവിധായകനായ രഞ്ജിത്തായിരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷങ്ങളുടെ പ്രയോജകരായ ക്ളിക്കോണ്‍ എംഡി നാസര്‍ അബൂബക്കര്‍, സുജാബ് മോന്‍ തുടങ്ങിയവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍