ഉള്ളാള്‍ തങ്ങള്‍ അനുസ്മരണ സംഗമം നടത്തി
Wednesday, February 12, 2014 8:30 AM IST
ജിദ്ദ: ഐസിഎഫ് ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി മര്‍ഹബയില്‍ സംഘടിപ്പിച്ച ഉള്ളാള്‍ തങ്ങള്‍ അനുസ്മരണ സംഗമത്തില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ സംബന്ധിച്ചു.

സമൂഹത്തില്‍ വൈജ്ഞാനിക മുന്നേറ്റം നടത്തിയവരില്‍ പ്രമുഖ സ്ഥാനം വഹിച്ച മഹാഗുരുവായിരുന്നു ഉള്ളാള്‍ തങ്ങളെന്ന് സംഗമത്തില്‍ സംബന്ധിച്ച നേതാക്കള്‍ പറഞ്ഞു. സത്യത്തിനു വേണ്ടി നിലകൊള്ളുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം പുലര്‍ത്തിയ ഉള്ളാള്‍ സയ്യിദ് അബ്ദുള്‍ റഹ്മാന്‍ ബുഖാരി തങ്ങള്‍ അശരണര്‍ക്ക് എക്കാലത്തും ആശ്രയമായിരുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കൊട്ടൂക്കര മുഅ്യിദ്ദീന്‍ സഅദി കൊല്ലം ഖാദിസിയ്യ അറബിക് കോളജ് കാര്യദര്‍ശി ശഫീഖ് മിസ്ബാഹി സംഗമം ഉദ്ഘാടനം ചെയ്തു. താജുല്‍ ഉലമ എന്ന സ്ഥാനപ്പേര് ശരിക്കും അന്വര്‍ഥമാക്കിയിരുന്ന ഉള്ളാള്‍ തങ്ങള്‍ നീണ്ട അറുപത് വര്‍ഷക്കാലമാണ് സയ്യിദ് മദനി അറബിക് കോളജില്‍ ദര്‍സ് നടത്തിയത്. ബുഖാരി പോലുള്ള ഹദീസ് ഗ്രന്ഥങ്ങള്‍ മന:പാഠമുണ്ടായിരുന്ന അദ്ദേഹം കിതാബ് പോലും നോക്കാതെയാണ് ദര്‍സ് നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ വിയോഗം പണ്ഡിതലോകത്ത് തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പുരോഗതിക്ക് പണ്ഡിതോചിതമായ ഇടപെടലുകള്‍ നടത്തിയിരുന്ന ഉള്ളാള്‍ തങ്ങളുടെ വേര്‍പാട് നികത്താനാവാത്ത വിടവാണ് പണ്ഡിതലോകത്തുണ്ടാക്കുന്നതെന്ന് കുഞ്ഞാവുട്ടി എ.ഖാദിര്‍ (ഐഎംസിസി) അഭിപ്രായപ്പെട്ടു. വലിയ പണ്ഡിതനേയും സാംസ്കാരിക കേരളത്തിന് ആര്‍ജ്ജവമുള്ള ഒരു നേതാവിനേയുമാണ് നഷ്ടമായിരിക്കുന്നതെന്ന് റൌഫ് (നവോദയ) പറഞ്ഞു. പണ്ഡിതലോകത്ത് പ്രശോഭിച്ച് നിന്നിരുന്ന ഉള്ളാള്‍ തങ്ങളുടെ വിയോഗവാര്‍ത്ത കനത്ത ആഘാതമാണ് തന്നിലുണ്ടാക്കിയതെന്ന് അബ്ദുള്‍ മജീദ്(ഒഐസിസി) പറഞ്ഞു.

ദിശാബോധം നല്‍കി സമൂഹത്തിന് കരുത്ത് പകര്‍ന്നിരുന്ന ഉന്നത നേതാവായിരുന്നു ഉള്ളാള്‍ തങ്ങളെന്ന് സിദ്ധീഖ് മൌലവി മഞ്ഞപ്പെട്ടി (പിസിഎഫ്) പറഞ്ഞു.

ആര്‍ജവത്തോടെ ആദര്‍ശം പറയുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്ത് മാതൃക കാട്ടിയ മഹത്ഗുരുവായിരുന്നു ഉള്ളാള്‍ തങ്ങളെന്ന് അബ്ദുള്‍ സലാം മുസ്ലിയാര്‍ പൊന്നാട് (ആര്‍എസ്സി) പറഞ്ഞു.

നേരത്തേ വിവിധ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക നേതാക്കള്‍ മര്‍ഹബയിലെത്തി അനുശോചനം അറിയിച്ച് സുന്നീ സമൂഹത്തിന്റെ വേദനയില്‍ പങ്കുകൊണ്ടു. സംഗമത്തില്‍ അബ്ദുള്‍ റഹ്മാന്‍ മളാഹിരി അധ്യക്ഷത വഹിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 52 സുന്നീ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംഗമത്തില്‍ സംബന്ധിച്ചു. മുജീബ് എആര്‍ നഗര്‍ സ്വാഗതവും ഹനീഫ് ബേര്‍ക്ക നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍