എബിസി കാര്‍ഗോ സെവന്‍സ് ഫുട്ബോള്‍ മേളക്ക് ഫെബ്രുവരി 20ന് തുടക്കം
Tuesday, February 11, 2014 10:09 AM IST
ദമാം: അല്‍കോബാര്‍ യുനൈറ്റഡ് ഫുട്ബോള്‍ ക്ളബിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബോള്‍ മേളക്ക് ഫെബ്രുവരി 20ന് തുടക്കം.

പ്രമുഖരായ 20 ടീമുകള്‍ മാറ്റുരക്കുന്ന മല്‍സരങ്ങള്‍ വ്യാഴാഴ്ചകളില്‍ അല്‍കോബാര്‍ അല്‍ ഗൊസൈബി ഫ്ളഡ്ലിറ്റ് സ്റേഡിയത്തിലാണ് നടക്കുക. ഒരു ദിവസം രണ്ടു കളികളുണ്ടാകും. രാത്രി പത്തിനായിരിക്കും ആദ്യ മല്‍സരം. ആദ്യമായാണ് 20 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് കിഴക്കന്‍ പ്രവിശ്യയില്‍ സംഘടിപ്പിക്കപ്പെടുന്നതെന്ന് സംഘാടക സമിതി മുഖ്യരക്ഷാധികാരി ടി.പി.എം. ഫസല്‍, ക്ളബ് ആക്ടിംഗ് പ്രസിഡന്റ് സി. അബ്ദുല്‍ റസാക്, മിഡീയ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് കോഓര്‍ഡിനേറ്റര്‍ മുജീബ് കളത്തില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവാസി മലയാളികളുടെ നേത്യത്വത്തിലുള്ള ക്ളബുകള്‍ക്ക് പുറമേ ഇന്തോനേഷ്യക്കാരുടെ രണ്ടു ടീമുകളും പങ്കെടുക്കും. ദേശീയ-സംസ്ഥാന താരങ്ങള്‍ വിവിധ ടീമുകള്‍ക്കുവേണ്ടി ജേഴ്സിയണിയും. വിജയികള്‍ക്ക് എബിസി കാര്‍ഗോ ട്രോഫിയും റണ്ണേഴ്സിന് മുഹമ്മദ് ദോസരി ഹോസ്പിറ്റല്‍ ട്രോഫിയും സമ്മാനിക്കും. ഫൈനലിലെത്തുന്ന ടീമുകള്‍ക്ക് എക്സ്പ്രസ് മണി കാഷ് അവാര്‍ഡ് നല്‍കും. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ ഓരോ ഗോളിനും സ്കോറര്‍ക്ക് ഇന്‍ഡോമിയുടെ പാരിതോഷികം ലഭിക്കും. മല്‍സരത്തിന്റെ ഇടവേളകളില്‍ കാണികള്‍ക്കായി സംഘടിപ്പിക്കുന്ന ഫുട്ബോള്‍ പ്രശ്നോത്തരിയില്‍ വിജയിക്കുന്നവര്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങളുണ്ടാകും. പ്രമുഖ വ്യാപാര വാണിജ്യ സ്ഥാപനങ്ങളായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ജെറ്റ് എയര്‍വേയ്സ്, സിറ്റി ഫ്ളവര്‍, അല്‍ മറായ് തുടങ്ങിയ സ്ഥാപനങ്ങള്‍ സഹപ്രായോജകരായി മേളയോട് സഹകരിക്കുന്നുണ്ട്.

എബിസി കാര്‍ഗോ ഫുട്ബോള്‍ മേള വിജയിപ്പിക്കാന്‍ സംഘാടക സമിതി ഫുട്ബോള്‍ ആരാധകരുടേയും സാമൂഹ്യ സംസ്കാരിക സംഘടനകളുടേയും സഹകരണം അഭ്യര്‍ഥിച്ചു. ഇതു മൂന്നാം തവണയാണ് യുഎഫ്സിയുമായി സഹകരിച്ച് എബിസി കാര്‍ഗോ ഫുട്ബോള്‍ മേള സംഘടിപ്പിക്കുന്നതെന്ന് ഡയറക്ടര്‍ റംഷിദ് വാഴക്കാട്, ദമാം ബ്രാഞ്ച് മാനേജര്‍ അസീസ് മേപ്പാടി എന്നിവര്‍ പറഞ്ഞു. മികച്ച സംഘാടനം കൈമുതലായ യുഎഫ്സിയുമായി സഹകരിക്കുന്നതില്‍ മാനേജ്മെന്റിന് ഏറെ താല്‍പര്യവും അഭിമാനവുമുണ്െടന്ന് പ്രതിനിധികള്‍ കൂട്ടിചേര്‍ത്തു. എബിസി കാര്‍ഗോ സംഘടിപ്പിക്കുന്ന ഫുട്ബോള്‍ മേളക്ക് കിഴക്കന്‍ പ്രവിശ്യയിലെ മുഴുവന്‍ ക്ളബുകളുടേയും എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റിയാസ് പറളി പറഞ്ഞു. മേളയുടെ ലോഗോ, ഫിക്സ്ചര്‍, കിക്കോഫ് സുവനീര്‍ എന്നിവ വെള്ളിയാഴ്ച അല്‍കോബാറില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ടൂര്‍ണമെന്റിന്റെ വിജയത്തിനായി 51 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. 2012 ല്‍ യുനൈറ്റഡ് എഫ്സി സംഘടിപ്പിച്ച ഫുട്ബോള്‍മേള കിഴക്കന്‍ പ്രവിശ്യ ദര്‍ശിച്ച മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായിരുന്നുവെന്ന് ഫുട്ബോള്‍ ആരാധകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മേളയില്‍ നിന്നും ലഭിക്കുന്ന വരുമാനം പതിവ് പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ദമാം മീഡിയ ഫോറം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ ചെലവിലേക്ക് ക്ളബ് ധനസഹായം നല്‍കും.

അഞ്ചു വര്‍ഷമായി കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് എഫ്സി വിവിധ ടൂര്‍ണമെന്റുകളില്‍ ജേതാക്കളായിട്ടുണ്ട്. റിയാദ് കെഎംസിസി സംഘടിപ്പിച്ച ദേശീയ ഫുട്ബോള്‍ മേളയിലും കീരീടം നേടി. പല സന്ദര്‍ഭങ്ങളിലായി നാട്ടില്‍ നിന്നെത്തിയ ദേശീയ-സംസ്ഥാന താരങ്ങള്‍ ജേഴ്സിയണിഞ്ഞിട്ടുണ്ട്. അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഇത് അഞ്ചാം തവണയാണ് വിപുലമായ രൂപത്തില്‍ ഫുട്ബോള്‍ മേള സംഘടിപ്പിക്കുന്നത്. പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി കായിക-സാമൂഹിക രംഗത്തെ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ടച്ച്ലൈന്‍ സുവനീര്‍ പുറത്തിറക്കാന്‍ സാധിച്ചത് ക്ളബ് അഭിമാനമായി കരുതുന്നു. പുതുതാരങ്ങളെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച പോഷക ക്ളബ് അഡിഡ ഡെക്കോര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്െടന്നും ഭാരവാഹികള്‍ അവകാശപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം