രണ്ടാമത് പ്രവാസി കായികമേള ഫെബ്രുവരി 11, 21 തീയതികളില്‍
Monday, February 10, 2014 9:39 AM IST
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ ഔദ്യോഗിക പരിപാടികളുടെ ഭാഗമായി അല്‍ അറബി സ്പോര്‍ട്സ് ക്ളബുമായി സഹകരിച്ച് യൂത്ത്ഫോറം സംഘടിപ്പിക്കുന്ന രണ്ടാമത് പ്രവാസി കായികമേള ഫെബ്രുവരി 11, 21 തീയതികളില്‍ നടക്കും.

ഖത്തര്‍ ദേശീയ കായിക ദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഖത്തറിലെ മലയാളി സമൂഹത്തിനിടയില്‍ ആരോഗ്യകരമായ മത്സരത്തിന് വേദിയൊരുക്കുകയും കായിക അവബോധം സൃഷ്ടിക്കുകയുമാണ് പ്രവാസി കായികമേള കൊണ്ട് ലക്ഷ്യമിടുന്നത്. ഖത്തറിന്റെ വിപുലമായ കായിക സംരംഭങ്ങള്‍ക്ക് പൊതുവായും 2022 ല്‍ രാജ്യം ആതിഥ്യമരുളുന്ന ലോകകപ്പ് ഫുട്ബോളിന് സവിശേഷമായും മലയാളി പ്രവാസി സമൂഹത്തിന്റെ പിന്തുണ വിളിച്ചറിയിക്കുക കൂടിയാണ് മേളയുടെ മുഖ്യലക്ഷ്യമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കായിക, സാംസ്കാരിക രംഗങ്ങളില്‍ ഉഭയകക്ഷി സഹകരണത്തിനുള്ള ധാരാണാ പത്രം അല്‍ അറബി സ്പോര്‍ട്സ് ക്ളബുമായി ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷനും യൂത്തു ഫോറവും ഒപ്പുവച്ചതായി ക്ളബ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഖത്തര്‍ സ്കൌട്ട് ആന്‍ഡ് ഗൈഡ്സ് അസോസിയേഷന്‍ കമ്മീഷണര്‍ ജനറലുമായ അബ്ദുള്ള മഹ്മൂദ് അബ്ദുള്ള അറിയിച്ചു. ഈ വര്‍ഷത്തെ ദേശീയ കായികദിനാഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ ഔദ്യോഗിക പരിപാടികളിലൊന്നായ രണ്ടാമത് പ്രവാസി കായികമേളക്ക് മുഴുവന്‍ പിന്തുണയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ദേശീയ കായികദിനമായ ഫെബ്രുവരി 11 ന് (ചൊവ്വാ) ഉച്ചകഴിഞ്ഞ് രണ്ടിന് വക്റ ബര്‍വ വില്ലേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിലാണ് മേളക്ക് തുടക്കം കുറിക്കുക. ആദ്യദിന മത്സരങ്ങള്‍ അല്‍ അറബി സ്പോര്‍ട്സ് ക്ളബ് മാര്‍ക്കറ്റിംഗ് മാനേജര്‍ അഹ്മദ് അബ്ദുള്ള അല്‍ നിഅ്മ ഉദ്ഘാടനം ചെയ്യും. ഐസിബിഎഫ് പ്രസിഡന്റ് കരീം അബ്ദുള്ള, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.സി അബ്ദുള്‍ ലത്തീഫ്, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സുഭാഷ് നായര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. വോളിബോള്‍, കമ്പവലി, പഞ്ചഗുസ്തി, ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് എന്നീ മത്സരങ്ങളാണ് ആദ്യദിനം നടക്കുക.

അത്ലറ്റിക് മത്സരങ്ങള്‍ക്ക് ഫെബ്രുവരി 21 ന് (വെള്ളി) അല്‍ അറബി സ്പോര്‍ട്സ് ക്ളബ് വേദിയാകും. രാവിലെ ഏഴു മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. മേളയുടെ ഔപചാരിക ഉദ്ഘാടന ചടങ്ങിന് മേളയില്‍ പങ്കെടുക്കുന്ന 18 ടീമുകളും അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റോടെയാണ് തുടക്കമാവുക. വിവിധ കലാസാംസ്കാരിക പ്രകടനങ്ങള്‍ മാര്‍ച്ച് പാസ്റിന് മാറ്റൂകൂട്ടും. 100 മീറ്റര്‍, 200 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, ലോംഗ് ജംപ്, ഹൈ ജംപ്, ഷോട്ട്പുട്ട്, ജാവലിംഗ് ത്രോ, 4ത100 റിലേ എന്നീ ഇനങ്ങളിലാണ് രണ്ടാം ദിനത്തിലെ മത്സരങ്ങള്‍. കൂടാതെ കമ്പവലി സെമി, ഫൈനല്‍ മത്സരങ്ങള്‍ നടക്കും. വോളിബോല്‍ സെമി, ഫൈനല്‍ മത്സരങ്ങള്‍ ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ ഇന്റോര്‍ സ്റ്റേഡിയത്തിലാണ് അരങ്ങേറുക.

വൈകുന്നേരം നാലിന് അല്‍ അറബി ക്ളബിലെ പ്രധാന സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നടക്കും. ആദ്യ മൂന്ന് സ്ഥാനക്കാരായ മത്സരാര്‍ഥികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും നല്‍കും. വ്യക്തിഗത ഇനങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന കായിക താരത്തെ മേളയുടെ താരമായി പ്രഖ്യാപിക്കുകയും ട്രോഫി സമ്മാനിക്കുകയും ചെയ്യും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യനാകുന്ന ടീം, രണ്ട് മൂന്ന് സ്ഥാനക്കാര്‍ എന്നിവര്‍ക്കും ട്രോഫികള്‍ നല്‍കും.

ഖത്തറിലെ വിവിധ മലയാളി കൂട്ടായ്മകളെ പ്രതിനിധീകരിക്കുന്ന 18 ടീമുകളാണ് മേളയില്‍ മാറ്റുരക്കുക.

ടീമുകള്‍ : മാപ്പ് ഖത്തര്‍, എഡ്മാക് എറണാകുളം, ഇന്‍കാസ് മലപ്പുറം, വോളിക് ഖത്തര്‍, തൃശൂര്‍ ജില്ലാ സൌഹൃദവേദി, മാക് ഖത്തര്‍, സ്കിയ ഖത്തര്‍, ദിവാ കാസര്‍ഗോഡ്, കോഴിക്കോട് പ്രവാസി അസോസിയേഷന്‍, തൃശൂര്‍ യൂത്ത്ക്ളബ്, ക്യു.പി.എ ഖത്തര്‍, യൂത്ത് ക്ളബ് അല്‍ഖോര്‍, ക്യു.സി.എം.സി ഖത്തര്‍, എടവനക്കാട് മഹല്ല് അസോസിയേഷന്‍, കണ്ണൂര്‍ ജില്ലാ അസോസിയേഷന്‍, കിംസ് ഖത്തര്‍, വെപെക്സ് തൃശൂര്‍, യൂത്ത് ക്ളബ് ദോഹ എന്നിവയാണ്.

അല്‍ അറബി സ്പോര്‍ട്സ് ക്ളബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുള്ള മഹ്മൂദ് അബ്ദുള്ള, അല്‍ അറബി സ്പോര്‍ട്സ് ക്ളബ് ഡയറക്ടര്‍ ബോര്‍ഡ് അംഗം അബ്ദുറഹ്മാന്‍ അല്‍ ഖുലൈഫി, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.സി അബ്ദുള്‍ ലത്തീഫ്, അല്‍ അറബി ക്ളബ് ജനറല്‍ മാനേജര്‍ സാബിര്‍ ഫറാജ് അബൂ അയ്ത്ത, യൂത്ത്ഫോറം പ്രസിഡന്റ് എസ്.എ ഫിറോസ്, വൈസ് പ്രസിഡന്റ് സമീര്‍ കാളികാവ്, കായികമേള സംഘാടക സമിതി വൈസ് ചെയര്‍മാന്‍ എച്ച്. അബ്ദുറഹ്മാന്‍, ജനറല്‍ കണ്‍വീനര്‍ സമീഉല്ല വി.എ, യൂത്ത്ഫോറം പി.ആര്‍ ആന്‍ഡ് മീഡിയ സെക്രട്ടറി സലീല്‍ ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: എം.കെ ആരിഫ്