ശിഹാബ് കൊട്ടുകാടിന് കരുനാഗപ്പള്ളി പ്രവാസി താലുക്ക് സംഗമം സ്വീകരണം നല്‍കി
Monday, February 10, 2014 9:18 AM IST
ജിദ്ദ: പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും സൌദി അറേബ്യയിലെ സാമൂഹിക ജീവ കാരുണ്യമേഖലകളിലെ നിറസാന്നിധ്യവുമായ ശിഹാബ് കൊട്ടുകാടിന് ജിദ്ദയിലെ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയായ കരുനാഗപ്പള്ളി താലുക്ക് സംഗമം ആവേശ്വജ്ജലമായ സ്വീകരണം നല്‍കി.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി കൊട്ടുകാട് സ്വദേശിയായ അദ്ദേഹത്തിന് 'ജന്മനാടിന്റെ സ്നേഹ ആദരവ്' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക ജീവകാരുണ്യ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. ഫല്ലാത്ത ബിസിനസ് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഇബ്രാഹിം ഫല്ലാത്ത പൊന്നാടയും ജാബര്‍ ഷംറാനി ഉപഹാരവും സമ്മാനിച്ചു.

തനിക്കു നല്‍കിയ സ്നേഹോഷ്മളമായ സ്വീകരണത്തിന് ശിഹാബ് കൊട്ടുകാട് നന്ദി അറിയിച്ചു. കരുനാഗപ്പള്ളി താലുക്ക്സംഗമം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാ കൂട്ടായ്മകള്‍ക്കും ഒരുമാതൃകയാണെന്നും സംഗമത്തിന്റെ പെന്‍ഷന്‍ പദ്ധതി തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തനിക്കുകിട്ടിയ ഈ അംഗീകാരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കൂടിയുള്ളതാനെന്നു അദ്ദേഹം പറഞ്ഞു.

സംഗമം പ്രസിഡന്റ് ശ്രീനവാസ് കാട്ടുംപുറത്ത് അധ്യക്ഷത വഹിച്ച യോഗം ഷരീഫ് കുഞ്ഞ് (ഒഐസിസി ഗ്ളോബല്‍ സെക്രട്ടറി) ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കണ്‍വീനര്‍ എം.കെ ബഷീര്‍ സ്വാഗതവും സെക്രട്ടറി ലോഹിതദാസ് നന്ദിയും പറഞ്ഞു. വി.കെ റൌഫ് (രക്ഷാധികാരി നവോദയ), പി.പി റഹിം (ജെകെഎഫ് കണ്‍വീനര്‍) പി.എം.എ.ജലീല്‍ (കെഎംസിസി വൈസ് പ്രസിഡന്റ്) അബ്ദുള്ള കുട്ടി (ഐഎംസിസി നാഷണല്‍ സെക്രട്ടറി), പ്രഫസര്‍ റയനോള്‍ഡ്, മുഹമ്മദ് റാസിക് (മാനേജിംഗ് കമ്മിറ്റി ഇന്ത്യന്‍ എംബസി സ്കൂള്‍), ഗോപി നെടുങ്ങാടി, സുള്‍ഫിക്കര്‍ ഒതായി (പ്രസിഡന്റ് മീഡിയ ഫോറം), സി.എം ഹബീബ് (വൈസ് പ്രസിഡന്റ് പിആര്‍സി റിയാദ്), അഷറഫ് കണിയാപുരം (ടിഎസ്എസ്), അബ്ദുല്‍ സലാം (സവാ) നിസാര്‍ പുതുപ്പള്ളി (ട്രഷറര്‍ കെടി എസ്) എന്നിവര്‍ ആശംസകള്‍ നിരന്നു.

ജീവകാരുണ്യ മേഘലയിലെ പകരം വയ്ക്കാന്‍ ആകാത്ത വ്യക്തിത്തമാണ് ശിഹാബ് കൊട്ടുകാടിന്റേതെന്നു ആശംസ പ്രാസംഗികര്‍ ഓര്‍മിപ്പിച്ചു. നൂറ്റി നാല്‍പ്പതില്‍പരം കരുനാഗപ്പള്ളി നിവാസികള്‍ക്ക് തൊഴില്‍ നല്‍കുന്ന അബ്ദുറഹ്മാന്‍ ഇബ്രാഹിം ഫല്ലാത്തയെ ശിഹാബ് കൊട്ടുകാട് അനുമോദിച്ചു. 2013-14 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപഹാരം യൂസുഫ് തിഗാനയും, മികച്ച കലാപരിപടികള്‍ക്ക് രേഖ ജോയിയും ഏറ്റുവാങ്ങി. റഷീദ് നീലൂട്ടില്‍, നാസര്‍പന്മന, റിയാസ് ചക്കാലത്ത്, പുഷ്പകുമാര്‍, ഹുമയൂണ്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കുള്ള സമ്മാനം ശിഹാബ് കൊട്ടുകാട് വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍