സാന്ത്വനം കുവൈറ്റിന്റെ പതിമൂന്നാമത് വാര്‍ഷികം നടത്തി
Monday, February 10, 2014 9:15 AM IST
കുവൈറ്റ്: ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് പരക്കെ അംഗീകാരം നേടിയ സാന്ത്വനം കുവൈറ്റ് പതിമൂന്നാമത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. ജനുവരി 31ന് (വെള്ളി) വൈകുന്നേരം അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കുവൈറ്റിലെ സാമൂഹ്യ, സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രധാന വ്യക്തികളും സംഘടനയിലെ അംഗങ്ങളും പങ്കെടുത്തു.

ഇന്ത്യന്‍ എംബസിയിലെ സാമൂഹ്യ വിദ്യാഭ്യാസ ക്ഷേമ വകുപ്പ് ഉപമേധാവി ജെ.എസ് ഡാങ്കി ചടങ്ങില്‍ വിശിഷ്ഠാഥിതി ആയിരുന്നു. സാന്ത്വനം പ്രസിഡന്റ് ടി.എസ് ശശീന്ദ്രന്‍ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സാന്ത്വനത്തിന്റെ വാര്‍ഷിക സുവനീയറായ സ്മരണിക 2013 വിശിഷ്ഠാതിഥി ജെ.എസ് ഡാങ്കി പ്രകാശനം ചെയ്തു. ചടങ്ങില്‍ മലയില്‍ മൂസക്കോയ, ജോണ്‍ മാത്യു, തോമസ് കടവില്‍, അഡ്വ. ജോണ്‍ തോമസ്, സുരേഷ് കൃഷ്ണ, സാം പൈനുംമൂട്, സത്താര്‍ കുന്നില്‍ എന്നീ വിശിഷ്ഠാതിഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പുറമെ സാന്ത്വനത്തിന്റെ അംഗങ്ങളും സംബന്ധിച്ചു.

സെക്രട്ടറി കെ. രമേശന്‍ 2013 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി കുവൈറ്റിലും കേരളത്തിലുമായി നിര്‍ധനരായ രോഗികള്‍ക്ക് ഒരു കോടിയിലധികം രൂപയുടെ ചികിത്സാസഹായം നല്‍കുവാന്‍ സാന്ത്വനത്തിന് കഴിഞ്ഞതായി അറിയിച്ചു. ട്രഷറര്‍ പോളച്ചന്റെ അഭാവത്തില്‍ സന്തോഷ് കുമാര്‍ കഴിഞ്ഞവര്‍ഷത്തെ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

2001 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സാന്ത്വനം കഴിഞ്ഞ 13 വര്‍ഷത്തിനുള്ളില്‍ കേരളത്തിലും കുവൈറ്റിലുമായി മാറാരോഗങ്ങളാല്‍ വേദനയനുഭവിക്കുന്ന 6000ലധികം നിര്‍ധനരായ രോഗികള്‍ക്ക് 4.12 കോടിയിലധികം രൂപയുടെ വൈദ്യചികിത്സാസഹായം ലഭ്യമാക്കി. കൂടാതെ ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘടന കാസര്‍ഗോഡ്, ഇടുക്കി, വയനാട്, പാലക്കാട് എന്നിവിടങ്ങളിലെ നിരവധി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പുനരധിവാസ സഹായം നല്‍കി മാതൃകാപരമായ പ്രവര്‍ത്തനം നടത്തുകയുണ്ടായി.

പൊതുചര്‍ച്ചയ്ക്കും 2014ലെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജ്യോതിദാസ് (പ്രസിഡന്റ്) എം.എന്‍ രവീന്ദ്രന്‍ (ജനറല്‍ സെക്രട്ടറി), പി. സന്തോഷ്കുമാര്‍ (ട്രഷറര്‍) തുടങ്ങിയവരുള്‍പ്പെടുന്ന ഏഴ് അംഗം ഔദ്യോഗിക ഭരണസിമിതിയും 13 പേരടങ്ങുന്ന എക്സിക്യൂട്ടീവ് സംഘവും ആറു പേരുള്‍ക്കൊള്ളുന്ന ഉപദേശക സമിതിയും 12 പേരടങ്ങുന്ന ഏരിയ വര്‍ക്കിംഗ് കമ്മിറ്റി സംഘവും ഒരു ഓഡിറ്ററുമാണ് പുതിയതായി ചുമതലയേറ്റത്.

സാന്ത്വനമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ംംം,മിെവേംമിമാ.രീാ എന്ന വെബ്സൈറ്റ് വഴിയോ മിെവേംമിമാ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്