സമസ്ത കേന്ദ്ര മദ്രസ വാര്‍ഷികാഘോഷവും മീലാദ് ഫെസ്റും ഫെബ്രുവരി ഏഴിന് അല്‍ രാജാ സ്കൂളില്‍
Thursday, February 6, 2014 9:04 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ മനാമയില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേന്ദ്ര മദ്രസയുടെ വാര്‍ഷികാഘോഷവും മീലാദ് സമ്മേളനവും ഫെബ്രുവരി ഏഴിന് (വെള്ളി) വൈകുന്നേരം നാലു മുതല്‍ 11 വരെ മനാമയിലെ ശിഫ അല്‍ജസീറ ഹോസ്പിറ്റലിനനു സമീപമുള്ള അല്‍ രാജ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ബുര്‍ദ മജ്ലിസ്, സീനിയര്‍, ജൂണിയര്‍ വിദ്യാര്‍ഥികളുടെ ദഫ് പ്രദര്‍ശനത്തോടൊപ്പം 250 ഓളം വിദ്യാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അറബി പണ്ഢിതരടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. സമസ്ത പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങളുടെ ഉദ്ബോധനവും പ്രത്യേക പ്രാര്‍ഥനാ മജ്ലിസും ഉണ്ടായിരിക്കും.

മുത്തുനബി സ്നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്രകമ്മിറ്റി നടത്തി വരുന്ന നബിദിനന കാമ്പയിന്റെ ഭാഗമായാണ് മദ്രസ മീലാദ് ഫെസ്റും സംഘടിപ്പിച്ചിരിക്കുന്നത്. കാമ്പയിന്റെ സമാപനം വിവിധ പരിപാടികളോടെ ഫെബ്രുവരി 14ന് പാക്കിസ്ഥാന്‍ ക്ളബില്‍ നടക്കും.