'തൊട്ടാവാടി' പ്രകൃതിയെ തൊട്ടറിഞ്ഞ കുട്ടികളുടെ പരിസ്ഥിതി ക്യാമ്പും രക്ഷാകര്‍ത്താക്കളുടെ സംഗമവും
Wednesday, February 5, 2014 7:44 AM IST
ഷാര്‍ജ: യുഎയിലെ സാംസ്കാരിക സംഘടനയായ പ്രസക്തി ഷാര്‍ജയില്‍ സംഘടിപ്പിച്ച കുട്ടികളുടെ പരിസ്ഥിതി ക്യാമ്പ് വിനോദത്തോടോപ്പം വിജ്ഞാനവും പകരുന്നതായിരുന്നു. നഴ്സറി തലം മുതല്‍ പത്താം ക്ളാസുവരെയുള്ള കുട്ടികളാണ് 'തൊട്ടാവാടി' പരിസ്ഥിതി ക്യാമ്പില്‍ പങ്കെടുത്തത്.

കുട്ടികളുടെ ക്യാമ്പ് ഡയറക്ടര്‍ ഡോ. ഷീജ ഇക്ബാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിയ പ്രസാദിന്റെ ഗനാലാപത്തോടുകൂടിയാണ് തൊട്ടാവാടി പരിസ്ഥിതി ക്യാമ്പ് ആരംഭിച്ചത്. തുടര്‍ന്നു പരിസ്ഥിതി പ്രവര്‍ത്തകരായ പ്രസന്ന വേണു, ജാസിര്‍ എരമംഗലം എന്നിവര്‍ നയിച്ച 'കേരളത്തിലെ ചെടികള്‍', 'ഔഷധ സസ്യങ്ങള്‍' എന്നീ വിഷയത്തിലുള്ള ക്ളാസുകള്‍ കുട്ടികളില്‍ പരിസ്ഥിതി ആഭിമുഖ്യം വളര്‍ത്താന്‍ പര്യാപ്തമായിരുന്നു. 'പ്രകൃതിയിലൂടെ സസ്യങ്ങളുടെ പേരു ചേര്‍ത്തുവച്ച കളി', സസ്യങ്ങളെ തിരിച്ചറിയല്‍ എന്നിവ വേറിട്ട അനുഭവമായിരുന്നു. പ്രസക്തി ജനറല്‍ സെക്രട്ടറി അബ്ദുള്‍ നവാസ്, രഹ്നുമ നൌഷാദ്, കെ.ജി. അഭിലാഷ്, ജെയ്ബി എന്‍. ജേക്കബ്, ദീപു ജയന്‍, ജയമോള്‍ അജി എന്നിവര്‍ വിവിധ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

'മാതൃഭാഷാ പഠനം', 'കുട്ടികളുടെ സ്വഭാവവും കൌമാരത്തിലെ സവിശേഷതകളും' എന്ന വിഷയങ്ങളില്‍ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പങ്കെടുത്ത ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു. ചര്‍ച്ചയില്‍ ഡോ. നിഷ വര്‍ഗീസ്, ഷിബീജ ഇക്ബാല്‍, പ്രസാദ്, എം.എന്‍.എം. വേണുഗോപാല്‍, മുഹമ്മദ് ഇക്ബാല്‍, ഷഹീദ സിറാജ്, മധുസൂദനന്‍, രഞ്ജിത്ത് രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. അജി രാധാകൃഷ്ണന്‍ മോഡറേറ്ററായിരുന്നു.

പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റി തയാറാക്കിയിട്ടുള്ള 'മാഡംക്യൂറി' എന്ന മലയാളം ഡോക്കുമെന്ററിയുടെ സിഡിയും ആര്‍ട്ടിസ്റ് ആര്‍ട്ട് ഗ്രൂപ്പ് കോഓര്‍ഡിനേറ്റര്‍ ഇ.ജെ. റോയിച്ചന്‍, നിഷ അഭിലാഷ്, ജാസ്മിന്‍ നവാസ്, ജോണ്‍ വര്‍ഗീസ്സ്, ബാബു തോമസ്, ലിജി രഞ്ജിത്ത് എന്നിവര്‍ വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള