മൃതശരീരം സ്വദേശത്ത് എത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ക്ക് സംവിധാനം നടപ്പില്‍ വരുത്തും: കോണ്‍സുലര്‍ ജനറല്‍
Wednesday, February 5, 2014 7:43 AM IST
ദുബായ്: യുഎഇയില്‍ മരണമടയുന്ന ഇന്ത്യക്കാരുടെ മൃതശരീരം സ്വദേശത്തേക്ക് എത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ഇതിനായി 'ഡെഡ് ബോഡി ഡിസ്പ്പാച്ച് സെന്റര്‍' സംവിധാനം തുടങ്ങുന്നതിന്റെ സാധ്യതകള്‍ പഠിക്കുമെന്നും ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ അനുരാഗ് ഭൂഷന്‍ അറിയിച്ചു.

പ്രവാസി ഇന്ത്യക്കാരെ ബാധിക്കുന്ന കാതലായ പ്രശ്ന പരിഹാരത്തിനുള്ള ആവശ്യങ്ങളുമായി എത്തിയ ദുബായ് കെഎംസിസി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുഎഇയിലെ ഏറ്റവും വലിയ പ്രവാസ സമൂഹമായ ഇന്ത്യക്കാരില്‍ പ്രതിദിനം ശരാശരി നാലുപേര്‍ മരണമടയുന്നുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ ഏറെ ശ്രമകരമെന്നതും പൊതു ജനങ്ങള്‍ക്ക് ഈ രംഗത്തുള്ള പരിചയകുറവും കാരണം കാലതാമസം നേരിടുന്നുണ്െടന്ന് മനസിലാക്കികൊണ്ടാണ് ഇതിനു ഒരു സംവിധാനം ഒരുക്കുന്നതെന്നും കോണ്‍സുലര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.

നിര്‍ധനരും അര്‍ഹാരുമായ ഇന്ത്യന്‍ പൌരന്മാരുടെ ക്ഷേമത്തിനായി നില കൊള്ളുന്നു ഐസിഡബ്ള്യുഎഫ് (ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട്) സുതാര്യമാക്കാനും സാധാരണക്കാര്‍ക്ക് സമീപിക്കാനവുംവിധം നടപടി ക്രമങ്ങള്‍ ലഘൂകരിക്കാനും ഫണ്ടില്‍ കിടക്കുന്ന ഏകദേശം ഇരുപതു മില്ല്യന്‍ ദിര്‍ഹം അര്‍ഹതപെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ വേണ്ടിയുള്ള ആവശ്യം ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തപ്പോള്‍, ഇതിനായി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കോണ്‍സുലര്‍ ജനറല്‍ അറിയിച്ചു. വേതന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ അറ്റസ്റ്റേഷന്‍ ചെയ്ത് കൊടുക്കുന്നതില്‍ നിലനില്‍ക്കുന്ന അപാകതകള്‍ പരിഹരിക്കണമെന്നും കെഎംസിസി ഭാരവാഹികള്‍ ആവശ്യപെട്ടു.

കോണ്‍സുലര്‍ ജനറലിനോടൊപ്പം കമ്യൂണിറ്റി അഫയഴ്സ് കോണ്‍സുലര്‍ മുരളീധരന്‍, യുഎഇ കെഎംസിസി ജന: സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ആക്ടിംഗ് ജനറല്‍ സെക്രട്ടറി നാസര്‍ കുറ്റിച്ചിറ, അഡ്വ. സാജിദ് അബൂബക്കര്‍ എന്നിവരാണ് പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള