സമസ്ത ഉമ്മുല്‍ ഹസം ഏരിയ മീലാദ് സമ്മേളനത്തിന് ഉജ്ജ്വല സമാപനം
Tuesday, February 4, 2014 8:07 AM IST
ഉമ്മുല്‍ ഹസം (ബഹ്റൈന്‍): 'മുത്തുനബി സ്നേഹത്തിന്റെ തിരുവസന്തം' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ റബീഉല്‍ അവ്വലില്‍ നടത്തുന്ന ഒരു മാസത്തെ നബിദിന കാമ്പയിന്റെ ഭാഗമായി ഉമ്മുല്‍ ഹസം ഏരിയയില്‍ നടന്നുവന്ന പ്രതിദിന മൌലിദ് മജ്ലിസിന് ഏരിയാ സമ്മേളനത്തോടെ ഉജ്ജ്വല സമാപനമായി.

ഉമ്മുല്‍ ഹസമിലെ അപ്പാച്ചി റെസ്ററന്റിന് മുന്‍വശമുള്ള ഷാദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഓരോ വിശ്വാസിയുടെയും രഹസ്യവും പരസ്യവുമായ ജീവിതം ഒരേപോലെ നന്മയിലധിഷ്ഠിതമാവണം. അതിന് പ്രവാചക സ്നേഹവും തഖ്വയിലധിഷ്ഠിതവുമായ ജീവിതവുമാണ് വേണ്ടത്. മൊബൈല്‍ പോലുള്ള ഉപകരണങ്ങളില്‍ ഇന്ന് നമ്മുടെ സ്വകാര്യതകള്‍ സ്പഷ്ടമാണ്. അതു ഭാര്യമാരടക്കമുള്ളവര്‍ക്കെല്ലാം യഥേഷ്ടം പരിശോധിക്കാനാവുന്ന വിധം വയ്ക്കാന്‍ ഓരോ വിശ്വാസിക്കും കഴിയണം. വ്യക്തി ജീവിതങ്ങള്‍ സംശുദ്ധമാക്കപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടി തങ്ങള്‍ പറഞ്ഞു.

നാട്ടില്‍ പോകുന്ന ഉസ്താദ് ഇബ്രാഹിം ദാരിമിക്കുള്ള യാത്രയപ്പും ചടങ്ങില്‍ നടന്നു. സുലൈമാന്‍ മൌലവി അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി എസ്.എം. അബ്ദുള്‍ വാഹിദ്, ഉബൈദുള്ള റഹ്മാനി കൊമ്പംകല്ല് എന്നിവര്‍ പ്രസംഗിച്ചു. മൌസല്‍ മൂപ്പന്‍ തിരൂര്‍, നസീര്‍ കുറ്റ്യാടി, ഷറഫുദ്ദീന്‍ മാട്ടൂല്‍, ജഅ്ഫര്‍ കണ്ണൂര്‍, ഷംസുദ്ദീന്‍ പാനൂര്‍, ഗഫൂര്‍ കൈപ്പമംഗലം എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ഏരിയ സെക്രട്ടറി ഇസ്മായില്‍ പയ്യന്നൂര്‍ സ്വാഗതവും ടി.വി.എം നൌഷാദ് നന്ദിയും പറഞ്ഞു.