അനധികൃത കുടിയേറ്റം: സ്കൂൾ ബസുകളിൽ പരിശോധനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ഏബ്രഹാം തോമസ്
Wednesday, February 12, 2025 4:19 PM IST
സൗത്ത് ടെക്സസ്: യുഎസ് ബോർഡർ പെട്രോൾ ഏജന്റുമാർ സ്കൂൾ ബസുകളിൽ പരിശോധന നടത്താൻ സാധ്യതയുണ്ടെന്ന് അറിയിച്ച് രക്ഷ കർത്താക്കൾക്കു സൗത്ത് ടെക്സസിലെ ആലിസ് ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്ട് അധികാരികൾ സന്ദേശം നൽകി.
പാഠ്യേതര പരിപാടികൾക്ക് സ്കൂൾ കുട്ടികളുമായി ബസിൽ പോകുമ്പോൾ ബോർഡർ പെട്രോൾ ഏജന്റുമാർ ബസിനുള്ളിൽ കയറി പരിശോധന നടത്താൻ സാധ്യതയുണ്ട് എന്നാണ് റിയോ ഗ്രാൻഡ് പ്രദേശത്തെ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയത്.
അത്ലറ്റുകളും ബാൻഡ് അംഗങ്ങളുമായ കുട്ടികളുടെ രക്ഷിതാക്കൾക്കാണ് സന്ദേശം. ആലിസ് സ്കൂൾ ഡിസ്ട്രിക്ടിലെ കുട്ടികൾ 88 ശതമാനവും ലാറ്റിനോ വംശജരാണ്. സമൂഹമാധ്യമത്തിൽ നിന്നും പ്രാദേശിക വാർത്താമാധ്യമങ്ങളിൽ നിന്നും ഈ അറിയിപ്പുകൾ പിന്നീട് നീക്കം ചെയ്തതായാണ് അറിയുന്നത്.
വിദ്യാർഥിയുടെ കൈവശം നിയമപരമായ കുടിയേറ്റ രേഖകൾ ഇല്ലെങ്കിൽ ആ വിദ്യാർഥിയെ ബസിൽ നിന്നും പുറത്താക്കി തടഞ്ഞു വയ്ക്കുവാനോ നാട് കടത്തൽ നടപടിയുമായി മുന്നോട്ടു പോകുവാനോ സാധ്യത ഉണ്ടെന്നും അറിയിപ്പിൽ പറയുന്നു.
ഇത് മുൻ കരുതലുകൾ എന്ന നിലയിൽ സ്വീകരിച്ച നടപടിയാണെന്നും മാതാപിതാക്കൾക്ക് ബോധപൂർവമായി ഉചിത തീരുമാനങ്ങൾ എടുക്കുവാൻ സഹായിക്കുവാൻ വേണ്ടി അയച്ചതാണെന്നും ആലിസ് ഐഎസ്ഡി പിന്നീട് അറിയിച്ചു.
എന്നാൽ ഏജന്റുമാർ സ്കൂൾ ബസുകളെയോ കുട്ടികളെയോ ലക്ഷ്യം വയ്ക്കുകയാണ് എന്ന ആരോപണം യുഎസ് ബോർഡർ പെട്രോൾ ചീഫ് മൈക്ക് ബാങ്ക്സ് നിഷേധിച്ചു.