ഓസ്ട്രിയയില്‍ തീവ്ര വലത് പാർട്ടി അധികാരത്തിലേക്ക്
ജോസ് കുമ്പിളുവേലിൽ
Wednesday, January 8, 2025 11:13 AM IST
ബെര്‍ലിന്‍: ചാൻസലർ കാൾ നെഹാമറിന്റെ രാജിക്കുശേഷം ഓസ്ട്രിയയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കലങ്ങി മറിയുകയാണ്. റഷ്യയോട് അനുഭാവ നിലപാടുള്ള വിഭാഗീയ ചിന്താഗതിക്കാരനായ ഹെർബർട് കിക്കൽ നയിക്കുന്ന ഫ്രീഡം പാർട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഉത്തരവ് പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡേര് വെല്ലന്‍ ഔദ്യോഗികമായി നല്കി.
ഇതോടെ ഹെർബർട് കിക്കൽ ഓസ്ട്രിയന്‍ ചാന്‍സലറാകും. പൊതുതെരഞ്ഞെടുപ്പിൽ 29.2 ശതമാനം വോട്ടു നേടി തീവ്ര വലത് ഫ്രീഡം പാർട്ടി (എഫ്പിഒ) ഒന്നാമതെത്തിയിരുന്നു. എന്നാൽ മറ്റ് പാർട്ടികളൊന്നും സഖ്യത്തിലേർപ്പെടാത്തതിനാൽ സർക്കാർ രൂപീകരിക്കാനായില്ല.
വലതുപക്ഷ പോപ്പുലിസ്റ്റ് മുതല്‍ വലതുപക്ഷ തീവ്ര രാഷ്ട്രീയം വരെ യൂറോപ്പിന്റെ ഹൃദയഭാഗത്ത് എത്തി ഭൂരിപക്ഷം നേടാന്‍ പ്രാപ്തരായിത്തീര്ന്നതിന്റെ സൂചനയായി ഓസ്ട്രിയയിലെ ഭരണമാറ്റത്തെ വിശേഷിപ്പിക്കാം.
ഇനി കിക്കല്‍ ബ്രസ്സല്സിലെത്തിയാല്, റഷ്യയ്ക്കെതിരായ ഏത് ഉപരോധവും വീറ്റോ ചെയ്യും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, എഫ്പിഒ നേതാവ് യുക്രെയ്നിനുള്ള ഓസ്ട്രിയന്‍ സഹായം നിര്‍ത്തുമെന്നും യൂറോപ്യന്‍ യൂണിയനിലെ റഷ്യ ഉപരോധത്തിനെതിരേ വോട്ട് ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു.
യൂറോപ്പില്‍ തീവ്രവലതുപക്ഷം ഇറ്റലി, ഹോളണ്ട്, ഹംഗറി, ഒടുവില്‍ ഓസ്ട്രിയ വരെ എത്തി നില്ക്കുമ്പോള് ഈ കാറ്റ് വീണ്ടും ജര്‍മനിയിലേക്കും ആഞ്ഞുവീശുമെന്നാണ് രാഷ്ട്രിയ വിദഗ്ധരുടെ വിലയിരുത്തൽ.