ഖമീസ് മുഷയ്ത്ത് 30 ലക്ഷം രൂപയുടെ ചികിത്സാ സഹായം നൽകുന്നു
Monday, May 29, 2017 7:35 AM IST
അസീർ (റിയാദ്) : കഴിഞ്ഞ അഞ്ച് വര്ഷങ്ങളില് ആയിരത്തി നാനൂറോളം രോഗികൾക്ക് ചികിത്സാ ധനസഹായം നൽകിയ കെ.എം.സി.സി. ഖമീസ് മുഷയ്ത്ത് സെൻട്രൽ കമ്മിറ്റി ശിഹാബ് തങ്ങൾ റിലീഫ് സെൽ സ്നേഹ സ്പർശം ചികിത്സാധനസഹായ പദ്ധതിയിലൂടെ ഈ വർഷം 30 ലക്ഷം രൂപയുടെ ചികിത്സാ സഹായം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നിർധനരായ കിഡ്നി, കാൻസർ രോഗികൾക്ക് പതിനായിരം രൂപ വീതം ചികിത്സാ ധനസഹായമായി നല്കുന്ന പദ്ധതിയാണ് സ്നേഹസ്പർശം. 2012 ൽ ആണ് ഇതിന് തുടക്കം കുറിച്ചത്. മലയോര തീരദേശ മേഖലകൾ, നിര്ധനരായ പ്രവാസികൾ, അവരുടെ ആശ്രിതർ എന്നിവർക്ക് പ്രത്യേക പരിഗണന നല്കി കേരളത്തിന്‍റെ എല്ലാ ജില്ലകളില് നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 300 കിഡ്നി, കാൻസർ രോഗികൾക്ക് ഇത്തവണ ചികിത്സാ സഹായം നല്കും.

ഇതിനായി നിശ്ചിത ഫോറത്തില് മതിയായ രേഖകളോടെ അപേക്ഷിക്കുന്നവരിൽ നിന്നും ഗുണഭോക്താക്കളെ കണ്ടെത്തും. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള ചികിത്സാ സഹായം അവരവരുടെ വീടുകളിൽ എത്തിച്ചു നൽകും.

ഖമീസിലെയും പരിസരപ്രദേശങ്ങളിലെയും ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ നിർലോഭമായ പിന്തുണയാണ് റംസാൻ റിലീഫ് പ്രവര്ത്തനങ്ങളിൽ വിജയകരമായി പൂർത്തിയാക്കാൻ കെ.എം.സി.സി ക്ക് കരുത്തേകുന്നതെന്ന് സെൻട്രല് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി നാഷണൽ കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് കുട്ടി മാതാപ്പുഴ (ചെയർമാൻ) ഉസ്മാൻ കിളിയ മണ്ണിൽ (കണ്‍വീനർ) മൊയ്തീന് കട്ടുപ്പാറ (കോ ഓഡിനേറ്റർ) സലീം പന്താരങ്ങാടി (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു.

ഹരിതഭവൻ പദ്ധതി, വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികൾ, അഗതി അനാഥ വിവാഹ ധനസഹായം, ചികിത്സാ സഹായം, മഞ്ചേരി ജനറൽ ആശുപത്രിയിലേക്ക് 165 ആശുപത്രി കിടക്കകൾ, നൂറിലധികം പേർക്ക് തയ്യൽ മെഷീനുകൾ, തിരുവനന്തപുരം സിഎച്ച് സെന്‍ററിന് ധനസഹായം തുടങ്ങി വിവിധ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയ ഖമീസ് മുഷയ്ത്തിന്‍റെ പ്രവർത്തനങ്ങൾ വളരെയേറെ ജനശ്രദ്ധ ആകർഷിക്കുന്നതാണ്.

പത്രസമ്മേളനത്തിൽ ബഷീര് മൂന്നിയൂർ, മുഹമ്മദ് കുട്ടി മാതാപ്പുഴ, ബിച്ചു കോഴിക്കോട്, ഉസ്മാന് കിളിയമണ്ണിൽ, ജലീൽ കാവനൂർ, ഷംസു താജ് സ്റ്റോർ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ