പൊതുമാപ്പിൽ നാട്ടിൽ പോകാൻ കഴിയാതെ വിഷമിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ എംബസിയിൽ രജിസ്റ്റർ ചെയ്യാം: അംബാസഡർ
Wednesday, May 24, 2017 7:42 AM IST
റിയാദ്: സൗദി അറേബ്യയിൽ ഈയിടെ പ്രഖ്യാപിച്ച പൊതുമാപ്പിെൻറ കാലാവധി ഒരു മാസം മാത്രം ബാക്കിയിരിക്കെ ഏതെങ്കിലും കാരണവശാൽ നാട്ടിലേക്ക് എക്സിറ്റ് വിസ ലഭിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരുടെ പരാതികൾ ഇന്ത്യൻ എംബസിയുടെ വെൽഫെയർ വിഭാഗത്തെ അറിയിക്കാവുന്നതാണെന്ന് ഇന്ത്യൻ അംബസാഡർ അഹമ്മദ് ജാവേദ് പറഞ്ഞു.

തന്റേതല്ലാത്ത കാരണത്താൽ കംപ്യൂട്ടർ ബ്ലോക്കാവുകയും എക്സിറ്റ് ലഭിക്കാൻ കാലതാമസം നേരിടുകയും ചെയ്യുന്നവരുടെ കേസ് ശരിയാണെന്ന് ബോധ്യപ്പെട്ടാൽ അവരെ സഹായിക്കാൻ എംബസി തയ്യാറാണ്. എംബസി വളണ്ടിയർമാരുടേയും സാമൂഹ്യ പ്രവർത്തകരുടേയും സഹായത്താലോ സ്വമേധയോ എംബസിയെ സമീപിക്കുന്നവരുടെ കേസുകൾ സൗദി പാസ്പോർട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതാണെന്ന് എംബസി ഓഡിറ്റോറിയത്തിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അംബാസഡർ അറിയിച്ചു.

ഇതുവരെയായി 26,442 ഇസി അപേക്ഷകളാണ് എംബസിയിലും കോണ്‍സുലേറ്റിലുമായി ലഭിച്ചിട്ടുള്ളത്. ഇതിൽ 25,541 പേർക്ക് എമർജൻസി പാസ്പോർട്ട് അനുവദിച്ചു നൽകി. ബാക്കിയുള്ളവരുടെ അപേക്ഷയിൽ ഈ വ്യാഴാഴ്ചക്കകം തീരുമാനമാകും. പൊതുമാപ്പിെൻറ അവസനാ ദിവസം വരെ കാത്തിരിക്കാതെ മുഴുവൻ നിയമലംഘകരായ ഇന്ത്യക്കാരും ഉടനെ എംബസിയെ സമീപിക്കേണ്ടതാണ്. റമദാൻ സമയത്ത് ജോലി സമയം കുറവായതിനാൽ എക്സിറ്റ് അടിച്ചു ലഭിക്കുന്നതിനെല്ലാം കാലതാമസം നേരിടും. ഇതെല്ലാം മുൻകൂട്ടി കണ്ട് നാട്ടിലേക്ക് പോകാനുദ്ദേശിക്കുന്നവർ തയ്യാറെടുപ്പ് നടത്തണം. എയർ ഇന്ത്യ സൗദി അറേബ്യയിൽ നിന്നും പൊതുമാപ്പിൽ പോകുന്നവർക്കായി പ്രത്യേക നിരക്ക് ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസി അപേക്ഷകരിൽ 11390 പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്. രണ്ടാം സ്ഥാനത്തുള്ള തെലുങ്കാനയിൽ നിന്നും വെറും 2733 പേർ മാത്രമാണ് ഇ.സിക്ക് അപേക്ഷ നൽകിയത്. 1736 പേർ മാത്രം അപേക്ഷ നൽകിയ കേരളീയർ അഞ്ചാം സ്ഥാനത്താണ്. സ്വന്തം പാസ്പോർട്ട് കൈവശമുള്ളവർക്ക് ഇ.സി ഇല്ലാതെ തന്നെ അതിൽ എക്സിറ്റ് അടിച്ച് നാട്ടിലേക്ക് പോകാവുന്നതാണ്. ഇതുവരെ എത്ര ഇന്ത്യക്കാർ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങിയെന്നതിെൻറ ശരിയായ കണക്കുകൾ ഇതുവരെ അധികൃതരിൽ നിന്നും ലഭ്യമായിട്ടില്ലെന്നും അംബാസഡർ അറിയിച്ചു.

എംബസിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തുക്കുന്ന വളണ്ടിയർമാരുടേയും സാമൂഹ്യപ്രവർകരുടേയും സേവനത്തെ പുകഴ്ത്തിയ അംബാസഡർ ഇത്തവണ ഇടനിലക്കാരായി പണം തട്ടുന്നവരുടെ ഉപദ്രവം ഏറെ കുറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. എംബസിയുടെ ഹെൽപ്പ്ലൈൻ നന്പർ ഒന്നിൽ നിന്നും മൂന്നായി വർദ്ധിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറും ഇതുവഴി സേവനം ലഭ്യമാകും. റമദാനിൽ സാധാരണ സമയക്രമം തന്നെയാണ് ഇന്ത്യൻ എംബസിയിൽ എന്നറിയിച്ച അംബാസഡർ അടിയന്തര സാഹചര്യത്തിൽ സേവനത്തിനായി ഇന്ത്യൻ എംബസി 24 മണിക്കൂറും സജ്ജമാണെന്നും പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഹേമന്ത് കോട്ടേൽവാർ വെൽഫെയർ വിഭാഗം തലവൻ അനിൽ നോട്ടിയാൽ എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ