പ്രകൃതിയോട് ചേർന്നു നിൽക്കുന്ന വികസനത്തിനുമാത്രമേ ജലസംരക്ഷണം ഉറപ്പുവരുത്താനാവുകയുള്ളൂ
Thursday, March 23, 2017 5:57 AM IST
ദോഹ: പ്രകൃതിയോട് ചേർന്നു നിൽക്കുന്ന വികസനത്തിനുമാത്രമേ ജലസംരക്ഷണം ഉറപ്പുവരുത്താനാവുകയുള്ളൂവെന്നും ജലക്ഷാമത്തിന്‍റേയും വരൾച്ചയുടേയും ശരിയായ കാരണങ്ങൾ വിശകലനം ചെയ്ത് ജീവിത രീതിയിലും സമീപനത്തിലും അടിയന്തര മാറ്റം വരുത്തേണ്ടതുണ്ടെന്നും ഫ്രണ്ട്സ് കൾചറൽ സെന്‍റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബ്റഹ്മാൻ കീഴിശേരി. ഐക്യരാഷ്ട്ര സംഘടനയുടെ ലോക ജലദിനാചരണത്തിന്‍റെ ഭാഗമായി മീഡിയ പ്ളസും ഫ്രണ്ട്സ് കൾചറൽ സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

44 നദികളും 33 കായലുകളും ലക്ഷക്കണക്കിന് കുളങ്ങളും ദശലക്ഷക്കണക്കിന് കിണറുകളുമുള്ള കേരളത്തിൽ അഞ്ച് മാസം മഴയും ഇടവപ്പാതിയും കാലാവസ്ഥാ സന്തുലിതത്വം നിലനിർത്തുവാൻ സഹായിക്കുന്ന പശ്ചിമഘട്ടവുമൊക്കെ ഉണ്ടായിട്ടും ജലക്ഷാമവും വർൾച്ചയുമനുഭവപ്പെടുന്നു എന്നത് അതിഗുരുതരമായ പ്രശ്നമാണ്. പ്രകൃതിയോടും പരിസ്ഥിതിയോടും യുദ്ധം പ്രഖ്യാപിച്ച് നടത്തുന്ന വികലമായ വികസന പരിപാടികളും സമീപനങ്ങളും മാറ്റിയെങ്കിൽ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാവുകയുള്ളൂ. ജലരാഷ്ട്രീയവും ജലസമാധാനവും ജലയുദ്ധങ്ങളും ഏറെ പ്രസക്തമാകുന്ന സമകാലിക ലോകത്ത് ഓരോ തുള്ളി ജലവും സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന ജലസാക്ഷരതയും സംസ്കാരവുമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

വെള്ളത്തോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം വരേണ്ടതുണ്ടെന്നും ജീവന്‍റെ നിലനിൽപ്പ് വെള്ളത്തിലാണെന്നും ഇത് ഒരിക്കലും നശിപ്പിക്കേണ്ട ഒന്നല്ല എന്നും സമൂഹം തിരിച്ചറിയുന്പോഴാണ് അമൂല്യമായ ജലസ്രോതസുകൾ മാനവരാശിയുടെ ക്ഷേമൈശ്വര്യപൂർണമായ നിലനിൽപിനായി പ്രയോജനപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ കോണ്‍ക്രീറ്റ് കാടുകളാൽ നശിപ്പിക്കുന്നതിലും പ്രവാസികളുടെ പങ്ക് ചെറുതല്ല. മുറ്റം പോലും കോണ്‍ക്രീറ്റ് ചെയ്ത് മുഴുവൻ മഴവെള്ളവും പാഴാക്കുന്ന സ്വഭാവം മാറ്റേണ്ടിയിരിക്കുന്നു. വികസനത്തിന്‍റെ മർമം പരിസ്ഥിതിയെ സംരക്ഷിക്കുന്നതും ശുദ്ധ ജലവും ശുദ്ധ വായുവും ഭക്ഷണവും പാർപ്പിടവുമൊക്കെ ഉറപ്പുവരുത്തുന്നതുമായിരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഐസിബിഎഫ് പ്രസിഡന്‍റ് ഡേവിസ് എടക്കുളത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ടോപ് എന്‍റ് സൊല്യൂഷൻസ് അസിസ്റ്റന്‍റ് മാനേജർ ആർ. സതീശ് ചന്ദ്രൻ, മൈൻഡ് ട്യൂണ്‍ രക്ഷാധികാരി മശ്ഹൂദ് തിരുത്തിയാട്, ചാലിയാർ ദോഹ ജനറൽ സെക്രട്ടറി ഇ.കെ. അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു. പി.കെ സ്റ്റാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി.കെ. മുസ്തഫ, മീഡിയ പ്ലസ് സിഇഒ അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഇഞ്ചക്കാട് ബാലചന്ദ്രൻ കവിത ആലപിച്ചു. ജിന്‍റോ സെബാസ്റ്റ്യൻ ജലസംരക്ഷണ പ്രതിജ്ഞക്ക് നേതത്വം നൽകി.