എൻഎസ്എസ് കുവൈറ്റ് മന്നം ജയന്തി ആഘോഷിച്ചു
Monday, January 23, 2017 8:20 AM IST
കുവൈത്ത് സിറ്റി : നായർ സർവീസ് സൊസൈറ്റി കുവൈറ്റ് മന്നം ജയന്തി 2017 ആഘോഷിച്ചു. അബാസിയ ഇന്‍റർഗ്രേറ്റഡ് സ്കൂളിൽ നടന്ന പരിപാടിയിൽ കവിയും സിനിമാ ഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ അംബാസഡർ സുനിൽജെയിൻ, ചലച്ചിത്രനടി ഉൗർമിള ഉണ്ണി, വേൾഡ് ബോക്സിംഗ് ഫെഡറേഷൻ ചെയർമാൻ അബാസ് സദെയ്ഗി, രക്ഷാധികാരി സുനിൽ മേനോൻ, മധു വെട്ടിയാർ, പ്രസാദ് പത്മനാഭൻ എന്നിവർ ഭദ്രദീപം തെളിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

വൈസ് പ്രസിഡന്‍റ് മധു വെട്ടിയാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രസാദ് പത്മനാഭൻ, രക്ഷാധികാരി സുനിൽമേനോൻ, വനിതാസമാജം കണ്‍വീനർ ദീപ പിള്ള, ട്രഷറർ ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഗർഷോം അവാർഡ് ജേതാവ് മനോജ് മാവേലിക്കരയെ ശരത് ചന്ദ്രവർമ്മ പൊന്നാടയണിച്ച് ആദരിച്ചു. 10, 12 ക്ലാസുകളിലെ സിബിഎസ്സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബാലസമാജത്തിലെ കുട്ടികൾക്ക് എൻഎസ്എസ് കുവൈറ്റിനുവേണ്ടി വയലാർ ശരത്ചന്ദ്ര വർമ മന്നം അക്കാഡമിക് അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ ഗ്രീൻ സ്പ്രിംഗ് ഡെപ്യൂട്ടി മാനേജർ ഹർസിമ്രാൻ സിംഗ്, മെട്രോ മെഡിക്കൽസ് ചെയർമാൻ തുടങ്ങി കുവൈറ്റിലെ സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

തുടർന്ന് കേരളത്തിൽ നിന്നെത്തിയ നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ ഭരതനാട്യം, രാകേഷ് ബ്രഹ്മാനന്ദൻ, അഖില ആനന്ദ്, കീബോർഡിസ്റ്റ് സുശാന്ത് എന്നിവരുടെ ലൈവ് മ്യൂസിക്കൽ ഷോയും വയലാറിന്‍റെ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച മെലഡിയും ഷെയ്ജോ അടിമാലിയുടെ കോമഡി സ്കിറ്റും അരങ്ങേറി. കുവൈത്ത് ഓയിൽ മിനിസ്റ്ററുടെ ഭാര്യ ഫാദി അൽ മർസൂക്ക് പരിപാടിയിൽ വിശിഷ്ടാതിഥി ആയിരുന്നു. ജനറൽ പ്രോഗ്രാം കണ്‍വീനർ ഹരി വി. പിള്ള കലാപരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ