ജിദ്ദയിൽ സുരക്ഷാസേന തീവ്രവാദി കേന്ദ്രം തകർത്തു; രണ്ടു പേർ സ്വയംപൊട്ടിത്തെറിച്ചു
Monday, January 23, 2017 7:53 AM IST
ജിദ്ദ: ജിദ്ദയിലെ കിഴക്കൻ പ്രദേശമായ അൽ ഹറസാത്തിൽ സുരക്ഷാസേന തീവ്രവാദി കേന്ദ്രം തകർത്തു. പ്രത്യേകസംഘം നടത്തിയ ഓപ്പറേഷനിടെ രണ്ടു ഭീകരർ സ്വയം പൊട്ടിത്തെറിച്ച് മരിച്ചു. രണ്ടുപേരെ മറ്റൊരിടത്തുനിന്ന് പിടികൂടുകയും ചെയ്തു.
ശനിയാഴ്ച പുലർച്ചെ ജിദ്ദയിലെ അൽ ഹറസാത്തിൽ ആയിരുന്നു ആദ്യസംഭവം. പ്രദേശത്തെ ഒരു കെട്ടിടത്തിൽ ഭീകരർ ഒളിച്ചിരിക്കുകയാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക സംഘം മേഖല വളയുകയായിരുന്നു. ഭീകരർക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ അടച്ചായിരുന്നു ഓപ്പറേഷൻ. സുരക്ഷാസേനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ഭീകരർ ഉടൻ വെടിവയ്പ് ആരംഭിച്ചു. തുടർന്ന് സേന തിരിച്ചടിച്ചു. കീഴടങ്ങാൻ ഉദ്യോഗസ്ഥർ പലതവണ ആവശ്യപ്പെട്ടെങ്കിലും ഭീകരർ വഴങ്ങിയില്ല. രക്ഷപ്പെടാൻ സാധിക്കില്ലെന്നുറപ്പായതോടെ സ്വയം പൊട്ടി തെറിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ആക്രമണം ശരിവച്ച് മക്ക ഗവർണറേറ്റ് പ്രസ്താവന പുറത്തിറക്കി. ഓപ്പറേഷനിൽ പ്രദേശവാസികൾക്കോ സുരക്ഷാസേനയ്ക്കോ ആൾനാശമൊന്നും സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് വിശദീകരിച്ചു. ജീവനൊടുക്കിയ രണ്ടു ഭീകരരും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ളവരാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതിനു പിന്നാലെ അൽ നസീം ഡിസ്ട്രിക്ടിലെ ഒരു വീട് റെയ്ഡ് ചെയ്താണ് രണ്ടുപേരെ ജീവനോടെ പിടികൂടിയത്. ബോംബ് നിർമാണശാലയായി പ്രവർത്തിച്ചിരുന്ന ഇവിടെ നിന്നു ഹുസം അൽ ജഹ്നി എന്നയാളെയും പാക്കിസ്ഥാൻ സ്വദേശിയായ ഭാര്യ ഫാത്തിമ റമദാൻ മുറാദിനെയുമാണ് അറസ്റ്റ് ചെയ്തത്. നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഒട്ടേറെ മൊബൈൽ ഫോണുകളും ഇവിടെ നിന്ന് ലഭിച്ചു. രണ്ടു പ്രദേശങ്ങളും സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ്.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ