ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി
Sunday, January 22, 2017 1:50 AM IST
റിയാദ്: ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ കോട്ടക്കൽ മണ്ഡലം എംഎൽഎ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ സഊദി ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദുമായി കൂടിക്കാഴ്ച നടത്തി. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ ഇന്ത്യൻ അംബാസിഡറുമായി അദ്ദേഹം ചർച്ച ചെയ്യുകയും അത് പരിഹരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സദിയിൽ ജനിക്കുന്ന പ്രവാസി ഇന്ത്യക്കാരായ കുട്ടികളുടെ പാസ്പോർട്ട് എടുക്കുന്നതിന് മാതാപിതാക്കൾ നേരിട്ട് പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ ഹാജരാകണമെന്ന പുതിയ വ്യവസ്‌ഥ പ്രവാസി ഇന്ത്യക്കാരായ രക്ഷിതാക്കൾക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതുസംബന്ധമായ വ്യവസ്‌ഥകൾ ലഘൂകരിക്കണമെന്ന് എം.എൽ.എ അംബാസിഡറോട് ആവശ്യപ്പെട്ടു.

നിയമലംഘകരായി പിടിക്കപ്പെടുന്ന പ്രവാസി ഇന്ത്യക്കാരെ തർഹീൽ (നാടുകടത്തൽകേന്ദ്രം) വഴി നാട്ടിലേക്ക് അയക്കുമ്പോൾ ഏതു സംസ്‌ഥാനക്കാരാണെങ്കിലും ഡൽഹിയിലേക്കോ മുംബൈയിലേക്കോ തിരിച്ചയക്കുന്ന സ്‌ഥിതിയാണ് നിലവിലുള്ളത്. നിസഹായരും നിരാലംബരുമായി നാട്ടിലേക്ക് മടങ്ങുന്ന ദക്ഷിണേന്ത്യൻ സംസ്‌ഥാനക്കാർക്ക് ഇതു വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരക്കാരെ അതാത് പ്രദേശത്തേക്ക് തന്നെ നേരിട്ടെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ കൈകൊള്ളണമെന്നും ആബിദ് ഹുസൈൻ തങ്ങൾ അഭ്യർഥിച്ചു. എംഎൽഎ ശ്രദ്ധയിൽ കൊണ്ടുവന്ന കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട അധികാരികൾക്ക് വിവരങ്ങൾ കൈമാറുമെന്നും അംബാസിഡർ പറഞ്ഞു.

കഴിഞ്ഞ മാസം റിയാദിൽനിന്നു കാണാതായ കണ്ണൂർ സ്വദേശി സമീഹിനെ കണ്ടെത്തുന്നതിന് വേണ്ടി ഇന്ത്യൻ എംബസി കാര്യമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമീഹിന്റെ പാസ്പോർട്ട്, ഇഖാമ കോപ്പി ഉൾപ്പെടെ രേഖകൾ എംഎൽഎ അംബാസിഡർക്ക് കൈമാറി. സമീഹിനെ കണ്ടെത്തുന്നതിന് എംബസി അന്വേഷണം നടത്തുമെന്നും സാധ്യമായത് എത്രയും വേഗം ചെയ്യുമെന്നും പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎക്ക് അംബാസഡർ അഹമ്മദ് ജാവേദ് ഉറപ്പു നൽകി.

ഇന്ത്യൻ സ്‌ഥാനപതി കാര്യാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കെഎംസിസി നേതാക്കളായ മൊയ്തീൻകുട്ടി തെന്നല, അസീസ് വെങ്കിട്ട, അഡ്വ. അനീർ ബാബു, നിഷാഫ് പൊന്മള എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ