ഉളിയനാട് ഗവ. ഹൈസ്കൂളിൽ കളിസ്ഥലത്തിന് 50 ലക്ഷം അനുവദിച്ചു
1492178
Friday, January 3, 2025 6:02 AM IST
ചാത്തന്നൂർ: ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ ചിറക്കര പഞ്ചായത്തിലെ ഉളിയനാട് ഗവ. ഹൈസ്കൂളിൽ കളിസ്ഥലത്തിനായി 50 രൂപ അനുവദിച്ചതായി ജി.എസ്. ജയലാൽ എംഎൽഎ അറിയിച്ചു. എംഎൽഎ യുടെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്.
ഉളിയനാട് ഗവ. എച്ച്എസിലെ കുട്ടികൾ കായികരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കഴിഞ്ഞ കാലങ്ങളിൽ കൈവരിച്ചിട്ടുണ്ട്. സ്കൂളിന് മതിയായ ഒരു കളിസ്ഥലമില്ലാതിരുന്നത് കുട്ടികൾക്ക് പരിശീലനത്തിന് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.
സ്കൂൾ പിടിഎയുടെയും പൊതു പ്രവർത്തകരുടെയും ആവശ്യം പരിഗണിച്ചാണ് കളിസ്ഥല നിർമാണത്തിന് എംഎൽഎ ഫണ്ട് അനുവദിച്ചത്. കളിസ്ഥലങ്ങൾ നവീകരിച്ച് മൾട്ടിപർപ്പസ് കളിസ്ഥലങ്ങളാക്കി നവീകരിക്കുന്ന എംഎൽഎ യുടെ കളിക്കളം ചാത്തന്നൂർ പദ്ധതിയിലുൾപ്പെടുത്തി നിർമാണം നടത്തും.
മഡ് കോർട്ട്, ട്രെയിനേജ്, കോമ്പൗണ്ട് വാൾ, സംരക്ഷണഭിത്തി തുടങ്ങിയവ നിർമിക്കും. സംസ്ഥാന കായിക യുവജനകാര്യ വകുപ്പിനാണ് കളിസ്ഥല നിർമാണത്തിന്റെ നിർവഹണ ചുമതല.