കേളകം: മലയോരത്ത് ലഹരി പെൺവാണിഭ സംഘത്തിന് സിപിഎം നേതാക്കളുടെ മക്കൾ നേതൃത്വം നൽകുന്നു. ഇവരെ സംരക്ഷിക്കുന്നത് പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെയാണെന്ന് യൂത്ത് കോൺഗ്രസ്. കഴിഞ്ഞ ദിവസം പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ലോക്കൽ സെക്രട്ടറിയുടെ മകനെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്.
മുന്പ് വലിയ അളവിൽ കഞ്ചാവുമായി അറസ്റ്റിലായ ഇയാളെ കഞ്ചാവ് വലിച്ച കുറ്റത്തിനാണ് അറസ്റ്റു ചെയ്തതെന്ന് കേസ് തിരുത്തിയെഴുതിയത് ആർക്കുവേണ്ടിയാണെന്ന് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇത്തരം ലഹരി മാഫിയ സംഘങ്ങളെ നിയമത്തിന് മുൻപിൽ കൊണ്ടുവരണം എന്നും പെൺവാണിഭ സംഘത്തിന് തക്കതായ ശിക്ഷ നൽകണമെന്നും യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ വിപിൻ ജോസഫ്, ജിബിൻ ജെയ്സൺ, മണ്ഡലം പ്രസിഡന്റുമാരായ ആദർശ് തോമസ്, ടോണി വർഗീസ്, റെജിനോൾഡ് മൈക്കിൾ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.