കോക്ലിയർ ഇംപ്ലാൻറ് ഫാമിലി
കോക്ലിയർ ഇംപ്ലാൻറ് ഫാമിലി
2016 ഡിസംബർ മൂന്ന്– ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ടി.വി. തോമസ് സ്മാരക ടൗൺഹാളിൽ ഒരു സമ്മേളനം നടക്കുകയാണ്. സംസ്‌ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുള്ളവരും ഈ സമ്മേളനത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. വിശിഷ്‌ടാതിഥികൾ വേദിയിലേക്ക് വന്നുകൊണ്ടിരിക്കുന്നതിനിടയിൽ കളിച്ച് തിമിർക്കുന്ന കുരുന്നുകൾ സമ്മേളനത്തിനെത്തിയവരുടെ കണ്ണുകൾക്കു വിരുന്നായിരുന്നു. പരസ്പരം ആദ്യമായി കണ്ടുമുട്ടിയ കുട്ടികൾ വർഷങ്ങളുടെ പരിചയമുള്ളതുപോലെ തമാശകൾ പങ്കുവയ്ക്കുകയും പൊട്ടിച്ചിരിക്കുകയും ഓടിക്കളിക്കുകയും ചെയ്യുന്നത് കണ്ട് അവരുടെ രക്ഷിതാക്കൾ സമീപത്തുതന്നെയുണ്ടായിരുന്നു. പലരുടെയും കണ്ണുകളെ കണ്ണുനീർ മൂടിയിരുന്നത് ഈ കാഴ്ചകളെ മറയ്ക്കുകയും ചെയ്തു. പിറന്നു വീണപ്പോൾ അമ്മേയെന്നു വിളിക്കാൻ കഴിയാതിരുന്ന കുരുന്ന് മറ്റുള്ളവർക്കൊപ്പം ശബ്ദമുണ്ടാക്കി ഓടിക്കളിക്കുകയും അവരുടെ കുസൃതികളെപ്പറ്റി ചാരത്തെത്തി പരാതി പറയുകയും ചെയ്യുന്നതു പലർക്കും ഒരു ജീവിതകാലത്തെ കാത്തിരിപ്പിൻറെ അവസാനത്തിന് തുല്യമായിരുന്നതാണ് കണ്ണുകളെ ഈറനാക്കിയത്. സംസ്‌ഥാനത്ത് കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയയ്ക്ക് വിധേയമായ കുട്ടികളുെയും അവരുടെ കുടുംബങ്ങളുടെയും സംസ്‌ഥാനതല പരിപാടിയിലാണ് ഈ കാഴ്ചകൾ.

സമ്മേളനം തുടങ്ങിയപ്പോഴും താരങ്ങളായത് ഇവർ തന്നെയായിരുന്നു. വിശിഷ്‌ടാതിഥികളെ സ്വാഗതം ചെയ്തതു സംസ്‌ഥാനത്തു കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയയിലൂടെ ആദ്യം കേൾവിയുടെ ലോകത്തേക്ക് എത്തിയ കോഴിക്കോട് സ്വദേശി ഫിദ എന്ന പ്ലസ്ടു വിദ്യാർഥിനിയായിരുന്നു. മുറിച്ച് മുറിച്ചുള്ള വാചകങ്ങളിലൂടെ വിശിഷ്‌ടാതിഥികളെ അവൾ സ്വാഗതം ചെയ്തപ്പോൾ ഉയർന്ന കരഘോഷം മാതാപിതാക്കളുടെ സ്വപ്ന സാക്ഷാത്കാരത്തിൻറെതായിരുന്നു. കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയയ്ക്ക് വിധേയമായ 600 ഓളം കുട്ടികളും അവരുടെ കുടുംബങ്ങളുമാണ് കോക്ലിയർ ഇംപ്ലാൻറ് ഫാമിലി എന്ന പേരിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ പങ്കെടുത്തത്.തൻറെ കുഞ്ഞ്് ഉച്ചത്തിൽ കരയുന്പോൾ മാതാവ് ചിരിക്കുന്ന ഒരേയൊരു സന്ദർഭമേ മനുഷ്യജീവിതത്തിനുള്ളു. അതവരുടെ ജനന നിമിഷമാണ്. പിറന്നുവീഴുന്ന കുഞ്ഞ്് കരഞ്ഞില്ലെങ്കിൽ മാതാപിതാക്കളുടെ പിന്നീടുള്ള വർഷങ്ങൾ ഉള്ളിലമർത്തിയുള്ള കരച്ചിലിൻറേതാകും. മറ്റൊന്നുമല്ല ശ്രവണ വൈകല്യമുള്ള കുട്ടികളാണ് ശബ്ദത്തിൻറെ ലോകത്തിലേക്ക് പിറന്നുവീഴുന്പോൾ കരയാത്തത്. വർഷങ്ങൾക്ക് മുന്പ് ശ്രവണ വൈകല്യമെന്നത് തങ്ങളുടെ വിധിയായി മാതാപിതാക്കൾ അംഗീകരിച്ചേ മതിയാകുമായിരുന്നുവെങ്കിൽ ഇന്ന് സ്‌ഥിതിമാറി. അഞ്ചുവയസ് പൂർത്തിയാകുന്നതിന് മുന്പ് കോക്ലിയർ ഇംപ്ലാൻറേഷൻ സർജറി നടത്തിയാൽ കുട്ടിയുടെ ശ്രവണശേഷി പൂർണമായി തിരിച്ചുകിട്ടുന്ന തരത്തിലേക്ക് വൈദ്യശാസ്ത്രം വളർന്നുകഴിഞ്ഞു. നൂറുകണക്കിനു കുട്ടികളാണ് ഇതിനോടകം ശസ്ത്രക്രിയവഴി ശബ്ദത്തിൻറെ ലോകത്തേക്ക് മടങ്ങിയെത്തിയത്.


മുൻകാലങ്ങളിൽ വ്യക്‌തിപരമായി ശസ്ത്രക്രിയ നടത്തിയാണ് ശ്രവണ വൈകല്യം പരിഹരിച്ചിരുന്നതെങ്കിൽ 2012 മുതൽ സംസ്‌ഥാന സർക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയും ശ്രവണ വൈകല്യമുള്ളരെ ശബ്ദത്തിൻറെ ലോകത്തേക്ക് കൈപിടിച്ച് നടത്തി. 2002 മുതൽ 2016 വരെയുള്ള കാലയളവിൽ 2200 ഓളം കുട്ടികളാണ് ശസ്ത്രക്രിയ വഴി ശ്രവണ വൈകല്യത്തെ അതിജീവിച്ചത്. ഇതിൽ ഭൂരിഭാഗം ശസ്ത്രക്രിയകളും കിടപ്പാടം വിറ്റും സുമനസുകളുടെ സഹായം കൊണ്ടുമാണ് നടത്തിയത്. എന്നാൽ ഇന്ന് കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയയ്ക്ക് വിധേയമായി ശബ്ദത്തിൻറെ ലോകത്ത് തിരിച്ചെത്തിയ കുട്ടികൾ ഉപയോഗിക്കുന്ന സൗണ്ട് പ്രോസസറുകളുടെ കാലാവധി അവസാനിച്ച് തുടങ്ങിയതു മൂലം നേരിടുന്ന പ്രതിസന്ധി പരിഹരിച്ചെങ്കിൽ മാത്രമേ കുട്ടികൾക്ക് കേൾവിയുടെ ലോകത്ത് തുടരാനാകൂ. ഉള്ളതെല്ലാം വിറ്റുപെറുക്കി ശസ്ത്രക്രിയ നടത്തിയും വർഷങ്ങളോളം നീണ്ട സ്പീച്ച് തെറാപ്പിയിലൂടെയും കുട്ടികളെ കേൾവിയുടെ ലോകത്തെത്തിച്ചതിൻറെ സാന്പത്തിക ബാധ്യത തീരും മുന്പ് പ്രോസസർ മാറ്റണമെന്നത് ഭൂരിഭാഗം രക്ഷിതാക്കളുടെ മുന്നിലും ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.ദരിദ്രകുടുംബങ്ങളിൽ ജനിച്ചുപോയെന്നതുകൊണ്ടു മാത്രം ബധിരതയുടേയും മൂകതയുടേയും അഭിശപ്തലോകത്തേക്ക് ഈ കുഞ്ഞുങ്ങളെ വീണ്ടും എറിഞ്ഞുകൊടുക്കണമോതാരാട്ടു കേട്ടുറങ്ങാനും മുത്തൾിക്കഥകളിലലിയാനും കുയിൽപ്പാട്ട് കേട്ട് എതിർപ്പാട്ടുപാടാനും ഈ കുരുന്നുകൾക്കും അവകാശമില്ലേ ദരിദ്രരായ തങ്ങൾക്ക് ജനിച്ചുപോയെന്ന കുറ്റംകൊണ്ട് നിശബ്ദരായി കഴിയേണ്ടിവന്ന മക്കളെയോർത്ത്് ഉള്ളിലമർത്തിയ തേങ്ങലുമായി നരകിച്ചു തീരണോ ഈ മാതാപിതാക്കളുടെ ജീവിതം ഉത്തരം പറയേണ്ടത് സർക്കാരാണ്, സർക്കാർ മാത്രമാണ്. (അവസാനിച്ചു)