പാഠം ഒന്ന് പഠനമില്ല!
പാഠം ഒന്ന് പഠനമില്ല!
14 വയസുവരെയുള്ള കുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസം നിയമപരമായിത്തന്നെ നിർബന്ധമാക്കിയ ഒരു രാജ്യത്താണു നമ്മൾ ജീവിക്കുന്നത്. ഏറ്റവുമൊടുവിൽ കേട്ടത് മക്കളെ സ്കൂളിൽ അയയ്ക്കാൻ മടിക്കുന്നവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു വിലക്കുന്ന രീതിയിൽ നിയമം പാസാക്കാൻ ആലോചിക്കുന്നുവെന്നാണ്. കുട്ടികൾക്കു വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു നാടും നഗരവും ഭരണകൂടങ്ങളുമൊക്കെ ഏറെ ജാഗരൂകരാകുമ്പോൾ അതിൽനിന്നു വ്യത്യസ്തമായ കാഴ്ചയാണ് ഇടമലക്കുടിയിൽ കാണാൻ കഴിയുന്നത്.

ഭാവിക്കു മീതെ

തമിഴ്നാട്ടിലും കേരളത്തിലുമായി 110 മുതുവാൻ ഊരുകളുണ്ടെന്നാണ് കണക്ക്. ഇതിൽ മുതുവാൻമാർ മാത്രം അധിവസിക്കുന്ന പഞ്ചായത്ത് ആണ് ഇടമലക്കുടി. എന്നാൽ, വിദ്യാഭ്യാസത്തിന്റെയും മറ്റു ജീവിതസാഹചര്യങ്ങളുടെയും അഭാവത്തിൽ ഈ സമൂഹത്തിന്റെ വളർച്ചതന്നെ പ്രതിസന്ധിയിലാണ്. കുട്ടികൾക്ക് അന്യമാകുന്ന വിദ്യാഭ്യാസവും ഇതരസൗകര്യങ്ങളും ഈ സമൂഹത്തിന്റെഭാവിക്കുമേൽത്തന്നെ കരിനിഴൽ വീഴ്ത്തുന്നു. ഇടമലക്കുടിയിൽ കുട്ടികൾക്കു പഠിക്കാനുള്ള അടിസ്‌ഥാന സൗകര്യങ്ങൾ ഏതാനും ഏകാധ്യാപക വിദ്യാലയങ്ങളിലും ആംഗൻവാടികളിലും ഒതുങ്ങുന്നു.

അസൗകര്യങ്ങളാൽ മുടന്തുന്ന ഒരു ഗവ.ട്രൈബൽ എൽപി സ്കൂളാണ് ഇവിടുത്തെ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനം എന്നു പറയാം. മിക്ക കുടികളിലും ഏകാധ്യാപക വിദ്യാലയങ്ങൾ ഉണ്ടെങ്കിലും ഇവയുടെ പ്രവർത്തനം പലേടത്തും സജീവമല്ല. കാട്ടിലൂടെ സാഹസികമായി യാത്ര ചെയ്തുവേണം അധ്യാപകർക്ക് ഈ കേന്ദ്രങ്ങളിൽ എത്താൻ. അടിസ്‌ഥാന സൗകര്യങ്ങളോ കുട്ടികളെ ആകർഷിക്കാൻ തക്ക എന്തെങ്കിലുമോ ഇല്ലാത്ത ഈ കേന്ദ്രങ്ങളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം വിരലിൽ എണ്ണിത്തീർക്കാം. വരുന്ന കുട്ടികൾതന്നെ പതിവായി എത്തുന്നതുമില്ല.

എങ്ങനെ പഠിക്കും? br>
ഇടമലക്കുടിയിലെ മുതിർന്നവരിൽ ബഹുഭൂരിപക്ഷത്തിനും വിദ്യാഭ്യാസം നേടാൻ അവസരം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ മക്കളും വിദ്യാഭ്യാസം നേടണമെന്ന നിർബന്ധബുദ്ധിയൊന്നും അവർക്കില്ല. അക്ഷരമെങ്കിലും പഠിച്ചാൽ വലിയ കാര്യം എന്നതിൽ കവിഞ്ഞ മോഹമൊന്നും ഇക്കാര്യത്തിൽ മിക്ക മാതാപിതാക്കളും പുലർത്തുന്നില്ല. കുട്ടികൾ മടിച്ചു വീട്ടിലിരുന്നാലും അവരെ പഠനസ്‌ഥലത്തേക്കു പറഞ്ഞയയ്ക്കാൻ മാതാപിതാക്കൾ മെനക്കെടാറില്ല.

പഠനസ്‌ഥലത്തേക്ക് ഏറെ ദൂരം ദുർഘടമായ കാട്ടിലൂടെ യാത്ര ചെയ്യേണ്ടി വരുന്നതും കുട്ടികളെ പിന്തിരിപ്പിക്കുന്നു. മഴക്കാലത്തും മറ്റും ഇത്തരം യാത്രകൾ തന്നെ സാഹസികമാണ്. വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ മാതാപിതാക്കൾ പ്രത്യേക താത്പര്യമെടുത്തു കുട്ടികളെ പഠനകേന്ദ്രങ്ങളിൽ എത്തിക്കുന്ന പതിവും കാണുന്നില്ല.

ചുരുക്കം ചിലർ ഇടമലക്കുടിക്കു പുറത്തുവന്നു ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കാറുണ്ട്. ഇവർ പോലും വീട്ടിലേക്കു പോയാൽ ചിലപ്പോൾ മടങ്ങിയെത്താറില്ല. ഇവരെ കൊണ്ടുവിടാനും വിളിച്ചുകൊണ്ടുവരാനുമൊക്കെയുള്ള കഷ്ടപ്പാടു കണക്കിലെടുത്താണ് പലരും ഈ സംവിധാനവും ഉപയോഗിക്കാതെ പോകുന്നത്. ഇടമലക്കുടിയിൽ സർവശിക്ഷാ അഭിയാന്റെ കീഴിൽ വിവിധ കുടികളിലായി 11 സ്കൂളുകൾ ഉണ്ടെന്നു പറയാമെങ്കിലും പ്രവർത്തിക്കുന്നതു മൂന്നെണ്ണം മാത്രമാണ്. ഇടമലക്കുടിയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന എൽപി സ്കൂൾ യുപി സ്കൂളായി ഉയർത്തി ഹോസ്റ്റൽ സംവിധാനം ഏർപ്പെടുത്തിയാൽ ഈ രംഗത്തു കുറെ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്കിൽ മാത്രമേ ദൂരത്തുള്ള കുടികളിൽനിന്നുള്ള കുട്ടികളെ ഇവിടെ പഠനത്തിനായി ലഭിക്കൂ. അതുപോലെ നിലവിലുള്ള സ്കൂളുകളിൽ അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വേണം. ചുരുക്കത്തിൽ പറഞ്ഞാൽ ഇടമലക്കുടിയിലെ കുട്ടികളിൽ ബഹുഭൂരിപക്ഷം പഠിക്കാൻ പോകുന്നില്ല, അല്ലെങ്കിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരാണ്. പിന്നെ ഇവർ എന്തു ചെയ്യുന്നു എന്നുള്ള ചോദ്യമാണു ബാക്കിയാകുന്നത്.


അവരെന്തു ചെയ്യുന്നു?

മിക്ക കുട്ടികളും കൗമാരം പിന്നിടുന്നതിനു മുമ്പേ മാതാപിതാക്കൾക്കൊപ്പം കൃഷിപ്പണികൾക്കു സഹായിക്കാൻ പോകും. അല്ലെങ്കിൽ വനവിഭവങ്ങൾ ശേഖരിക്കാനുള്ള സംഘത്തോടൊപ്പം ചുറ്റിക്കറങ്ങാനോ മീൻപിടിക്കാനോ പോകും. അതുമല്ലെങ്കിൽ കൂട്ടുകാർകൂടി ചുറ്റിക്കറങ്ങി നടക്കും. ഒരു വിഭാഗം കുട്ടികൾക്കിടയിൽ വളർന്നുകൊണ്ടിരിക്കുന്ന മദ്യപാനശീലവും മുറുക്ക്, പുകയില ഉപയോഗവുമാണ് മറ്റൊരു അപകടം. മദ്യപാനത്തെ വിലക്കുന്ന മാതാപിതാക്കൾ പോലും മുറുക്കിനെയും പുകയില ഉപയോഗത്തെയും വലിയ പ്രശ്നമായി കാണുന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. കുട്ടികളെ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത്തരം ശീലങ്ങൾ നയിക്കുമെന്നതിൽ തർക്കമില്ല. ഇത് ആൺകുട്ടികളുടെ കാര്യം. പെൺകുട്ടികളുടെ കാര്യമാണ് ഇതിനേക്കാൾ കഷ്ടം. ഹോസ്റ്റലിൽ പഠിക്കാൻ വിട്ടാലും ബാല്യം പിന്നിടുംമുമ്പേ മിക്ക പെൺകുട്ടികളും തിരികെ വീട്ടിലെത്തും.

പതിനഞ്ച് വയസ് ആകുമ്പോഴേക്കും മിക്കവാറും എല്ലാ പെൺകുട്ടികളെയുംതന്നെ വിവാഹം കഴിപ്പിച്ച് അയച്ചിട്ടുണ്ടാകും. വരന്റെ കാര്യത്തിൽ പ്രത്യേക അന്വേഷണമോ ജീവിത പശ്ചാത്തലം പരിശോധിക്കലോ ഒന്നും കാര്യമായി ഉണ്ടാവാറില്ലെന്ന് ഈ രംഗത്തു പഠനംനടത്തിയവർ ചൂണ്ടിക്കാട്ടുന്നു. പെൺകുട്ടിയെ എത്രയുംപെട്ടെന്നു വിവാഹം കഴിച്ച് അയയ്ക്കണമെന്ന ആഗ്രഹവും ബാധ്യതയും മാത്രമാണ് അവരെ ഭരിക്കുന്നത്. ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും മാതാപിതാക്കൾ നിശ്ചയിക്കുന്ന വിവാഹത്തിനു പെൺകുട്ടികൾ സമ്മതിച്ചുകൊടുക്കുന്നതാണു പതിവ്. പലപ്പോഴും വേണ്ടത്ര അ ന്വേഷണമില്ലാതെ നടത്തുന്ന വിവാങ്ങൾ ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളുടെ ജീവിതത്തെ ദുരിതമയമാക്കും. ബാലവിവാഹങ്ങൾ രാജ്യത്തു നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇടമലക്കുടി പോലെയുള്ള സമൂഹങ്ങളിൽ ഇതൊക്കെ ഇപ്പോഴും അരങ്ങേറുന്നുണ്ടെന്ന് ഉദ്യോഗസ്‌ഥർതന്നെ സമ്മതിക്കുന്നു. ബാല്യം വിടും മുമ്പേ കുട്ടികളെ വിവാഹം ചെയ്ത് അയയ്ക്കുന്നത് ഒരു തെറ്റായി ഇവർ കാണുന്നില്ല എന്നതാണ് സത്യം.

മിടുക്കരാവും

അതേസമയം, പഠിക്കാൻ അവസരവും സൗകര്യങ്ങളും മാർഗനിർദേങ്ങളും കിട്ടിയാൽ ഇടമലക്കുടിയിലെ കുട്ടികളും മിടുക്കരായി മാറുമെന്നതിനു നിരവധി ഉദാഹരണങ്ങളും നമുക്കു മുന്നിലുണ്ട്. അതിലൊരാളാണ് ഇപ്പോൾ എറണാകുളം ഗവൺമെന്റ് ലോ കോളജിൽ എൽഎൽബി വിദ്യാർഥിയായ രാമചന്ദ്രൻ. എറണാകുളം മഹാരാജാസിൽ ബിരുദപഠനം കഴിഞ്ഞാണ് എൽഎൽഎബിക്കു ചേർന്നിരിക്കുന്നത്. ഇടമലക്കുടിയിൽ ജനിച്ചു പതിനഞ്ചു വയസുവരെ അവിടെ ജീവിച്ചയാളാണു രാമചന്ദ്രൻ.

പത്താംക്ലാസിനു ശേഷം പഠിക്കാനുള്ള ആഗ്രഹം കലശലായപ്പോൾ ഹയർ സെക്കൻഡറി പഠിക്കാൻ ഹോസ്റ്റലിൽത്തന്നെ താമസിച്ചു. ഇപ്പോൾ മറയൂരിലാണു രാമചന്ദ്രനും കുടുംബവും താമസിക്കുന്നത്. എന്നാൽ, ഇവർക്ക് ഇടമലക്കുടിയിൽ സ്‌ഥലവും മറ്റുമുണ്ട്. ഇട യ്ക്കിടെ ഇവിടം സന്ദർശിക്കാറുമുണ്ട്.

നല്ല സാഹചര്യങ്ങൾ നൽകിയാൽ ഇടമലക്കുടിയിൽനിന്നു മിടുക്കൻമാർ ഉണ്ടാവുമെന്നു രാമചന്ദ്രൻ ലേഖകനോടു പറയുമ്പോൾ ആ വാക്കുകളിൽ ആവേശവും പ്രതീക്ഷയും. എന്നാൽ, ഇടമലക്കുടിയിലെ പുതുതലമുറ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ഈ ഗോത്രവിഭാഗത്തിന്റെ ഭാവിക്കുതന്നെ ഭീഷണിയാകുമെന്നു രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു. (തുടരും)