വീർപ്പുമുട്ടുന്ന ബാലമന്ദിരങ്ങൾ–5
വീർപ്പുമുട്ടുന്ന ബാലമന്ദിരങ്ങൾ–5
സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളുള്ള ജില്ലയാണ് മലപ്പുറം. 16.4 ലക്ഷം കുട്ടികൾ. 2011ലെ സെൻസസ് പ്രകാരം 18 വയസിൽ താഴെയുള്ളവരുടെ കണക്കാണിത്. ഇടുക്കി, വയനാട്, കാസർഗോഡ്, പത്തനംതിട്ട എന്നീ ഓരോ ജില്ലകളുടെ ജനസംഖ്യയേക്കാൾ കൂടുതലാണ് മലപ്പുറത്തെ കുട്ടികളുടെ എണ്ണം. എന്നാൽ കുട്ടികളുടെ അടിസ്‌ഥാന വികസനത്തിനായുള്ള സംവിധാനങ്ങൾ ജില്ലയിൽ അപര്യാപ്തമാണ്. കുട്ടികൾക്ക് നേരെയുള്ള പീഡനകേസുകളിലും മലപ്പുറം മുൻനിരയിലുണ്ട്. എന്നാൽ ലൈംഗികഅതിക്രമങ്ങളിൽ ഇരയാകുന്ന കുട്ടികളെ പാർപ്പിക്കാനുള്ള പ്രത്യേകമന്ദിരം ജില്ലയില്ല. തവനൂരിലുള്ള ചിൽഡ്രൻസ് ഹോമിലാണ് ഇവരെ താമസിപ്പിക്കുന്നത്. മലപ്പുറത്തെ ഒബ്സർവേഷൻ ഹോം കുട്ടികൾ രക്ഷപ്പെട്ടതിനെത്തുടർന്നു പൂട്ടിയ നിലയിലാണ്.

ബാലനീതി നിയമപ്രകാരമുള്ള കുട്ടികളുടെ സംരക്ഷണം മിക്കയിടത്തും പാലിക്കപ്പെടുന്നില്ല. പകരം പലവിധത്തിലുള്ള കുട്ടികളെ ഒരു കുടക്കീഴിൽ താമസിപ്പിച്ച് ബാലനീതി പ്രഹസനമാക്കുകയാണ് സർക്കാർ. ഒളിച്ചോടുന്ന കുട്ടികളും തെരുവിൽ കഴിയുന്ന കുട്ടികളെയും നോക്കാൻ ആളില്ലാത്ത കുട്ടികളെയും ജയിലിൽ കഴിയുന്ന മാതാപിതാക്കളുടെ കുട്ടികളെയും ഇതരസംസ്‌ഥാന കുട്ടികളെയും അനാഥരെയും ഭിക്ഷാടനം നടത്തുന്ന കുട്ടികളെയും ബാലവിവാഹത്തിൽ ഉൾപ്പെടുന്ന കുട്ടികളെയും ചിൽഡ്രൻഹോമിൽ പാർപ്പിക്കുന്നു. പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സ്പെഷൽ ചിൽഡ്രൻഹോമുകളുണ്ട്. പെൺകുട്ടികൾക്ക് ഒരു ഒബ്സർവേഷൻ ഹോം മാത്രമാണുള്ളത്. ഇടുക്കിയിൽ ചിൽഡ്രൻ ഹോം തന്നെ ഇല്ല.

സംസ്‌ഥാനത്ത് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ പെരുകുകയാണ്. സംസ്‌ഥാന പോലീസിന്റെ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഈ വർഷം 2,358 കേസുകളാണ് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളായി രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബർ വരെയുള്ള കണക്കാണിത്. 2015–ൽ മൊത്തം 2,373 കേസുകളായിരുന്നു. 2008ൽ ഇത് 549 മാത്രമായിരുന്നു. ഈ വർഷം ഒക്ടോബർ വരെ 765 ലൈംഗികാതിക്രമ കേസുകളും 124 തട്ടികൊണ്ടുപോകൽ കേസുകളും രേഖപ്പെടുത്തി. 2008 മുതൽ 2013 നവംബർ വരെയുള്ള കാലയളവിലെ കുട്ടികൾക്കെതിരെയുള്ള ആകെ ആക്രമണങ്ങൾ 2008ൽ 549 ആണെങ്കിൽ അത് 2013–ൽ 1654 ആണ്.



കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകൾ ഔദ്യോഗികമായി 2008ൽ 215 ആണെങ്കിൽ 2013ൽ അത് 565 ആയി ഉയർന്നു. 2008ൽ 87 കുട്ടികളാണ് തട്ടിക്കൊണ്ടു പോകപ്പെട്ടതെങ്കിൽ 2013ൽ അത് 101 ആയി ഉയർന്നു. കേരളത്തിലെ കോടതികളിൽ മാത്രം 5000 ത്തോളം ബാലലൈംഗികചൂഷണകേസുകളുണ്ട്. ഓരോ വർഷവും ആയിരത്തോളം കേസുകൾ. തീർപ്പാക്കാൻ ഏഴുവർഷം വരെ കാത്തിരിക്കണം. കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ കൂടിവരുന്നത് സാമൂഹികമായി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.


പോക്സോ നോക്കുകുത്തി

പ്രൊട്ടക്ഷൻ ഓപ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് (പോസ്കോ) 2012 നവംബറിലാണ് പ്രാബല്യത്തിൽ വരുന്നത്. പോക്സോ കേസുകളിൽ ബാലപീഡനകേസുകളിൽ ജാമ്യമില്ലാ വകുപ്പുകൾ അനുസരിച്ചു അറസ്റ്റിലായ പ്രതികൾ കേസ് നടപടികളിലെ അനാസ്‌ഥ കാരണം ജാമ്യം ലഭിച്ചു പറത്തുപോകുന്നതും വ്യാപകമാണ്. കടുത്ത കുറ്റകൃത്യങ്ങൾപ്പെട്ടവർ പോലും ജാമ്യത്തിൽ പുറത്തിറങ്ങുന്നു ലൈംഗിക കുറ്റകൃത്യങ്ങളിൽ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിലും കോടതിക്ക് ജാമ്യം അനുവദിക്കാം. മിക്ക കേസുകളിലും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതാണ് പ്രതികൾക്ക് രക്ഷഷയാകുന്നത്. മലപ്പുറം ജില്ലയിൽ ജനുവരി ഒന്നുമുതൽ 138 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഒന്നിൽ പോലും കുറ്റപത്രം നൽകിയിട്ടില്ല. നിയമത്തിലെ അഞ്ച്, ആറ്, വകുപ്പുകളനുസരിച്ചുള്ള കടുത്ത കുറ്റകൃത്യങ്ങളും അതിൽപ്പെടും. കഴിഞ്ഞ വർഷം കോളിളക്കമുണ്ടാക്കിയ രണ്ടുപ്രധാന കേസുകളിലെ പ്രതികളും ജാമ്യത്തിലാണ്.

പോക്സോ അനുസരിച്ചു ഒരുവർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് ചട്ടം. രണ്ടുകേസുകളിലും ജാമ്യം ലഭിച്ച ശേഷമാണ് കുറ്റപത്രം കോടതിയിലെത്തിയത്. പോസ്കോ നിയമത്തിൽ പോലും പഴുതുകൾ തേടുമ്പോൾ കുട്ടികൾ ഇരകളാകുന്നതു തുടരുന്നു. പോസ്കോയുടെ ഫലപ്രാപ്തി ഇതുവരെ ലക്ഷ്യത്തിലെത്തിയിട്ടില്ല. രക്ഷകർ തന്നെ പീഡകരാകുന്ന അവസ്‌ഥ. 90 ശതമാനം ആളുകളും അവരുടെ ബന്ധുക്കളും അധ്യാപകരും അയൽവാസികളുമെല്ലാമാണ്. ഇതിലെ പ്രതികൾ അവർ ഒടുവിൽ ഒത്തുതീർപ്പിലൂടെ രക്ഷപ്പെടുകയും ചെയ്യും. കുട്ടികളെ തിരച്ചറിയാത്തവിധം വേണം കുട്ടികളെ കോടതിയിൽ ഹാജരാക്കലും മറ്റും പരസ്യമായി കൊണ്ടുപോകുന്നത് കുട്ടികളുടെ അവകാശങ്ങളുടെ ലംഘനമാണ്.

കുട്ടികൾ ഉൾപ്പെട്ടിട്ടുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിന് തിരുവനന്തപുരത്തും കോഴിക്കോടും പ്രത്യേക കോടതികൾ ആരംഭിക്കണമെന്ന നിർദേശവും ബാലനയത്തിൽ മുന്നോട്ട് വയ്ക്കുന്നുണ്ട്. കുട്ടികളെ സംരക്ഷിക്കാനുള്ള നിയമം (പോക്സോ) അനുസരിച്ചു കുട്ടികൾക്ക് വേണ്ടി പ്രത്യേകം കോടതികൾ സ്‌ഥാപിക്കണമെന്നാണ് നിർദേശം. ജില്ലയിൽ പോക്സോ കോടതിയില്ല. ലൈംഗികപീഡനകേസുകൾ തീർപ്പാക്കാൻ അതിവേഗകോടതികൾ തന്നെ വേണം. കേസ് കഴിയുന്നതുവരെ കുട്ടികളെ താമസിപ്പിക്കാൻ ട്രാൻസിസ്റ്റ് ഭവനങ്ങൾ വേണം. ആൺകുട്ടികൾക്കുള്ള തവനൂരിലെ നിർദിഷ്‌ട സംരക്ഷണ കേന്ദ്രത്തിന്റെ നിർമാണം ഉടൻ ആരംഭിക്കണം. കേസ് തീരുവരെ പെൺകുട്ടികളുടെ സംരക്ഷണം സർക്കാർ നിരീക്ഷിക്കണം. നിലവിലെ സൗകര്യപ്രദമായ കോടതികൾക്ക് അധികചുമതല നൽകണം എന്നീ ആവശ്യങ്ങളും ചൈൽഡ് വെൽഫയർ കമ്മിറ്റികൾ മുന്നോട്ടുവയ്ക്കുന്നു.

(തുടരും..)

രഞ്ജിത്ത് ജോൺ