കുതിരകളുടെ രാജകുമാരൻ
കുതിരകളുടെ രാജകുമാരൻ
പൗരാണിക കാലങ്ങളിൽ യുദ്ധങ്ങളിൽ കുതിരകൾ വഹിച്ചിരുന്ന പങ്ക് വലിയതായിരുന്നു. ഫിലിപ്പ് രാജകുമാരനും മഹാനായ അലക്സാണ്ടർ ചക്രവർത്തിയും കുതിരകളോടു കാണിച്ചിരുന്ന സ്നേഹം ലോകപ്രസിദ്ധമാണ്. പ്രൗഢിയുടെയും ആഢ്യത്വത്തിന്റെയും കുലമഹിമയുടെയും പ്രദർശനമായി കുതിരകൾ മാറി. കുതിരപ്പന്തയം പ്രഭുകുമാരന്മാരുടെ ഹോബിയായി മാറി. മൃഗങ്ങളിൽ അഴകാർന്ന മൃഗമാണ് കുതിര. വിശുദ്ധ ബൈബിളിലും ഇതരമതഗ്രന്ഥങ്ങളിലും കുതിരകളെ പരാമർശിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും ഉയരംകൂടിയതും അഴകുള്ളതുമായ കുതിര ബൽജിയം സ്വദേശിയായ ബിഗ് ജോക്ക് ആണ്. 11 വയസുള്ള അരോഗദൃഢഗാത്രനായ ജേക്കിന്റെ ഉയരം 210.2 സെന്റിമീറ്റർ (82.75 ഇഞ്ച്) ആണ്. അമേരിക്കയിലെ മിഷിഗണിലുള്ള ഒസ്റ്റെഗോസ്മോക്കി ഹോളോഫാമിന്റെ ഉടമസ്‌ഥനായ ജെറി ഗിൽബർട്ടിന്റെ വകയാണ് ജേക്കബ്. വളരെ ചെറുപ്പത്തിൽത്തന്നെ ജേക്ക്, ജെറിയുടെ സംരക്ഷണത്തിൽ വന്നുചേർന്നു. കഠിനവും ക്രമീകൃതവുമായ ശിക്ഷണത്തിലൂടെയും പരിശീലനത്തിലൂടെയും ജെറി, ജേക്കിനെ വളർത്തിയെടുത്തു.
വളരെ ശാന്തശീലനും സൗമ്യനും ശക്‌തനുമാണ് ബിഗ് ജേക്ക്. ജെറിയുടെ കുടുംബാംഗങ്ങളോടെല്ലാം സ്നേഹത്തോടും അനുസരണത്തോടുംകൂടിയാണ് അവൻ പെരുമാറുന്നത്. അവരോടൊപ്പം യാത്രകൾക്കും അവൻ ഒപ്പംകൂടുന്നു. വീട്ടിലെ ചെറുതും വലുതുമായ എല്ലാ വളർത്തുമൃഗങ്ങളോടും സൗഹൃദത്തോടെയാണ് ജേക്ക് ഇടപെടുന്നത്. കഠിനാധ്വാനിയായ ജേക്കിന്റെ ഭാരം 2600 പൗണ്ടാണ്. യജമാനന്റെ കൃഷിത്തോട്ടത്തിലെ ഏതുജോലിയും ചെയ്യുന്നതിന് അവന് ഒട്ടും മടിയില്ല. തികച്ചും ആരോഗ്യകരമായ ഭക്ഷണരീതിയാണ് ജേക്ക് അവലംബിക്കുന്നത്.


ഗോതമ്പും ഓട്ട്സും ഇളംപച്ചപ്പുല്ലും മറ്റ് ധാന്യങ്ങളുമാണ് മുഖ്യഭക്ഷണം. ദിവസംതോറും നൂറുകണക്കിന് സന്ദർശകരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലോകത്തിലെ ഏറ്റവും ഉയരമുള്ള കുതിരയെ കാണാനായി എത്തുന്നത്. അവരോടെല്ലാം അങ്ങേയറ്റം മാന്യമായാണ് ബിഗ് ജേക്ക് പെരുമാറുന്നതും. ഫാമിലേക്ക് ക്ഷീണിതരായി കടന്നുവരുന്ന സന്ദർശകർ ജേക്കിനെ കണ്ടശേഷം ആഹ്ലാദഭരിതരായാണ് മടങ്ങുന്നതെന്നും ജെറി ഗിൽബർട്ട് ഓർമിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമായി നടത്തിയിട്ടുള്ള വിവിധ മത്സരങ്ങളിലും പ്രദർശനങ്ങളിലും ജേക്ക്നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. മികച്ച ഓട്ടക്കാരൻകൂടിയാണ് ബിഗ് ജേക്ക്.

<ആ>ജോർജ് മാത്യു പുതുപ്പള്ളി