ഭീതിയുടെ രാവുകളിലേക്ക് അവളെത്തുന്നു...
ഋഷി
50 വർഷങ്ങൾക്കു മുന്പുള്ള ഒരു നാടകക്കാലം.. കലാനിലയത്തിന്റെ രക്തരക്ഷസ് നാടകം അരങ്ങിൽ ആദ്യമായി അവതരിപ്പിക്കപ്പെടുകയാണ്. കലാലയത്തിന്റെ പ്രശസ്തമായ അവതരണ ഗാനത്തിനു ശേഷം അരങ്ങിൽ വിസ്മയങ്ങൾ തുടങ്ങി. പതിയെ പതിയെ അവൾ എത്തി. നാടകം കണ്ടുകൊണ്ടിരുന്ന കുട്ടികൾ പേടിച്ച് കണ്ണുപൊത്തി.
അവരെ ചേർത്തുപിടിച്ച് അച്ഛനമ്മമാർ നാടകം കണ്ടു. നാടകം തീർന്നപ്പോൾ ഒറ്റയ്ക്ക് വീട്ടിലേക്ക് പോകാൻ പേടിച്ചവരും കാണികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അന്നത്തെ സിനിമകളെ വെല്ലുന്ന തരത്തിൽ ആയിരുന്നു കലാനിലയം കൃഷ്ണൻ നായർ അത്ഭുതത്തിന്റെയും ഭീതിയുടെയും ഇഴ പിരിച്ച് രക്തരക്ഷസ് ഒരുക്കിയത്.
ഇതുപോലൊരു പേടിപ്പെടുത്തുന്ന നാടകം കണ്ടിട്ടില്ല എന്ന് എത്രയോ പേർ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു. വാമൊഴികളിലൂടെ രക്തരക്ഷസിന്റെ കഥ നാടറിഞ്ഞു.. അറിഞ്ഞവരും കേട്ടവരും നാടകം കാണാനെത്തി.
കാലത്തിന്റെ യവനിക ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു. കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭൻ കലാനിലയത്തിന്റെ പഴയ നാടകങ്ങളെ പുനരാവിഷ്കരിക്കാൻ തുടങ്ങിയപ്പോൾ അതിൽ ഏറ്റവും കൂടുതൽ പ്രശംസ പിടിച്ചു പറ്റിയ രക്തരക്ഷസും ഉണ്ടായിരുന്നു.
രക്തരക്ഷസിന്റെ ആദ്യത്തെ അവതരണ സമയത്ത് കേട്ട അതേ പ്രശംസ വചനങ്ങൾ വീണ്ടും കലാനിലയത്തിന്റെ നാടക ശാലയിൽ ഉയർന്നുകേട്ടു. മുമ്പ് നാടകം കണ്ടവർ നാടകം കണ്ടിട്ടില്ലാത്ത അവരുടെ മക്കളുമായി നാടകം കാണാൻ എത്തി. ഒരു തലമുറയിൽ നിന്ന് രണ്ടാം തലമുറയിലേക്കുള്ള നാടകത്തിന്റെ യാത്ര...
അനന്തപത്മനാഭന്റെ കയ്യുളി ചിന്തേരിട്ട രക്തരക്ഷസ് വർഷങ്ങൾക്കു മുമ്പ് അച്ഛനൊരുക്കിയ രക്തരക്ഷസിനോട് കിടപിടിക്കുന്നതു തന്നെയാണെന്ന് നാടകശാല വിട്ടുറങ്ങും മുന്പ് കാണികൾ അനന്തപത്മനാഭനോട് നേരിട്ട് സാക്ഷ്യപ്പെടുത്തി.
അങ്ങനെ രണ്ടാം വരവിലും അവൾ ആടിത്തിമർത്തു. 1973ൽ ആദ്യമായി രക്തരക്ഷസ് അവതരിപ്പിച്ചതിന്റെ അമ്പത്തിയൊന്നാം വാർഷികത്തിൽ അനന്തപത്മനാഭൻ മൂന്നാം തലമുറയ്ക്ക് വേണ്ടി ഒരിക്കൽ കൂടി രക്തരക്ഷസിനെ അരങ്ങിലെത്തിക്കുകയാണ്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ. ഈ വരുന്ന 13ന് കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ക്ഷേത്ര മൈതാനിയിലെ എ സി ഓഡിറ്റോറിയത്തിൽ 10000 അടി വിസ്തീർണ്ണമുള്ള സ്റ്റേജിൽ ഡോൾബി ശബ്ദ സംവിധാനത്തോട് കിടപിടിക്കുന്ന സൗണ്ട് സിസ്റ്റത്തിന്റെ ഘനഗാംഭീര്യ മുഴക്കത്തോടെ കലാനിലയത്തിന്റെ എക്കാലത്തെയും മാസ്റ്റർപീസ് ആയ രക്തരക്ഷസ് ഒരിക്കൽ കൂടി അത്ഭുതവും ഭീതിയും വാരി വിതറി അരങ്ങിൽ നിറഞ്ഞു തുളുമ്പും.
ഏരീസ് കലാലയത്തിന്റെ ഈ രക്തരക്ഷസ് ഒരു തുടക്കം മാത്രമാണ്. എന്നുവച്ചാൽ നാടക ചരിത്രത്തിൽ ആദ്യമായി ഒരു നാടകത്തിന് രണ്ടാം ഭാഗം അഥവാ തുടർച്ച കൊണ്ടുവന്ന പുതിയ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഏരീസ് കലാനിലയം.
കലാനിലയം എന്ന പ്രശസ്തമായ ബാനറിൽ മുന്നിൽ ഏരീസ് എന്നുകൂടി ഇനിമുതൽ ഉണ്ടാകും. ശക്തമായ ഈ കോർപ്പറേറ്റ് കമ്പനിയുമായി കലാനിലയം ഒത്തുചേർന്ന് പ്രവർത്തിക്കുന്നതോടെ നാടക രംഗത്ത് ആദ്യമായി ഒരു സംഘം ഇത്തരത്തിൽ ഒരു കോർപ്പറേറ്റ് സംരംഭവുമായി കൈകോർക്കുന്നു എന്ന പ്രത്യേകതയും കലാനിലയം സ്വന്തമാക്കുന്നു.
ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ സോഹൻ റോയ് ആണ് പുതിയ രക്തരക്ഷസിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ. ഏറ്റവും മികച്ച പിന്തുണയോടെ ഏറ്റവും മികച്ച നാടകമായി രക്തരക്ഷസിനെ ഒരിക്കൽ കൂടി അരങ്ങിൽ എത്തിക്കാൻ സോഹൻ റോയിയും കൂട്ടരും അനന്തപത്മനാഭന്റെ കൂടെയുണ്ട്.
ഏരീസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ നാടകങ്ങൾ കടൽ കടക്കുന്ന കാലവും വിദൂരമല്ല. കലാനിലയം കൃഷ്ണൻ നായരുടെ വലിയ സ്വപ്നമായിരുന്ന സ്ഥിരം നാടകവേദിക്ക് എറണാകുളത്തും തിരുവനന്തപുരത്തും സ്വപ്നസാക്ഷാത്കാരം നടത്തുമ്പോൾ അതിൽ ഏരീസിന്റെ കൈയൊപ്പമുണ്ടാകും.
പുഷ്ബാക്ക് സീറ്റുകൾ അടക്കം 140 സീറ്റുകൾ ഇത്തരത്തിൽ സജ്ജമാക്കിയിട്ടുണ്ട്. മൂന്ന് ക്ലാസ്സുകളാണ് ഓഡിറ്റോറിയത്തിൽ ഉണ്ടാവുക. ഒരു സിനിമ തിയറ്ററിൽ ഇരുന്ന് നാടകം കാണുന്ന ഫീൽ കാണികൾക്ക് ഇതിലൂടെ കിട്ടുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
ശബ്ദസംവിധാനത്തിന് ഏറെ പ്രാധാന്യം നൽകി കൊണ്ടാണ് രക്തരക്ഷസ് ഇത്തവണ അണിയിച്ചൊരുക്കുന്നത്. കൂടെ വിഷ്വൽ ഇഫക്സിനും ഹൈടെക് മേക്കപ്പിനും പ്രാധാന്യമുണ്ട്.
പുതിയ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ നാടകത്തിൽ കൊണ്ടുവരുമ്പോൾ തന്നെ നാടകത്തിന്റെ തനത് സ്വഭാവരീതികൾ കൈമോശം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് അനന്തപത്മനാഭൻ പറഞ്ഞു.
25 ദിവസമാണ് കൊടുങ്ങല്ലൂരിൽ നാടകം കളിക്കുക. അനന്തപത്മനാഭന്റെ അമ്മയുടെ നാടായ കൊടുങ്ങല്ലൂരിൽ ഇവരുടെ വീടിനോട് ചേർന്ന് തന്നെയാണ് നാടക ക്യാമ്പും സെറ്റ് നിർമാണവും എല്ലാം നടക്കുന്നത്.
150 ഓളം കലാകാരന്മാരാണ് ആരെങ്കിലും അണിയറയിലും ആയി രക്തരക്ഷസ് എന്ന ബ്രഹ്മാൻ നാടകത്തെ അണിയിച്ചൊരുക്കുന്നത്. നിമിഷനേരം കൊണ്ട് മാറിമറിയുന്ന സ്റ്റേജ് സെറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന പ്രോപ്പർട്ടികളും വിസ്മയ കാഴ്ചകളും പതിനായിരം ചതുരശ്ര അടി വിസ്തീർ ണ്ണമുള്ള സ്റ്റേജിൽ നിറയും.
സിനിമാരംഗത്തുള്ളവരടക്കം രക്തരക്ഷസിന്റെ ഭാഗമാകുന്നുണ്ട്. രണ്ടരമണിക്കൂറാണ് നാടകത്തിന്റെ ദൈർഘ്യം. രക്തരക്ഷസിന്റെ ചാപ്റ്റർ വൺ ആണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. ഇതിൽ ഒളിപ്പിച്ചു വച്ചിട്ടുള്ള ഒരു രഹസ്യമാണ് രണ്ടാം ചാപ്റ്ററിൽ വെളിപ്പെടുത്തുക.
അധികം വൈകാതെ തന്നെ രണ്ടാം ചാപ്റ്ററിന്റെ പണി ആരംഭിക്കും. കൊടുങ്ങല്ലൂരിലെ നാടകാവതരണത്തിന് ശേഷം തൊടുപുഴ, എറണാകുളം എന്നിവിടങ്ങളിലേക്കാണ് രക്തരക്ഷസ് എത്തുക. കലാനിലയം എന്ന 11 അക്ഷരമാണ് തന്റെ ആത്മവിശ്വാസമെന്നും കാണികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ തന്റെ ഉത്തരവാദിത്വം കൂടുന്നുവെന്നും അനന്തപത്മനാഭൻ പറയുന്നു.
കൊടുങ്ങല്ലൂരിലെ കലാനിലയത്തിന്റെ നാടക റിഹേഴ്സൽ ക്യാമ്പിൽ കൂരിരുട്ടിലും നിലാവിന്റെ നീല വെളിച്ചത്തിലും അട്ടഹാസം മുഴക്കി രക്തദാഹിയായി അലറിയാർക്കുകയാണ്... ഒക്ടോബറിന്റെ പതിമൂന്നാം രാവിൽ ഉയർത്തെഴുന്നേൽക്കാൻ...