അടച്ചുപൂട്ടലുകളുടെ കാലത്ത്, ഒരു പോസ്റ്റോഫീസ് തുറന്ന കഥ
കെ.കെ. അർജുനൻ
ഇന്ത്യൻ തപാൽ വകുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപൊരു അപേക്ഷ കിട്ടി. ഒരു പുതിയ പോസ്റ്റോഫീസ് അനുവദിക്കണം എന്നുള്ള അപേക്ഷ. സത്യത്തിൽ തപാൽ വകുപ്പിലെ ഉദ്യോഗസ്ഥർ ആദ്യം ഒന്നന്പരന്നു. പലയിടത്തും തപാൽ ഓഫീസുകൾ മണിച്ചിത്രപൂട്ടിട്ടു പൂട്ടിക്കൊണ്ടിരിക്കെയാണ് ഒരു പുതിയ പോസ്റ്റോഫീസ് തുറക്കണം എന്നാവശ്യപ്പെട്ടുള്ള അപേക്ഷ വരുന്നത്.
ഇ മെയ്ലിം വാട്സാപ്പുമൊക്കെ ഇന്ത്യ മുഴുവൻ ഏറെക്കുറെ ആക്ടീവായിരിക്കെ തപാൽ സംവിധാനത്തെ ആരാണ് ഇത്രമാത്രം ആത്മാർഥയോടെ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് നോക്കിയപ്പോൾ അപേക്ഷ വന്നിരിക്കുന്നത് തൃശൂരിൽ നിന്നാണെന്നു മനസിലായി.
തൃശൂർ ജില്ല കോടതി കെട്ടിടത്തിൽ ഒരു പോസ്റ്റ് ഓഫീസ് വേണമെന്ന അപേക്ഷയായിരുന്നു ഇന്ത്യൻ തപാൽ വകുപ്പിനു മുന്നിലെത്തിയിരുന്നത്. മുൻ എംപി ടി.എൻ. പ്രതാപന് കോടതി ക്ലർക്ക് അസോസിയേഷനും അഡ്വക്കറ്റ് ബാർ അസോസിയേഷനും കൂടി നൽകിയ അപേക്ഷയുടെ ഭാഗമായാണ് പോസ്റ്റോഫീസിനു വേണ്ടി തപാൽ വകുപ്പിന് അപേക്ഷ നൽകിയത്.
അധികം വൈകാതെ തന്നെ അപേക്ഷ പരിഗണിച്ച ഇന്ത്യൻ തപാൽ വകുപ്പ് കോടതി സമുച്ചയത്തിൽ പോസ്റ്റോഫീസ് അനുവദിച്ചുത്തരവായി. കോടതിയിൽ അനവധി നിരവധി കത്തിടപാടുകൾക്ക് ഒരു പോസ്റ്റോഫീസ് വേണണമെന്ന ആവശ്യമാണ് ഇതിലൂടെ സാധ്യമായത്.
കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട കത്തിടപാടുകൾ ദിവസവും ഇവിടെ ആവശ്യമായിരുന്നു. ഇപ്പോൾ പോസ്റ്റൽ സേവനങ്ങൾ പ്രധാനമായും ഇത്തരം നോട്ടീസുകൾ, കോടതി ഉത്തരവുകൾ, നിയമന ഉത്തരവുകൾ എന്നിവ അയക്കാനായി മാറിയിട്ടുള്ളതിനാൽ കോടതിയിൽ ഒരു പോസ്റ്റോഫീസ് അത്യാവശ്യമായിരുന്നു.
പ്രതികൾക്കും വാദികൾക്കുമൊക്കെയുള്ള സമൻസുകളും കത്തിടപാടുകളും ഇനി കോടതി സമുച്ചയത്തിൽ നിന്നു തന്നെ അയക്കാം. ഈ പോസ്റ്റോഫീസ് വരും മുന്പ് കോടതി ജീവനക്കാർക്കും അഭിഭാഷകർക്കും കോടതിയിലെയും അഭിഭാഷകരുടെയും ക്ലർക്കുമാർക്കുമൊക്കെ കോടതി സമുച്ചയത്തിൽ നിന്ന് പുറത്തുള്ള പോസ്റ്റോഫോസിലേക്കു പോകേണ്ടി വന്നിരുന്നു. ആ ബുദ്ധിമുട്ടാണ് തപാൽ ഓഫീസ് വന്നതോടെ അവസാനിച്ചത്.
കോടതി കെട്ടിട സമൂച്ചയത്തിൽ താഴത്തെ നിലയിൽ ചെറിയ മുറിയിലാണ് പോസ്റ്റോഫീസ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ജില്ലാ ജഡ്ജി പി.പി. സെയ്തലവിയാണ് കോടതി സമുച്ചയത്തിലെ പോസ്റ്റോഫീസ് ഉദ്ഘാടനം ചെയ്തത്.
പോസ്റ്റൽ ഡിപ്പാർട്ടുമെന്റ് ഓഫീസ് സൂപ്രണ്ട് സുനിൽ, തൃശൂർ ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ജോണ്സൻ, സെക്രട്ടറി അനീഷ്, നോർത്ത് പോസ്റ്റോഫസ് ബ്രാഞ്ച് പോസ്റ്റു മാസ്റ്റർ പി.ബി.ജിഷ്ണു, ജഡ്ജിമാർ, കോടതി ജീവനക്കാർ എന്നിവർ നവാഗത പോസ്റ്റോഫീസ് തുറക്കുന്ന ചടങ്ങിൽ പങ്കെടുത്തു.
കത്തെഴുത്ത് ദിനമെല്ലാം കാര്യമായി കൊണ്ടാടുന്പോഴും ഇന്ത്യയിൽ പോസ്റ്റോഫീസുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് പലരും ഓർക്കാറില്ല. കത്തെഴുത്ത് ഒരു ശീലവും ജീവിതത്തിന്റെ ഭാഗവുമായിരുന്ന അവസ്ഥയിൽ നിന്ന് കത്തെഴുത്ത് ഒരു ബുദ്ധിമുട്ടുള്ള ജോലിയായി മാറിയ കാലമാണിന്ന്.
ഇംഗ്ലീഷിലും മലയാളത്തിലും മംഗ്ലീഷിലും സന്ദേശങ്ങൾ നിമിഷ നേരം കൊണ്ട് അയക്കുന്നവരിൽ നിന്ന് സ്വീകർത്താവിലേക്ക് എത്തുന്ന ഇക്കാലത്ത്, പറയാനുള്ളത് മുഖത്തു നോക്കിയും അല്ലാതെയും കടലുകൾക്കും മാമലകൾക്കും അപ്പുറത്താണെങ്കിലും പറയാൻ സാധിക്കുന്ന പുതിയ കാലത്ത് കത്തെഴുത്ത് മെനക്കെട്ട പണിയാണെന്ന് പുതിയ തലമുറ പറയുന്പോഴും അതില്ലാതാകരുതെന്ന് ആഗ്രഹിക്കുന്നവർ ഇപ്പോഴും കത്തെഴുതുന്നുണ്ട്.
പഴയ ഇൻലന്റിൽ വന്ന കത്തുകൾ ഒരു നിധി പോലെ സൂക്ഷിച്ചെടുത്തു വെച്ചിട്ടുള്ളവരുമുണ്ട്. ഇന്റർനെറ്റ് വിപ്ലവത്തിന്റെ രക്തസാക്ഷിയെന്ന് ഒരു പരിധി വരെ തപാൽ ഓഫീസുകളെ വിശേഷിപ്പിക്കുന്നവരുണ്ട്.
മണിയോർഡറിനു പകരം നിമിഷ നേരം കൊണ്ട് പണം ആവശ്യക്കാരന്റെ കൈക്കുന്പിളിലെത്തിക്കുന്ന ഡിജിറ്റൽ സംവിധാനം വന്നപ്പോൾ, കന്പിയടിക്കുക എന്നത് ഒരു ചരിത്രകാലം മാത്രമായി മാറിയപ്പോൾ പോസ്റ്റോഫീസുകളിലേക്ക് ആളുകൾ എത്താതെയായി.
ഒരുകാലത്ത് ഇന്ത്യൻ ഗ്രാമങ്ങളേയും വികസനം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഗ്രാമാന്തരങ്ങളിലെ നാട്ടുപ്രദേശങ്ങളേയും വികസനപാതയിലുള്ള നഗരങ്ങളേയും കോർത്തിണക്കിയ ഒന്നായിരുന്നു ഇന്ത്യൻ തപാൽ സേവനം.
ഇന്ന് നിക്ഷേപങ്ങൾ സ്വീകരിക്കൽ, ബില്ലുകൾ സ്വീകരിക്കൽ, മെയിൽ ഡെലിവറി ഫോമുകളുടെ വിൽപന, ഇൻഷുറൻസ് നിക്ഷേപ പദ്ധതികൾ എന്നിവയെല്ലാമാണ് പ്രധാനമായും പോസ്റ്റോഫീസുകളെ പിടിച്ചുനിർത്തുന്നത്.
നിലനിന്നുപോകാൻ ശരിക്കും പാടുപെടുന്ന ഇന്ത്യൻ തപാൽ മേഖല... അപ്പോഴാണ് ഞങ്ങൾക്കൊരു പോസ്റ്റോഫീസ് വേണം എന്ന ആവശ്യം ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിന് കിട്ടിയത്.
നന്ദിയുണ്ട്....ഈ ഒരാവശ്യം ഉന്നയിച്ചതിന്...വരും തലമുറയ്ക്ക് പോസ്റ്റോഫീസ് എന്ന സംവിധാനം ഇന്ത്യയിലുണ്ടായിരുന്നു എന്ന് കാണിച്ചുകൊടുക്കുന്നതിന് വേണ്ടി..തലയെടുപ്പോടെ തൃശൂർ അയ്യന്തോൾ ജില്ല കോടതി കെട്ടിട സമുച്ചയത്തിൽ പോസ്റ്റോഫീസ് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു...