കാന്താ ഞാനും വരാം.. തൃശിവപേരൂർ പൂരം.. കാണാൻ...
വെള്ളിയാഴ്ചയാണ് തൃശൂർ പൂരമെങ്കിലും തൃശൂരിൽ പൂരക്കാഴ്ചകൾ വിരിഞ്ഞുവിടർന്നു കഴിഞ്ഞു. ലോകത്തെ തൃശൂർ മോഹിപ്പിച്ച് പ്രലോഭിപ്പിച്ച് ഈ ഇട്ടാവട്ടത്തേക്ക് ആകർഷിക്കുകയാണ്...കാണാനേറെയുണ്ട്..കേൾക്കാനേറെയുണ്ട്...വരൂ..വരൂ..പൂരം പടരുന്ന ഈ ശിവപുരിയിലേക്ക് വരൂ എന്നുറക്കെ പറഞ്ഞുകൊണ്ട്...
ഒരു തവണയെങ്കിലും തൃശൂർ പൂരം കണ്ടിരിക്കണം എന്ന് വെറുതെ പറയുന്നതല്ല. അത് കാണേണ്ട കാഴ്ചയാണ്...കേൾക്കേണ്ട നാദവിസ്മയമാണ്...അനുഭവിക്കേണ്ട ആനന്ദമാണ്..
പക്ഷേ ഒരിക്കലും പൂരം മുഴുവൻ കാണാൻ ആർക്കുമാകില്ല.
എന്തെങ്കിലുമൊക്കെ കാണാതെ കേൾക്കാതെ വിട്ടുകൊടുക്കേണ്ടി വരും...ആ നഷ്ടബോധമുള്ളിലിട്ട് അടുത്ത വർഷം അവർ വീണ്ടും പൂരം കാണാനെത്തി തലേ വർഷം കാണാതെ പോയത് കാണും കേൾക്കാൻ പറ്റാതെ പോയത് കേൾക്കും...
അങ്ങിനെ അവർ പൂരം കൊള്ളും... തൃശൂർക്കാർക്കും പൂരം വർഷങ്ങളായി കാണുന്നവർക്കും പൂരത്തെക്കുറിച്ച് അധികമൊന്നും പറഞ്ഞുകൊടുക്കേണ്ടതില്ല. എന്നാൽ ആദ്യമായി പൂരം കാണാനെത്തുന്നവരുടെ എണ്ണം ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണ്.
അവർക്കൊരുപാട് സംശയങ്ങളുണ്ട്...എവിടെ നിന്ന് കാണണം പൂരം, എങ്ങിനെ കാണണം പൂരം...ഏതൊക്കെ കാണണം, എവിടെ നിൽക്കണം.....അങ്ങിനെ സംശയങ്ങൾ അവരുടെ മനസിൽ കുടമാറ്റം നടത്തുന്പോൾ അവർക്കറിയാൻ പൂരത്തിന്റെ ഷെഡ്യൂളും പൂരങ്ങളെത്തുന്ന വഴികളും സമയക്രമങ്ങളും ....
എങ്ങിനെ കാണണം എവിടെ നിന്ന് കാണണം പൂരം...
സമയം രാവിലെ ആറുമണി
ഈ സമയത്ത് തിരുവന്പാടിയിലെത്തിയാൽ മഠത്തിലേക്കുളള വരവിന് ഭഗവതിയെ എഴുന്നള്ളിക്കുന്ന കൊന്പന്റെ അണിഞ്ഞൊരുങ്ങൽ കാണാം. കരിവീരൻ സ്വർണവർണങ്ങളുടെ ആനയാഭരണങ്ങളിൽ നീരാടുന്ന കാഴ്ച കാണാം.
സമയം രാവിലെ ഏഴിനും ഏഴരയ്ക്കുമിടയിൽ
മഠത്തിലേക്കുള്ള തിരുവന്പാടി ഭഗവതിയുടെ പുറപ്പാട്. ക്ഷേത്രഗോപുരത്തിന് പുറത്ത് കാത്തുനിൽക്കുന്ന പൂരപ്രേമികളും ഭക്തരും തട്ടകവാസികളും ഭഗവതിയുടെ തിടന്പേറ്റി പുറത്തുകടക്കുന്ന ഗജവീരനെ പുഷ്പവൃഷ്ടിയോടെ സ്വീകരിക്കുന്ന കാഴ്ച പൂരത്തിലെ ഏറ്റവും മനോഹരവും ഭക്തിസാന്ദ്രവുമായതാണ്.
സമയം രാവിലെ ഒന്പത്
മഠത്തിലേക്കുള്ള വരവ് നായ്ക്കനാൽ പന്തലിലെത്തും. ചെറിയൊരു വെടിക്കെട്ടും കാണാം.
സമയം രാവിലെ 10.15
ബ്രഹ്മസ്വം മഠത്തിൽ തിരുവന്പാടി ഭഗവതിയുടെ ഇറക്കിപൂജ
സമയം 11.30
തിരുവന്പാടി വിഭാഗത്തിന്റെ പ്രശസ്തമായ മഠത്തിലെ വരവിന് തുടക്കം. പാണി കൊട്ടി പഞ്ചവാദ്യം ആരംഭിക്കുന്നു. കേൾക്കേണ്ട പഞ്ചവാദ്യം....മൂന്നാനപ്പുറത്ത് മഠത്തിലെ വരവ്. റൗണ്ടിലെത്തിയാൽ ആനകൾ ഏഴാകും.
ഉച്ചയ്ക്ക് ഒന്നേകാലോടെ നായ്ക്കനാലിലെത്തും. അവിടെ പഞ്ചവാദ്യം മേളത്തിന് വഴിയൊഴിഞ്ഞു കൊടുക്കും. അവിടെ നിന്നും ശ്രീമൂല സ്ഥാനത്തേക്ക് കയറാൻ തുടങ്ങുന്പോൾ ആനകൾ പതിനഞ്ചാകും.
പാറമേക്കാവ് ക്ഷേത്രത്തിൽ ഈ സമയം ചൂരക്കോട്ടുകാവ് ദുർഗ ഭഗവതിയുടെ ഇറക്കിയെഴുന്നള്ളിപ്പ്.
സമയം 12.00ന്
പാറമേക്കാവിൽ ചെറിയ പാണി
സമയം 12.30ന്
പാറമേക്കാവ് പുറപ്പാട്. ഭഗവതി ആനപ്പുറമേറി ഗോപുരം കടന്ന് പൂരത്തിന് പുറപ്പെടുന്നു. കാണേണ്ട കാഴ്ച.
പതിനഞ്ചാനകൾ നിരക്കുന്ന കുടമാറ്റത്തോടെയുള്ള എഴുന്നള്ളിപ്പും ചെന്പട മേളവും
സമയം ഉച്ചയ്ക്ക് 1.30ന്
പാറമേക്കാവ് പുറപ്പാടിൽ ചെന്പട കലാശിച്ച് പാണ്ടിമേളം തുടങ്ങും. ആനകൾ എക്സിബിഷൻ ഗ്രൗണ്ടിന് മുന്നിലൂടെ കിഴക്കേഗോപുരം കടന്ന് വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിമരച്ചുവട്ടിലേക്ക് നീങ്ങുന്നു.
സമയം ഉച്ചയ്ക്ക് 2.00ന്
ഇലഞ്ഞിത്തറയിൽ വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം
സമയം ഉച്ചതിരിഞ്ഞ് 4.30ന്
ഇലഞ്ഞിത്തറ മേളം കൊട്ടിക്കലാശം. തുടർന്ന് പാണ്ടിമേളത്തിന്റെ അകന്പടിയോടെ വടക്കുന്നാഥനെ പ്രദക്ഷിണം ചെയ്ത തെക്കേഗോപുരനടയിൽ തൃപുടമേളം അവസാനിക്കുന്നു.
തുടർന്ന് തെക്കോട്ടിറക്കം. പാണ്ടിമേളത്തിന്റെ അകന്പടിയോടെ കൊച്ചിരാജാവിന്റെ പ്രതിമ വരെ പോയി തിരിച്ചെത്തിയാലുടൻ തിരുവന്പാടിയുമായുള്ള മുഖാമുഖത്തിന് കളമൊരുങ്ങും
സമയം ഉച്ചതിരിഞ്ഞ് 4.45ന്
തിരുവന്പാടിയുടെ മഠത്തിൽ നിന്നുള്ള വരവ് ശ്രീമൂലസ്ഥാനത്ത് അവസാനിക്കുന്നു. പടിഞ്ഞാറേ ഗോപുരം കടന്ന് ആനകളും വാദ്യക്കാരും വടക്കുന്നാഥനെ വണങ്ങി തെക്കേഗോപുരമിറങ്ങുന്നു.
സമയം വൈകിട്ട് 5.30ന്
വിശ്വപ്രസിദ്ധമായതും യുനെസ്കോ വരെ വാഴ്ത്തിയതുമായ തെക്കോട്ടിറക്കവും കുടമാറ്റവും ഭഗവതിമാരുടെ കൂടിക്കാഴ്ചയും ഇവിടെ കാണാം. ഡിവൈൻ ഡർബാർ അഥവാ ദേവിക സദസ് എന്നൊരു ഓമനപ്പേരുകൂടിയുണ്ട് ഈ മോഹിപ്പിക്കുന്ന കാഴ്ചയ്ക്ക്.
സമയം വൈകിട്ട് ആറരയ്ക്കും ഏഴിനും ഇടയിൽ
കുടമാറ്റം കഴിഞ്ഞ് തിരുവന്പാടി ഭഗവതി എംഒ റോഡിലൂടെ രാജാവിന്റെ പ്രതിമ വരെ പോയി തിരിച്ച് റൗണ്ടിലെത്തി 15 ആനകളുമായി നിരന്ന് ശേഷം തിരികെ മഠത്തിലേക്ക്
പാറമേക്കാവ് ഭഗവതി തിരികെ നാദസ്വരത്തിന്റെ അകന്പടിയോടെ ക്ഷേത്രത്തിലേക്ക്
സമയം രാത്രി 7.30ന്
മഠത്തിൽ തിരുവന്പാടി ഭഗവതിയുടെ ഇറക്കിപൂജ.
സമയം രാത്രി 10.30ന്
ഏഴ് ആനകളുടെ അകന്പടിയോടെ പാറമേക്കാവ് ഭഗവതിയുടെ പൂരം പുറപ്പാട്.
സമയം രാത്രി 11.30ന്
തിരുവന്പാടിയുടെ മഠത്തിൽ നിന്നുളള വരവ് മൂന്നാന പഞ്ചവാദ്യത്തോടെ തുടങ്ങുന്നു.
സമയം പുലർച്ചെ 2.30ന്
മഠത്തിൽ നിന്നുള്ള രാത്രി എഴുന്നളളിപ്പ് നടുവിലാൽ പന്തലിൽ അവസാനിച്ച് ഒരാനപ്പുറത്ത് ഭഗവതി വെടിക്കെട്ട് കാണാൻ നിൽക്കുന്നു.
സമയം പുലർച്ചെ മൂന്നിനും ആറിനും മധ്യേ
തിരുവന്പാടിയുടേയും പാറമേക്കാവിന്റെയും പൂരം വെടിക്കെട്ട്.