ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ പറയാത്തവരായി ആരുണ്ട്. എല്ലാവര്ക്കും പേടി ശരീരത്തെതന്നെയാണ്. കടുത്ത വേനല്‍ ചൂടില്‍ സുന്ദരമായ നമ്മുടെ ശരീരം കരിവാളിക്കുമോ, സൂര്യാതപമേല്‍ക്കുമോ എന്നിങ്ങനെയുള്ള പേടിയാണ് എല്ലാവർക്കും.
മഴയാണെങ്കില്‍ വലിയ കുഴപ്പമില്ല... എന്നാൽ വെയില് കൊണ്ടുകൂടാ... മലയാളികളുടെ ഈ ചിന്തയ്ക്ക് ഒരു മാറ്റവുമില്ല. വേനൽക്കാലത്തിന്റെ തുടക്കമായപ്പോഴേക്കും കടുത്ത ചൂടാണ് കേരളത്തിൽ അനുഭവപ്പെടുന്നത്.
പുറത്ത് ഇറങ്ങാൻ പോലും മടിക്കുകയാണ് പലരും. ഇതിൽ കാര്യമുണ്ടുതാനും. വേനൽക്കാലത്തെ സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേല്‍ക്കുമ്പോള്‍ പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകും. എല്ലാം നമ്മുടെ കൈയിലല്ലെങ്കിലും ചില പ്രതിരോധ പ്രവർത്തനങ്ങളിലൂടെ പല പ്രശ്നങ്ങളിൽനിന്നു രക്ഷപ്പെടാം.
സണ്‍ സ്ക്രീനുകള്‍ സംരക്ഷിക്കും
വേനൽക്കാലത്ത് പുറത്തിറങ്ങുമ്പോൾ സൺസ്ക്രീനുകൾ ഉപയോഗിക്കാനാണ് ഏറ്റവും പ്രധാനമായി ഓർത്തിരിക്കേണ്ടത്. വേനൽ ചൂടിൽനിന്നും ശരീരത്തിന് ദോഷകരമായ സൂര്യരശ്മികളിൽനിന്നും സംരക്ഷിക്കാൻ സൺസ്ക്രീനുകൾക്ക് കഴിയും.
എസ് പി എഫ് 50 അടങ്ങിയ സൺസ്ക്രീനുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം സൺസ്ക്രീനുകളിൽ കൂടുതൽ അളവിലുള്ള സൂര്യപ്രകാശത്തിൽനിന്ന് സംരക്ഷണം നൽകും. ഏതു തരത്തിലുള്ള ചർമമുള്ളവർക്കും സൺസ്ക്രീനുകൾ ഉപയോഗിക്കാനാവും.
പുറത്ത് പോവുന്നതിന് 30 മിനിറ്റ് മുമ്പ് എങ്കിലും സൺസ്ക്രീനുകൾ പുരട്ടാൻ ശ്രദ്ധിക്കണം. വിപണിയിൽ പല കമ്പനികളുടെ സൺസ്ക്രീനുകൾ ലഭ്യമാണ്. അതിൽനിന്ന് ചർമത്തിന് അനുയോജ്യമായത് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. സൂര്യനിലെ അൾട്രാവയലറ്റ് രശ്മികളിൽനിന്ന് ഉണ്ടാകുന്ന അസുഖങ്ങൾ പോലും ഇല്ലാത്താകാൻ സൺസ്ക്രീനുകൾക്ക് കഴിയുന്നുണ്ട്.
വരണ്ടു പൊട്ടും ചുണ്ടുകൾ
കാലാവസ്ഥ മാറുന്നതിനനുസരിച്ച് നാം നേരിടുന്ന ഒരു പ്രശ്നമാണ് ചുണ്ട് വരണ്ടുപൊട്ടുന്നത്. ചുണ്ടിലെ ചര്‍മം മറ്റ് ചര്‍മത്തെക്കാള്‍ നേര്‍ത്തതാണ് എന്നതാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ ചുണ്ടുകളുടെ സംരക്ഷണം പ്രധാനപ്പെട്ടതാണ്.
വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ ഏറെ സഹായിക്കും. ചുണ്ടില്‍ ദിവസവും നെയ്യ് പുരട്ടി മസാജ് ചെയ്യുന്നതും വരൾച്ച മാറാന്‍ സഹായിക്കും. ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും.
പഞ്ചസാര നല്ലൊരു സ്ക്രബറാണ്. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലിവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടാം. ശേഷം വിരലുകൾകൊണ്ട് ചുണ്ടിൽ മൃദുവായി മസാജ് ചെയ്യൂ. പത്ത് മിനിറ്റിനുശേഷം കഴുകിക്കളയാം.
തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. ദിവസവും ചുണ്ടിൽ ഗ്ലിസറിന്‍ പുരട്ടുന്നതും ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ സഹായിക്കും. നാരങ്ങാനീരില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നതും നല്ലതാണ്.
കുടിക്കാം പാനീയങ്ങൾ
വേനലിനെ ചെറുക്കാൻ തണുത്ത പാനീയങ്ങളും തണുപ്പകറ്റാൻ ചൂടുള്ള ഭക്ഷണവും ആഹാര ക്രമത്തിൽ ഉൾപ്പെടുത്താറില്ലേ, ഇത് സൗന്ദര്യ സംരക്ഷണത്തിന്റെ കൂടി ഭാഗമാണ്. ഇതിൽ പാനീയങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തുന്നത്. തിളക്കമുള്ള ചർമം നൽകാൻ പാനീയങ്ങൾക്ക് ആകും.
വെജിറ്റബിൾ ജ്യൂസ്
ഫ്രഷ് പച്ചക്കറികൾ ചേർത്തുണ്ടാക്കുന്ന പാനീയമാണ് വെജിറ്റബിൾ ജ്യൂസ്. ഇത് ചർമ സൗന്ദര്യത്തെ മികവുറ്റതാക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു. ചീര, ക്യാരറ്റ്, ബീറ്റ്റൂട്ട്, മത്തങ്ങ, കുക്കുമ്പർ എന്നിവ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ചർമത്തിന്റെ തിളക്കത്തിനും ആരോഗ്യത്തിനും ഉത്തമമാണ്.
സംഭാരം
കേരളത്തിലെ പാരമ്പര്യ പാനീയങ്ങളിലൊന്നാണ് സംഭാരം. ഇത് ആഹാരശീലത്തിൽ ചേർക്കുകയാണെങ്കിൽ പ്രോട്ടീനും കാത്സ്യവും മാത്രമല്ല ചർമത്തിനാവശ്യമായ പോഷകങ്ങളും പ്രധാനം ചെയ്യും. ഇത് ദഹനം വർധിപ്പിക്കും. മല്ലിയിലയോ പുതിനയിലയോ കൂടെ ചേർത്താൽ സംഭാരം കൂടുതൽ സ്വാദിഷ്ടമാകും.
മസാല മിൽക്ക്
പാൽ നേരിട്ട് ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിൽനിന്ന് വ്യത്യസ്ത ഗുണമാണ് മസാല മിൽക്ക് ശീലമാക്കുന്നതിലൂടെ ലഭിക്കുന്നത്. പാലിൽ സുഗന്ധവ്യഞ്ജനങ്ങളും ഉണങ്ങിയ പഴങ്ങളും ചേർത്തുണ്ടാക്കുന്നതിനാൽ ഇത് മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കുന്നതിനോടൊപ്പം ചർമത്തിനാവശ്യമായ തിളക്കവും നൽകുന്നു.
ഫ്രൂട്ട് ജ്യൂസുകൾ
വേൽക്കാലം ചില പഴങ്ങൾ ധാരാളമായിക്കിട്ടുന്ന കാലം കൂടിയാണ്. ഓറഞ്ച്, ആപ്പിൾ. മുന്തിരി പോലെയുള്ള പഴങ്ങൾ ധാരാളമായി കിട്ടുന്ന കാലമാണിത്. ഇത്തരം പഴങ്ങൾ തണുത്ത വെള്ളം ചേർത്ത് ജ്യൂസ് ആക്കി കുടിക്കുന്നതും ഉള്ളിൽ കഴിക്കുന്നതും വളരെ നല്ലതാണ്. നാരങ്ങാ വെള്ളം കുടിക്കുന്നതും നല്ലതുതന്നെ. ചെറുപഴം, എത്തപ്പഴം എന്നിവയും കഴിക്കാം.
ഗ്രീൻ ടീ
ഗ്രീൻ ടീ ഉന്മേഷം നൽകുന്ന പാനീയം മാത്രമല്ല മുഖക്കുരു കുറച്ച് ചർമത്തെ മികവുറ്റതാക്കുക കൂടി ചെയ്യുന്നു. ദിവസം ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ചർമത്തിന് യുവത്വവും മൃദുത്വവും നൽകുന്നു.
വേനൽക്കാലത്തെ ജലജന്യരോഗങ്ങളിൽനിന്നു രക്ഷപ്പെടാം
ജലജന്യരോഗങ്ങൾ പടർന്നുപിടിക്കുന്ന സമയം കൂടിയാണു വേനൽക്കാലം. വയറിളക്കം, മഞ്ഞപ്പിത്തം എന്നിവ വേനലിൽ പടർന്നു പിടിക്കാറുണ്ട്. ജലജന്യരോഗങ്ങളിൽനിന്നു രക്ഷപ്പെടാനായി മുൻകരുതൽ എടുക്കണം.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം ചേർത്തു കുടിക്കുന്ന ശീലവും നല്ലതല്ല. കുടിക്കാനും ശീതളപാനീയങ്ങൾ തയാറാക്കാനും ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന വെള്ളവും തിളപ്പിച്ചാറ്റിയതുതന്നെവേണം.
വീട്ടിലെ കിണർ ക്ളോറിനേറ്റ് ചെയ്യാനും ശ്രദ്ധിക്കണം. ആയിരം ലിറ്റർ വെള്ളത്തിന് 2.5 ഗ്രാം എന്ന കണക്കിനാണ് ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കേണ്ടത്. ബക്കറ്റിൽ വെള്ളം കോരി അതിൽ ബ്ലീച്ചിംഗ് പൗഡർ ലയിപ്പിച്ചു വേണം കിണറിൽ ഒഴിക്കാൻ.
ബ്ലീച്ചിംഗ് പൗഡർ ഇട്ട ശേഷം ചുരുങ്ങിയത് രണ്ടു മണിക്കൂർ എങ്കിലും കഴിഞ്ഞേ വെള്ളം ഉപയോഗിക്കാവൂ. ഇങ്ങനെ പലതരത്തിലുള്ള മുൻകരുതലുകൾ എടുത്താൽ നമുക്ക് ജലജന്യരോഗങ്ങളിൽനിന്നു രക്ഷപ്പെടാനാവും.