"എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...'! 92കാരി യുപി സ്കൂൾ വിദ്യാർഥിനി
ലഖ്നോ: പ്രായം വെറുമൊരു സംഖ്യയാണ് എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അടുത്തിടെ 65 വയസുള്ള "ഡാൻസിംഗ് ഡാഡി' തന്റെ നൃത്തംകൊണ്ട് സോഷ്യൽ മീഡിയ ഇളക്കിമറിച്ചിരുന്നു.
ഉത്തർപ്രദേശിൽനിന്നുള്ള ഒരു യുപി സ്കൂൾ വിദ്യാർഥിനിയെക്കുറിച്ചുള്ള വാർത്തയാണ് മാധ്യമങ്ങൾ ഇപ്പോൾ വലിയ പ്രാധാന്യത്തോടെ കൊടുത്തിരിക്കുന്നത്. 92 വയസുള്ള സലീമ ഖാൻ എന്ന ഈ വിദ്യാർഥിനിയുടെ ജീവിതം മറ്റുള്ളവർക്കു പ്രചോദനം പകരുന്നതാണ്.
തന്റെ കൊച്ചുമക്കളേക്കാൾ പ്രായം കുറഞ്ഞ കുരുന്നുകളോടൊപ്പം ക്ലാസ് മുറിയിലിരുന്നു പഠിക്കുന്ന മുതുമുത്തശിയുടെ വീഡിയോയും ഫോട്ടോയുമാണ് സോഷ്യൽ മീഡിയകളിൽ വന്നത്. "എനിക്ക് പഠിക്കാൻ ഇഷ്ടമാണ്... ഞാൻ സ്കൂളിൽ പോകുന്നു' തൊണ്ണൂറ്റിരണ്ടുകാരി വീഡിയോയിൽ പറയുന്നു. സംസ്ഥാന സർക്കാരിന്റെ നവഭാരത് സാക്ഷരതാ മിഷന് പദ്ധതിയുടെ ഭാഗമായാണ് മുത്തശി സ്കൂളിലെത്തുന്നത്.
പഠിക്കാനുള്ള അവരുടെ അർപ്പണബോധം കണ്ട് വയോധികയ്ക്ക് പെൻഷൻ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് സ്കൂൾ അധികൃതർ. സലീമയ്ക്ക് ഇപ്പോൾ ആത്മവിശ്വാസത്തോടെ 100 വരെ എണ്ണാനും സ്വന്തം പേര് എഴുതാനും കഴിയുമെന്നു സ്കൂൾ എച്ച്എം ഡോ. പ്രതിഭ ശർമ മാധ്യമങ്ങളോടു പറഞ്ഞു. സലീമ ഉൾപ്പെടെ 9,000 പേർ നവഭാരത് പദ്ധതിയുടെ കീഴിൽ ഇതുവരെ സാക്ഷരതാ പരീക്ഷ വിജയിച്ചു.