മഴക്കാലത്ത് കഴിക്കേണ്ടതും കഴിക്കരുതാത്തതുമായി ഭക്ഷണങ്ങള്‍ ഇവയാണ്...
Thursday, June 20, 2024 1:35 PM IST
ആയുര്‍വേദത്തില്‍ സീസണുകള്‍ക്കനുസരിച്ച് ഭക്ഷണം കഴിക്കുക എന്ന ആശയമുണ്ട്. ഋതുചര്യ എാണ് ഇതറിയപ്പെടുന്നത്. കാലാവസ്ഥ അനുസരിച്ച് രോഗപ്രതിരോധ സംവിധാനത്തെയും മനസിനെയും പരുവപ്പെടുത്തുന്നതിനാണിത്.
രോഗങ്ങള്‍ ഒഴിവാക്കാനും ആരോഗ്യകരമായി ഇരിക്കാനും ഋതുചര്യ ഫലപ്രദവുമാണെന്ന് കണക്കാക്കപ്പെടുന്നു. ഇതുപ്രകാരം മഴക്കാലത്ത് നിങ്ങളുടെ ഭക്ഷണക്രമത്തില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണം, എന്തെല്ലാം ഒഴിവാക്കണം എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ചൂടുവെള്ളം, സൂപ്പ്, പഴങ്ങള്‍
മഴക്കാലത്ത് തിളപ്പിച്ച് ആറിയതോ ചൂടുള്ളതോ ആയ വെള്ളം കുടിക്കുന്നതാണ് ഉത്തമം. ജലജന്യ രോഗങ്ങളില്‍നിന്ന് ഒരുപരിധിവരെ അകന്നുനില്ക്കാന് ഇതിലൂടെ സാധിക്കും. ഹെര്‍ബല്‍ ടീ, സൂപ്പ് എന്നിവയും ഉപയോഗിക്കാവുന്നതാണ്.
ആയുര്‍വേദ പാനീയങ്ങളും കഴിക്കാം. ഈ പാനീയങ്ങള്‍ റീഹൈഡ്രേറ്റിംഗ് ആണ്. ഇത് ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തി ശരീരത്തില്‍ വിഷാംശം ഇല്ലാതാക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.
അതുപോലെ പിയര്‍, പ്ലം, ചെറി, പീച്ച്, പപ്പായ, ആപ്പിള്‍, മാതളനാരങ്ങ തുടങ്ങിയ സീസണല്‍ പഴങ്ങള്‍ കഴിക്കുന്നത് വിറ്റാമിന്‍ എ, സി, ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍ തുടങ്ങിയവ ശരീരത്തില്‍ എത്തിക്കും.
ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധ പ്രതികരണത്തെ ഉത്തേജിപ്പിക്കാനും ഈ പഴങ്ങള്‍ സഹായിക്കും.
പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങള്‍
വെള്ളരി, തക്കാളി, ബീന്‍സ്, വെണ്ടയ്ക്ക, കാരറ്റ്, ബീന്‍സ് തുടങ്ങിയ പച്ചക്കറികളുടെ കാലമാണ് കാലവര്‍ഷം. നിങ്ങളുടെ പതിവ് ഭക്ഷണക്രമത്തില്‍ ഈ പച്ചക്കറികള്‍ ധാരാളം ഉള്‍പ്പെടുത്തുന്നത് ദഹന ആരോഗ്യവും രോഗപ്രതിരോധ പ്രവര്‍ത്തനത്തിനും സഹായകമാണ്.
അതുപോലെ സുഗന്ധവ്യഞ്ജനങ്ങളായ മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, കറുവപ്പട്ട, ഏലം, ജാതിക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇവ ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റിഫംഗല്‍, ആന്റിവൈറല്‍, ആന്റിമൈക്രോബയല്‍, ആന്റി ബാക്ടീരിയല്‍ ശേഷിയുള്ളതാണ്.
പരിപ്പ്, പയര്‍, വെളുത്തുള്ളി
പരിപ്പും വെളുത്തുള്ളിയും മഴക്കാലത്ത് ആരോഗ്യകരമായ ഭക്ഷണപദാര്‍ഥങ്ങളാണ്. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എിവയാല് സമ്പുഷ്ടമാണ് പരിപ്പുകളും പയര്‍ വിഭവങ്ങളും.
ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ എല്ലാ സീസണിലും ഇവ ഉപയോഗിക്കാം. വെളുത്തുള്ളി ജലദോഷം, പനി എന്നിവ ചെറുക്കുകയും നിങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.
രക്തത്തിലെ ടി സെല്ലുകള്‍ വര്‍ധിപ്പിക്കുകയും അതുവഴി വൈറല്‍ ആക്രമണങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നാണ് വെളുത്തുള്ളി.
തൈര്, മോര്, അച്ചാര്‍
തൈര്, മോര്, അച്ചാര്‍ തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങള്‍ പ്രോബയോട്ടിക്സിന്റെ നല്ല ഉറവിടങ്ങളാണ്. ഇത് നിങ്ങളുടെ ദഹനം ആരോഗ്യകരമായി നിലനിര്‍ത്തും. ദോഷകരമായ ബാക്ടീരിയകളെ തടയാനും ഇത് സഹായകമാണ്.
അതുപോലെ നാരങ്ങ, മഞ്ഞള്‍ തുടങ്ങിയവയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും അണുബാധകളെ അകറ്റിനിര്‍ത്താനും സഹായിക്കും.
മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
മഴക്കാലത്ത് ഏറ്റവും അപകടകരം പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കലാണ്. ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ കാലാവസ്ഥായണ് മഴക്കാലം. അതുപോലെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.
കാരണം, ഇത്തരം ഭക്ഷണങ്ങള്‍ ദഹനക്കേട്, വയറിളക്കം പോലുള്ള ദഹനനാളത്തിന്റെ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പച്ചക്കറികളും ഇലക്കറികളും ഉയര്‍ന്ന ചൂടില്‍ പാകം ചെയ്തു മാത്രമേ കഴിക്കാവൂ. മാത്രമല്ല, നല്ലതുപോലെ കഴുകി വൃത്തിയാക്കിയശേഷമേ പാകം ചെയ്യാന്‍ ഉപയോഗിക്കാവൂ എന്നതും ശ്രദ്ധിക്കണം.
മഴക്കാലത്ത് ജലമലിനീകരണത്തിനുള്ള സാധ്യത കൂടുതലാണ്. കടല്‍വിഭവങ്ങള്‍ അണുബാധ വാഹകരാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍, മഴക്കാലത്ത് കടല്‍വിഭവങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.