ബീന്‍സ് ചില്ലറക്കാരന്‍ അല്ല; ഗര്‍ഭിണികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത്...
Monday, April 29, 2024 5:24 PM IST
നമ്മുടെ പച്ചക്കറി ലിസ്റ്റില്‍ ബീന്‍സ്(ഗ്രീന്‍ ബീന്‍സ്) ഒരു സ്ഥിരം സാന്നിധ്യമാണോ...? അല്ലെങ്കില്‍ ഉടന്‍തന്നെ ബീന്‍സിന് നമ്മുടെ അടുക്കളയിലും തീന്മേശയിലും സ്ഥാനം നല്കേണ്ടിയിരിക്കുന്നു.
കാരണം, ഗര്‍ഭിണികള്‍ മുതല്‍ പ്രമേഹരോഗികള്വരെ അറിഞ്ഞിരിക്കേണ്ട നിരവധി ഗുണങ്ങള്‍ ഉള്ള പച്ചക്കറിയാണ് ബീന്‍സ്. നിരവധി പോഷകങ്ങളുടെ ഉറവിടമായ ഗ്രീന്‍ ബീന്‍സ് ആരോഗ്യ ഗുണങ്ങള്‍ ഏറെ നല്കുന്നു.
പച്ച ബീന്സിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളില്‍ ചിലതിനെ കുറിച്ച്...
പോഷകസമൃദ്ധം
നിരവധി പോഷകങ്ങളുടെ സംഗമവേദിയാണ് പച്ച ബീന്‍സ് എന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം, വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം എന്നിങ്ങനെ വിറ്റാമിനുകളും ധാതുക്കളും പച്ച ബീന്‍സില്‍ അടങ്ങിയിരിക്കുന്നു.
ഈ പോഷകങ്ങള്‍ ശരീരത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായ പങ്ക് വഹിക്കുകയും ചെയ്യുന്നു.
ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന ഫ്ലേവനോയ്ഡുകളും കരോട്ടിനോയ്ഡുകളും ഗ്രീന്‍ ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മര്‍ദവും വീക്കവും കുറയ്ക്കാന്‍ സഹായിക്കും.
ഹൃദയാരോഗ്യം, എല്ലുകളുടെ കരുത്ത്
ഹൃദയത്തിന്റെ ആരോഗ്യത്തിനും എല്ലുകളുടെ കരുത്തിനും ഈ പച്ചക്കറി സഹായകമാണ്. ഗ്രീന്‍ ബീന്‍സിലെ നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയുടെ അളവ് രക്തസമ്മര്‍ദം നിയന്ത്രിക്കും.
അതുപോലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും സഹായിക്കും.
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ കെ, മാംഗനീസ് എന്നിവയും പച്ച ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ഓസ്റ്റിയോപൊറോസിസ് രോഗത്തിന്റെ സാധ്യത കുറയ്ക്കും.
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ദഹനം
ഗ്രീന്‍ ബീന്‍സിലെ നാരുകളുടെ അളവ് ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രമേഹമുള്ള വ്യക്തികള്‍ക്ക് ഇത് ഗുണകരമാണ്.
മാത്രമല്ല, പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ദഹന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനും മലബന്ധം തടയുന്നതിനും ബീന്‍സ് സഹായകമാണ്.
കുടല് ബാക്ടീരിയകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കും, ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് ഉത്തമമാണ്.
ശരീരഭാര നിയന്ത്രണം, കണ്ണിന്റെ ആരോഗ്യം
കലോറി കുറവും നാരുകള്‍ കൂടുതലുള്ളതുമായ പച്ചക്കറിയാണ് ബീന്‍സ്. കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
അതുപോലെ കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍ എന്നിങ്ങനെയുള്ള കരോട്ടിനോയിഡുകള്‍ ഗ്രീന്‍ ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. നേത്രരോഗങ്ങളില്നിന്ന് സംരക്ഷിക്കാന്‍ ഈ സംയുക്തങ്ങള്‍ സഹായിക്കും.
പച്ച ബീന്‍സിലെ വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ധിക്കാനും ഇത് സഹായകമാണ്.
ഗര്‍ഭണികള്‍ക്ക് ഗുണകരം
ഗര്‍ഭിണികള്‍ക്ക് നിര്‍ണായകമായ ഒരു പോഷകമാണ് ഫോളേറ്റ്. പച്ച ബീന്‍സില്‍ ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ ധാരാളം ഫോളേറ്റ് കഴിക്കുന്നത് ന്യൂറല്‍ ട്യൂബ് വൈകല്യങ്ങള്‍ തടയും.
അതുപോലെ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വികാസത്തെ സഹായിക്കാനും ഇതിനു സാധിക്കും. എന്നിരുന്നാലും ഡോക്ടറുടെ നിര്‍ദേശം എല്ലാ കാര്യങ്ങളിലും സ്വീകരിക്കുന്നത് ഉത്തമമാണ്.
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് ഡോക്ടര്‍മാരുമായും ന്യൂട്രീഷന്മാരുമായും ചര്‍ച്ചചെയ്യുന്നത് ഗുണകരമാണെന്നത് പ്രത്യേകം ഓര്‍ക്കുക...